മുഴപ്പിലങ്ങാട്: ദേശീയപാത വികസനം നടക്കുന്നതിനിടെ അടിപ്പാതക്കായി മഠം നിവാസികൾ നടത്തുന്ന സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കിയതിൽ പ്രതിഷേധിച്ചതിന് സ്ത്രീകളടക്കം എട്ടുപേർ അറസ്റ്റിൽ. അറസ്റ്റിനിടെ പൊലീസ് നടത്തിയ ബലപ്രയോഗത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. മുഴപ്പിലങ്ങാട് സ്വദേശികളായ അജിത, പുഷ്പ, സൗമ്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഞ്ചായത്ത് എട്ടാം വാർഡ് മെംബർ ഷാനു ഉൾപ്പെടെ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ പൊലീസ് സ്റ്റേഷനിലും പ്രതിഷേധിച്ചു. ഇവരെ ഉച്ചയോടെ വിട്ടയച്ചു. സംഘർഷ സാഹചര്യത്തിൽ പൊലീസ് സംരക്ഷണത്തോടെ റോഡ് നിർമാണം പുനരാരംഭിച്ചു. അപ്രതീക്ഷിത പൊലീസ് നടപടിയിൽ ചിതറിയ പ്രതിഷേധക്കാർ വീണ്ടും സംഘടിച്ചെങ്കിലും നിർമാണം തടസ്സപ്പെടുത്താതെ പ്രതിഷേധിക്കാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് റോഡ് നിർമാണം നടക്കുന്ന സ്ഥലത്തുനിന്ന് മാറി പഴയ ദേശീയപാതക്കരികിൽ വീണ്ടും സമരപ്പന്തൽ കെട്ടിയാണ് തുടർ പ്രതിഷേധം നടന്നത്.
നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66ൽ മുഴപ്പിലങ്ങാട് ശ്രീനാരായണ മoത്തിന് നടപ്പാതയെങ്കിലും അനുവദിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മൂന്നു ദിവസമായി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ അണിനിരത്തി ബഹുജന കൂട്ടായ്മയുടെ നേതൃത്വത്തിൽ, നിർമാണം നടക്കുന്ന റോഡിൽ പന്തൽകെട്ടി സമരം നടത്തുകയായിരുന്നു. തുടർന്ന് ഈ ഭാഗത്ത് താൽക്കാലികമായി നിർമാണം നിർത്തിവെച്ചിരിക്കവേയാണ് പൊലീസ് നടപടി ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.