കണ്ണൂർ: നാല്പാടി വാസു വധക്കേസില്‍ കെ. സുധാകരന് പ്രതിയായത് കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്ക് കാരണമെന്ന് കേസിലെ ആറാം പ്രതിയായിരുന്ന വി.പി. ദാസെൻറ വെളിപ്പെടുത്തല്‍. മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ട കേസില്‍ ഇനി പുനരന്വേഷണത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. നാല്പാടി വാസു വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരന് നാൽപാടി രാജന് രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്ന ആലക്കോട് പെരിങ്ങാല സ്വദേശി വി.പി. ദാസന് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
സംഭവം നടന്ന് മൂന്നു ദിവസംവരെ സി.പി.എം നേതൃത്വം സുധാകരനെ കുറ്റക്കാരനായി ചിത്രീകരിച്ചിട്ടില്ലെന്ന് ദാസൻ പറഞ്ഞു. എന്നാല്‍, അന്ന് കോണ്‍ഗ്രസിലുണ്ടായിരുന്ന ശക്തമായ ഗ്രൂപ്പുവഴക്കിെൻറ ഭാഗമായി തങ്ങളെല്ലാം പ്രതിചേര്‍ക്കപ്പെടുകയായിരുന്നു.
സുധാകരനെ ഒതുക്കാന്‍ കിട്ടിയ അവസരം ഗ്രൂപ് നേതാക്കള്‍ ഈ കേസിൽ പ്രയോജനപ്പെടുത്തി എന്നതാണ് സത്യം. ജാഥയെ ആക്രമിച്ച കേസില്‍ പ്രതിയാകാതിരിക്കാന്‍ സി.പി.എം പ്രവര്‍ത്തകരായ നാലോത്ത് സദാനന്ദന് ഉള്‍പ്പെടെ 11 പേര് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ഇവരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. അന്നത്തെ കണ്ണൂര്‍ എസ്.പി അവധിയിലായതിനാൽ കാസർകോട് എസ്.പിയായിരുന്ന ശേഖര്‍ മിനിയോടനായിരുന്നു അദ്യഘട്ടത്തിൽ കേസന്വേഷണത്തിെൻറ ചുമതല. കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് കാസർകോട് എസ്.പിയെ ഉപയോഗിച്ച് ആദ്യത്തെ എഫ്.ഐ.ആര് തിരുത്തി സി.പി.എം പ്രവര്‍ത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുധാകരനെ പ്രതിചേര്‍ത്ത് കേസെടുപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് താനുള്‍പ്പെടെ 13 പേരെ അറസ്റ്റ് ചെയ്തത്. 35 ദിവസത്തോളം റിമാൻഡില്‍ കഴിഞ്ഞു. മറ്റു ക്രിമിനല്‍ കേസുകളില്‍നിന്ന് വ്യത്യസ്തമായി കുറ്റം സമ്മതിച്ചുകൊണ്ടാണ് എല്ലാ പ്രതികളും വിചാരണ നേരിട്ടത്.
സുധാകരെൻറ ജീവന് അപകടത്തില്‍പെടുമെന്ന ഘട്ടത്തില്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ ചുമതലപ്പെട്ടയാളെന്ന നിലയിലാണ് ഗണ്മാന് വെടിവെച്ചതെന്ന വാദം കോടതി അംഗീകരിക്കുകയും എല്ലാവരെയും കുറ്റമുക്തരാക്കുകയും ചെയ്യുകയായിരുന്നു. നിരപരാധികളായിരുന്നിട്ടും കേസിലുള്‍പ്പെട്ട ഒരാളെയും കോണ്‍ഗ്രസ് പാര്‍ട്ടി സംരക്ഷിക്കാന്‍ തയാറായില്ല. ഏറെക്കാലം സുധാകരെൻറ അടുത്ത അനുയായിയായിരുന്ന ദാസന് പിന്നീട് കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചു. ബി.ഡി.ജെ.എസ് രൂപവത്കരിച്ചപ്പോള്‍ കണ്ണൂര്‍ ജില്ല സെക്രട്ടറിയായി. ഇപ്പോള്‍ ബി.ഡി.ജെ.എസ് സുഭാഷ് വാസു വിഭാഗത്തിെൻറ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ജാഥക്കെതിരെയുള്ള ആക്രമികളുടെ സംഘത്തിൽ നാൽപാടി വാസുവുണ്ടായിരുന്നുവെന്നും ദാസൻ പറഞ്ഞു.
ജാഥക്ക് നേരെയുള്ള അക്രമത്തിനിടെ നാല്പാടി വാസു കല്ലെടുത്ത് സുധാകരെൻറ കാറിന് നേരെ എറിഞ്ഞു. ആദ്യത്തെ ഏറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ലോനപ്പന് താഴെ വീണു. രണ്ടാമത്തെ ഏറ് സുധാകരെൻറ കാറിെൻറ ഗ്ലാസില്‍ പതിക്കുകയും ഗ്ലാസ് തകരുകയും ചെയ്തു. അപ്പോഴാണ് ഗണ്മാന് വെടിയുതിര്‍ത്തതെന്നും ദാസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.