കണ്ണൂർ: ഒരു മനുഷ്യന്റെയും കണ്ണീര് വീഴ്ത്തി ഒരിഞ്ചു സ്ഥലംപോലും ഏറ്റെടുക്കില്ലെന്നും സിൽവർലൈൻ ഡി.പി.ആറിൽ പ്രായോഗികമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി എം.വി. ഗോവിന്ദൻ. സിൽവർലൈൻ കേരള സമൂഹത്തിന്റെ വളർച്ചക്ക് ആവശ്യമാണ്. പദ്ധതിക്കായി വീട് നഷ്ടപ്പെടുത്തി ആത്മത്യാഗം ചെയ്യുന്നവർക്ക് ഇന്നുള്ളതിനേക്കാൾ മെച്ചപ്പെട്ട ജീവിത നിലവാരം ഒരുക്കും എന്നത് സർക്കാർ നൽകുന്ന ഗാരന്റിയാണ്. അവർക്ക് സമ്പൂർണ സന്തോഷം ഉറപ്പാക്കാതെ സർക്കാർ പദ്ധതി നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു.
ദേശീയ പാതയിൽനിന്ന് കണ്ണൂർ സ്‌പെഷൽ സബ് ജയിൽ വനിത ജയിൽ എന്നിവയിലേക്കുള്ള റോഡ്, ജയിൽ സന്ദർശകർക്കുള്ള നവീകരിച്ച കാത്തിരിപ്പ് കേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും കണ്ണൂർ സ്‌പെഷൽ സബ് ജയിലിന് ക്ലീൻ കേരള കമ്പനി നിർമിച്ചു നൽകുന്ന മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി കേന്ദ്രത്തിന്റെ ശിലാസ്ഥാപന കർമവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിദരിദ്രരില്ലാത്ത കേരളമാണ് സർക്കാറിന്റെ ലക്ഷ്യം. സൂക്ഷ്മാംശത്തിൽ ഓരോരുത്തരേയും കൃത്യമായി മനസ്സിലാക്കി പൊതുസമൂഹത്തിന്റെ ഭാഗമാക്കുക എന്ന പ്രക്രിയക്ക് സർക്കാർ ആസൂത്രണം ചെയ്ത പരിപാടി ഏപ്രിൽ മാസത്തോടെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി 'ജയിലുകളുടെ നവീകരണം' പദ്ധതി പ്രകാരം 61 ലക്ഷം രൂപ ചെലവിലാണ് റോഡ് ടാറിങ് പ്രവൃത്തി പൂർത്തീകരിച്ചത്. പരിപാടിയോടനുബന്ധിച്ച് 33 വർഷത്തെ സേവനത്തിനുശേഷം സർവിസിൽ നിന്നും വിരമിക്കുന്ന കണ്ണൂർ സ്‌പെഷൽ സബ് ജയിൽ സൂപ്രണ്ട് ടി.കെ. ജനാർദനന് യാത്രയയപ്പും നൽകി. കെ.വി. സുമേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ടി. പത്മനാഭൻ മുഖ്യാതിഥിയായി.
ഉത്തര മേഖല ജയിൽ ഡി.ഐ.ജി എം.കെ. വിനോദ് കുമാർ, കണ്ണൂർ സ്‌പെഷൽ സബ് ജയിൽ സൂപ്രണ്ട് ടി.കെ. ജനാർദനൻ, പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയർ കെ. ജിഷാ കുമാരി, ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, ക്ലീൻ കേരള അസി. മാനേജർ ആശംസ്, കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വി. ജയകുമാർ, കോഴിക്കോട് റീജനൽ വെൽഫെയർ ഓഫിസർ കെ.വി. മുകേഷ്, പറവൂർ കുരുമുളക് ഗവേഷണ കേന്ദ്രം പ്രഫ. ഡോ. യാമിനി വർമ, കണ്ണൂർ ജില്ല ജയിൽ സൂപ്രണ്ട് കെ. വിനോദൻ, വനിത ജയിൽ സൂപ്രണ്ട് ഒ.വി. വല്ലി, തലശ്ശേരി സ്‌പെഷൽ സബ് ജയിൽ സൂപ്രണ്ട് കെ.കെ. റിനിൽ, കണ്ണൂർ സബ് ജയിൽ സൂപ്രണ്ട് ഐ.വി. ഒതേനൻ, പുരോഗമന കലാ സാഹിത്യ സംഘം ജില്ല സെക്രട്ടറി നാരായണൻ കാവുമ്പായി, കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ, കെ.ജെ.ഇ.ഒ.എ സംസ്ഥാന സെക്രട്ടറി പി.ടി. സന്തോഷ്, കെ.ജെ.ഇ.ഒ.എ സംസ്ഥാന പ്രസിഡന്‍റ് സി.പി. റിനീഷ്, കണ്ണൂർ സ്‌പെഷൽ സബ് ജയിൽ വെൽഫെയർ ഓഫിസർ ടി.പി. സൂര്യ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.