മുഴപ്പിലങ്ങാട്: ദേശീയപാത 66 കടന്നുപോകുന്ന മുഴപ്പിലങ്ങാട് കുളം ബസാറിൽ അടിപ്പാത അനുവദിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ചൊവ്വാഴ്ച വൈകീട്ടോടെയാണ് അടിപ്പാത അനുവദിച്ച വിവരം കിട്ടിയതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. അഞ്ച് മീറ്റർ വീതിയിലും രണ്ടര മീറ്റർ ഉയരത്തിലുമാണ് അടിപ്പാതയുടെ നിർമാണം നടക്കുകയെന്നും ഭാരവാഹികൾ പറഞ്ഞു. വിവരം പുറത്തുവന്നതോടെ മുഖ്യമന്ത്രിക്ക് അഭിവാദ്യം അർപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാപക പോസ്റ്റർ പ്രചാരണം നടക്കുകയാണ്.
നിലവിൽ ദേശീയപാതയുടെ പണി പൂർത്തിയായാൽ പഞ്ചായത്തിന്റെ ഹൃദയ ഭാഗമായ കുളം ബസാറിൽ നിന്നും ഇരുവശവും ജനങ്ങൾക്ക് ബന്ധപ്പെടാനുള്ള മാർഗം ഇല്ലാതാവും. ഈ അവസ്ഥ മുന്നിൽ കണ്ട് സമരങ്ങൾ നടന്നതിനെ തുടർന്ന് ഈ ഭാഗത്തെ നിർമാണ പ്രവർത്തനം അഞ്ച് മാസമായി നിർത്തിവെച്ചിരിക്കുകയാണ്.
എഫ്.സി.ഐ ഗോഡൗണിന് സമീപത്ത് അടിപ്പാതയുടെ നിർമാണം നടക്കാനിരിക്കെ കുളം ബസാറിലും അടിപ്പാത അനുവദിക്കപ്പെട്ട വിവരം നാട്ടുകാരെയും വ്യാപാരികളെയും ഒരുപോലെ ആഹ്ലാദത്തിലാക്കിയിരിക്കുകയാണ്.
അടിപ്പാതക്കു വേണ്ടി ആക്ഷൻ കമ്മിറ്റിയും വ്യാപാരി വ്യവസായി സമിതിയും ദേശീയപാത അതോറിറ്റിക്കും മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിവേദനം നൽകുകയും ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. നീണ്ട പോരാട്ടങ്ങൾക്കൊടുവിലാണ് എടക്കാട്ടെ അടിപ്പാത യാഥാർഥ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.