മുഴപ്പിലങ്ങാട് സർവ്വീസ് റോഡിൽ ചരക്ക് ലോറി കുടുങ്ങി; കണ്ണൂർ - തലശ്ശേരി ദേശീയപാതയിൽ ഗതാഗത കുരുക്ക്​

മുഴപ്പിലങ്ങാട്: കണ്ണൂർ - തലശ്ശേരി ദേശീയപാതയിൽ മാഹി ബൈപ്പാസ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മുഴപ്പിലങ്ങാട് സർവ്വീസ് റോഡിൽ ചരക്ക് ലോറി കുടുങ്ങി. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ്​ ലോറി കുടുങ്ങിയത്​. ഇതോടെ ഇവിടെ ഗതാഗതം സ്​തംഭിച്ചു. 

മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട സർവ്വീസ് റോഡിലെ ഗതാഗതക്കുരുക്ക് നിയന്ത്രണ വിധേയമാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശപ്രകാരം കഴിഞ്ഞ മാസം 18 ന് വിളിച്ചുചേർത്ത യോഗത്തിലെടുത്ത തീരുമാനം ഇതു വരെ നടപ്പാക്കിയിട്ടില്ല.

മുഴപ്പിലങ്ങാട് എൽ പി സ്കൂളിൽ ഇക്കഴിഞ്ഞ മാസം 18 ന് മണ്ഡലം പ്രതിനിധി പി ബാലൻ്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോസ്ഥരും ഹാജരായ യോഗത്തിൽ ദീർഘദൂര ചരക്ക് ലോറികളെ മുഴുവനും മറ്റുവഴികളിലൂടെ തിരിച്ചുവിട്ട്​ ഗതാഗതക്കുരുക്ക് പരിഹരിക്കുമെന്ന്​ തീരുമാനം എടുത്തിരുന്നു. എന്നാൽ ഈ തീരുമാനം കടലാസിൽ ഒതുങ്ങി.

മുഴപ്പിലങ്ങാട് യൂത്തിനും, മഠത്തിനുമിടയിലാണ് കഴിഞ്ഞ ഒരു വർഷത്തോളമായി ഗതാഗതക്കുരുക്ക് രൂക്ഷമായത്. ഇത് നിരന്തരം വാർത്തയായതോടെ പ്രാദേശിക സി.പി.എം നേതൃത്വം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയും മുഖ്യമന്ത്രി തന്നെ പരിഹാരത്തിന് യോഗം വിളിക്കാൻ നിർദേശിക്കുകയായിരുന്നു.

തുടർന്നു നടന്ന യോഗത്തിൽ, ഗതാഗതക്രമീകരണം ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി കണ്ണൂരിൽ നിന്നും വരുന്ന ചരക്ക് വാഹനങ്ങൾ ചാലയിൽ നിന്ന് വഴിതിരിച്ച് കാടാച്ചിറ - മമ്മാക്കുന്ന്- വഴിയും തലശ്ശേരിയിൽ നിന്നും വരുന്ന ചരക്ക് ലോറികൾ മീത്തലെ പീടിക വഴി പോകാനും തീരുമാനമായിരുന്നു.

ഇവിടെ ഒരു വാഹനം നിന്നുപോയാൽ നിശ്ചലമാവുന്നത് ദേശീയ പാതയാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - traffic block at muzuppliangad service road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.