മുഴപ്പിലങ്ങാട്: ദേശീയപാത പുതിയ ആറുവരിപ്പാത കടന്നു പോകുന്ന കണ്ണൂർ- തലശ്ശേരി റോഡിൽ മുഴപ്പിലങ്ങാട് എഫ്.സി.ഐക്ക് മുൻവശത്തെ അടിപ്പാതയുടെ നിർമാണം പുരോഗമിക്കുന്നു. ഞായറാഴ്ചയോടെ പകുതി ഭാഗം സ്ലാബിന്റെ കോൺക്രീറ്റ് പണി പൂർത്തിയായി. അനുബന്ധ സർവിസ് റോഡിന്റെ ടാറിങ്ങും നടന്നുകൊണ്ടിരിക്കുകയാണ്.
വലിയ വാഹനങ്ങൾക്കും കാൽനടയാത്രികർക്ക് നടന്നു പോകുവാനുള്ള നടപ്പാത ഉൾപ്പെടെ സൗകര്യത്തിൽ 12 മീറ്റർ വീതിയിലും 4.5 മീറ്റർ ഉയരത്തിലുമാണ് ഇവിടെ അടിപ്പാത നിർമിക്കുന്നത്. ഇതോടെ എടക്കാട് മുതൽ മുഴപ്പിലങ്ങാട് അതിർത്തി വരെയുള്ള അഞ്ചു കിലോമീറ്റർ ചുറ്റളവിൽ അഞ്ച് അടിപ്പാതകളാണ് പൂർത്തിയാവുന്നത്. യൂത്തിനടുത്തുള്ളതാണ് ആദ്യം പൂർത്തിയായ അടിപ്പാത.
പിന്നീട് റെയിൽവേ സ്റ്റേഷനടുത്തുള്ളത് ഏതാണ്ട് കഴിഞ്ഞുവരികയാണ്. ഇപ്പോൾ പണി പുരോഗമിക്കുന്ന എടക്കാട്, കുളം ബസാർ അടിപ്പാതകൾ ശക്തമായ ജനകീയ സമരങ്ങൾക്കൊടുവിൽ നേടിയെടുത്തതാണ്. പുതിയ ദേശീയ പാത വികസനത്തിൽ നാട് വിഭജിക്കാതിരിക്കാനും ഗ്രാമീണ ജനതയുടെ ബന്ധങ്ങൾ പഴയ പോലെ നിലനിർത്താനും അടിപ്പാത വന്നതോടെ നാട്ടുകാർ ആശ്വാസത്തിലാണ്. അതിനിടെ മുഴപ്പിലങ്ങാട് മഠത്തിനും ഒ.കെ.യു.പി സ്കൂളിനടുത്തും അടിപ്പാത വേണമെന്ന ആവശ്യത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ സമരം നടന്നുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.