മുഴപ്പിലങ്ങാട് (കണ്ണൂർ): മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറാം വാർഡ് തെക്കേകുന്നുമ്പ്രത്ത് പരസ്യ പ്രചാരണം അവസാനിച്ചു. വാശിയേറിയ പ്രചാരണമാണ് ഇരു മുന്നണികളും നടത്തിയത്. സ്ഥാനാർഥികളെ ആനയിച്ചുകൊണ്ട് നടത്തിയ ശക്തി പ്രകടനവും തുടർന്ന് നടന്ന പൊതുയോഗത്തോടെയുമായിരുന്നു യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും പ്രചാരണ സമാപനം.
ഇരുമുന്നണികളുടേയും സംസ്ഥാന നേതാക്കൾ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിരുന്നു. എൽ.ഡി.എഫിന്റെ പ്രചാരണ സമാപനം ഉദ്ഘാടനം ചെയ്തത് കെ.പി.സി.സി മുൻ സെക്രട്ടറി കെ.പി. അനിൽകുമാറാണ്. 43 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിൽ പ്രവർത്തിക്കാൻ ഇടയാക്കിയ സാഹചര്യം അദ്ദേഹം വിശദീകരിച്ചു. ഇന്നത്തെ കോൺഗ്രസ് സംഘ്പരിവാറിന്റെ ബി ടീം ആണെന്നും തട്ടിപ്പുകാരന്റെ കൂട്ടുകാരനാണ് കേരളത്തിൽ കോൺഗ്രസിനെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി മത്സര രംഗത്തുണ്ടെങ്കിലും വലിയ തോതിലുള്ള പ്രചാരണം പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 91 വോട്ട് ഭൂരിപക്ഷം നേടിയ വാർഡിൽ ബി.ജെ.പി 135 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
പി.പി. ബിന്ദുവാണ് യു.ഡി.എഫ് സ്ഥാനാർഥി. എൽ.ഡി.എഫിനായി മത്സരിക്കുന്നത് രമണി ടീച്ചറാണ്. സി. രൂപ ബി.ജെ.പിക്ക് വേണ്ടിയും ജനവിധി തേടുന്നു.
സഹകരണ ബാങ്കിൽ വ്യാജ ഒപ്പിട്ടുവെന്ന വിവാദത്തെ തുടർന്ന് ആറാം വാർഡ് മെമ്പർ രാജമണി രാജിവെച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 1048 വോട്ടർമാരുള്ള വാർഡിലെ ജനവിധി എൽ.ഡി.എഫിന് അധികാരം നിലനിർത്താനാണെങ്കിൽ, വിധി മറിച്ചാണെങ്കിൽ അത് പഞ്ചായത്തിലെ ഭരണമാറ്റത്തിന് മാത്രമല്ല, മുഖ്യമന്ത്രിയുടെ മണ്ഡലം എന്ന നിലക്ക് സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടും.
ആകെ 15 സീറ്റുകളാണ് പഞ്ചായത്തിലുള്ളത്. എൽ.ഡി.എഫ് 5, യു.ഡി.എഫ് 5, എസ്.ഡി.പി.ഐ 4 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.