കണ്ണൂർ: ആഗോള വിനോദ സഞ്ചാര ഭൂപടത്തിൽ ഇടംപിടിക്കാനൊരുങ്ങി മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്. തീരത്തിെൻറ സൗന്ദര്യവും സൗകര്യവും വർധിപ്പിക്കാനായി കെ.ടി.ഡി.സിയുടെ ഫൈവ് സ്റ്റാർ റിസോർട്ട് ബീച്ചിൽ ഉയരും. തിരുവനന്തപുരത്തും കോവളത്തും മൂന്നാറിലുമുള്ള ഹോട്ടലുകൾക്കൊപ്പം കിടപിടിക്കുന്ന തരത്തിലുള്ള റിസോർട്ടായിരിക്കും മുഴപ്പിലങ്ങാട് ഒരുങ്ങുക. വടക്കൻ മലബാറിലെ ടൂറിസം മേഖലക്ക് വലിയ ഉണർവാകുന്ന തരത്തിലാണ് പദ്ധതി. കെ.ടി.ഡി.സിയുടെ ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും ബ്രാൻഡ് വിദേശ വിനോദ സഞ്ചാരികൾക്കിടയിൽ വലിയ പ്രചാരമുള്ളതാണ്. ബീച്ചിന് സമീപം പ്രീമിയം റിസോർട്ടിന് കെ.ടി.ഡി.സിക്ക് സർക്കാർ അനുമതി നൽകിയതോടെ വിദേശ സഞ്ചാരികളുടെ പ്രിയ താവളമായി ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് മാറും.
39 കോടി രൂപ ചെലവിൽ 3.9 ഏക്കറുകളിലാണ് റിസോർട്ട് ഒരുങ്ങുക. എട്ട് സ്യൂട്ടുകൾ ഉൾപ്പെടെ 40 മുറികൾ, നീന്തൽകുളം, സ്പാ, റസ്റ്റാറൻറ് എന്നീ സൗകര്യങ്ങളാണ് ആദ്യഘട്ടത്തിൽ ഒരുക്കുക. 18 മാസത്തിനുള്ളിൽ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കാനാണ് തീരുമാനം. പദ്ധതി പ്രദേശത്തോടു ചേർന്നുകിടക്കുന്ന 2.5 ഏക്കർ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. മുഴപ്പിലങ്ങാടിനെ ബീച്ച് ടൂറിസം, അഡ്വഞ്ചർ ടൂറിസം ഡെസ്റ്റിനേഷനുകളായി മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ഒക്ടോബർ 30ന് മുഖ്യമന്ത്രി പിണറായി വിജയൻ റിസോർട്ടിെൻറ ശിലാസ്ഥാപനം നടത്തും. മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷതവഹിക്കും.
മുഴപ്പിലങ്ങാട് ബീച്ചിെൻറ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതി നടപ്പാക്കാനുള്ള പ്രാരംഭ നടപടി പുരോഗമിക്കുകയാണ്. പരിസ്ഥിതിയാഘാത പഠനം ഉടൻ തുടങ്ങും. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപറേഷൻ (കെ.ഐ.ഐ.ഡി.സി) നേതൃത്വത്തിൽ നടക്കുന്ന പ്രവൃത്തി അടുത്ത വർഷമാദ്യം തുടങ്ങുമെന്നാണ് പ്രതീക്ഷ. പാർക്കുകൾ, റസ്റ്റാറൻറുകൾ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുക.
നിലവിൽ ബീച്ചിലെത്തുന്ന സഞ്ചാരികൾക്കെല്ലാം അസൗകര്യങ്ങളുടെ കഥ മാത്രമേ പറയാനുള്ളൂ. തീരം സന്ദർശിക്കാൻ ദിവസേനയെത്തുന്ന ആയിരങ്ങളെ അടിസ്ഥാന സൗകര്യക്കുറവുകളുടെ ഘോഷയാത്രയാണ് വരവേൽക്കുന്നത്. ദിവസേന രണ്ടായിരത്തോളവും അവധി ദിവസങ്ങളിൽ ഇരട്ടിയും സന്ദർശകരാണ് ബീച്ചിൽ എത്തുന്നത്. കോടികൾ ചെലവഴിച്ച് നിർമിച്ച പടവുകളും നിലത്തുവിരിച്ച ഇൻറർലോക്ക് കട്ടകളും വിശ്രമകേന്ദ്രങ്ങളുമെല്ലാം നശിച്ചു. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ ശൗചാലയങ്ങൾ പോലും ബീച്ചിലില്ല.
നേരത്തേ പ്രഖ്യാപിച്ച പല പദ്ധതികളും ഫയലിൽ ഉറങ്ങുന്നതിനാൽ ബീച്ച് അസൗകര്യങ്ങളുടെ തീരത്താണ് ഇപ്പോഴും. വാക്വേ, ധർമടം തുരുത്തിലേക്ക് റോപ്വേ അടക്കമുള്ള പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ ബീച്ചിെൻറ മുഖം മാറുമെന്നുറപ്പാണ്. നാലര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ബീച്ചിൽ ആവശ്യത്തിന് ലൈഫ് ഗാർഡുമാരില്ലാത്തത് വെല്ലുവിളിയാണ്. ബീച്ചിൽ അഞ്ച് ലൈഫ് ഗാർഡുമാരും പാർക്കിലും മറ്റും ശുചീകരണത്തിനായി 15 ബീച്ച് ഹോസ്റ്റേഴ്സുമാണുള്ളത്. കണ്ണൂർ സിറ്റി പൊലീസിനാണ് സുരക്ഷാചുമതല. നഗരത്തിലും മറ്റും പ്രധാന പരിപാടികൾ നടക്കുേമ്പാഴും സ്റ്റേഷനിൽ ആളില്ലാതാകുേമ്പാഴും പൊലീസിെൻറ സേവനവും ഇല്ലാതാവും. അധികൃതരുടെ കണ്ണുവെട്ടിച്ച് ഡ്രൈവിങ് പരിശീലനവും വാഹനാഭ്യാസവും നടക്കുന്നതിനാൽ പൊലീസ് സുരക്ഷ വർധിപ്പിക്കണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.