കണ്ണൂർ: ജില്ലയിൽ നിലവിൽ 890 ആളുകളാണ് ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം മന്ത് രോഗബാധിതർ. അതിൽ 290 രോഗികൾ കണ്ണൂർ കോർപറേഷൻ പരിധിയിലാണുള്ളത്. ദേശീയ മന്ത് രോഗ ദിനാചരണത്തിന്റെ ഭാഗമായുള്ള കണക്കുകളിലാണ് ജില്ലയിൽ ഇപ്പോഴും മന്തുരോഗം നിയന്ത്രണ വിധേയമല്ലെന്ന കണ്ടെത്തുലുള്ളത്.
ദേശീയ മന്തുരോഗ ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനവും ബോധവത്കരണ പരിപാടിയും മരക്കാർ കണ്ടി ചന്ദ്രശേഖർ ഓഡിറ്റോറിയത്തിൽ മേയർ മുസ് ലിഹ് മഠത്തിൽ നിർവഹിച്ചു. കോർപറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷ് അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ വാർഡ് കൗൺസിലർ സയ്യിദ് സിയാൽ തങ്ങൾ, വാർഡ് മെംബർ ആസിയ, ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ.സി. സച്ചിൻ, ജില്ല സർവയിലൻസ് ഓഫിസർ ഡോ. അനീറ്റ കെ. ജോസി, മാസ് മീഡിയ ഓഫിസർമാരായ എസ്.എസ്. ആർദ്ര, ടി. സുധീഷ്, എൻ.എച്ച്.എം ജൂനിയർ കൺസൾട്ടന്റ് ബിൻസി രവീന്ദ്രൻ, ജില്ല ബയോളജിസ്റ്റ് സി.പി. രമേശൻ എന്നിവർ സംസാരിച്ചു. മന്തുരോഗ വ്യാപനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് വെക്ടർ കലക്ടർ യു. പ്രദോഷ് ക്ലാസെടുത്തു.
അവഗണിക്കപ്പെട്ട ഉഷ്ണമേഖലാ രോഗങ്ങളിൽ ഒന്നാണ് മന്തുരോഗം അഥവാ ലിംഫാറ്റിക് ഫൈലേറിയാസിസ്. മന്തുരോഗം മാരകമല്ലെങ്കിലും അംഗവൈകല്യമുണ്ടാക്കുകയും ജീവിതം ദുരിതപൂർണമാക്കുകയും ചെയ്യുന്നു. ഈ രോഗികൾ ശാരീരികമായി വൈകല്യമുള്ളവർ മാത്രമല്ല, മാനസികവും സാമൂഹികവും സാമ്പത്തികവുമായ നഷ്ടങ്ങളും അനുഭവിക്കുന്നു. ഇത് സമൂഹത്തിൽ ഒറ്റപ്പെടാനും ദാരിദ്ര്യത്തിനും കാരണമാകുന്നു.
ഫൈലേറിഡെ കുടുംബത്തിലെ മൂന്നുതരം ഉരുണ്ട വിരകളാണ് മന്തുരോഗത്തിന് കാരണം. വുച്ചറേറിയ ബാൻക്രോഫ്റ്റൈ, ബ്രൂഗിയ മലായി എന്നീ വിരകളാണ് കേരളത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ബാൻക്രോഫ്റ്റിയൻ ഫൈലേറിയാസിസ് ആണ് വ്യാപകമായി കാണപ്പെടുന്നത്.
മലിനജലത്തിൽ മുട്ടയിട്ട് വളരുന്ന ക്യൂലക്സ് ക്വിൻക്വിഫേഷിയാറ്റസ് കൊതുകുകളാണ് ബാൻ ക്രോഫ്റ്റിയൻ ഫൈലേറിയാസിസ് പരത്തുന്നത്. ആഫ്രിക്കൻ പായൽ (പിസ്റ്റിയ), കുളവാഴ തുടങ്ങിയ ജലസസ്യങ്ങളിൽ വളരുന്ന മാൻസോണിയ കൊതുകുകളാണ് ബ്രൂഗിയൻ ഫൈലേറിയാസിസ് പരത്തുന്നത്. കൊതുകുകടി ഒഴിവാക്കുന്നതിലൂടെ രോഗം വരുന്നത് തടയാം. കൊതുകുകളെ അകറ്റുവാനുള്ള മാർഗങ്ങൾ സ്വീകരിക്കുക എന്നതാണ് പ്രതിവിധി.
മന്തുരോഗവിരകൾ മനുഷ്യ ശരീരത്തിലെ ലസികാഗ്രന്ഥികളിലും കുഴലുകളിലും കാണപ്പെടുന്നു. പൂർണവളർച്ചയെത്തിയ വിരകൾ ദിവസേന ആയിരക്കണക്കിനു കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കും. രാത്രിസമയത്ത് മൈക്രോഫൈലേറിയ മനുഷ്യ ശരീരത്തിലെ ഉപരിതല രക്തപ്രവാഹത്തിൽ എത്തിച്ചേരുന്നു. ഇത്തരം ആൾക്കാരെ കൊതുക് കടിക്കുമ്പോൾ കൊതുകിന്റെ ശരീരത്തിലേക്ക് വിരകൾ പ്രവേശിക്കും. ഏഴ് മുതൽ 21 ദിവസം കൊണ്ട് കൊതുക് മറ്റൊരാളിലേക്ക് രോഗം പകർത്താൻ കഴിവുള്ളതാകുന്നു. പൂർണവളർച്ചയെത്തിയ വിരകൾ ലസികാവ്യൂഹത്തിൽ 10-15 വർഷം വരെ ജീവിക്കും. പക്ഷേ വിരകളുടെ പ്രത്യുൽപാദന കാലയളവ് നാല് -ആറ് വർഷമാണ്.
പ്രാരംഭഘട്ടത്തിൽ രോഗ ലക്ഷണങ്ങൾ കാണിക്കില്ല. എന്നാൽ, രോഗാണു ബാധയേറ്റ് വർഷങ്ങൾക്കുശേഷം ലസികാവ്യൂഹത്തിന്റെ പ്രവർത്തനത്തെ തകരാറിലാക്കുകയും കൈകാലുകളിൽ വീക്കമുണ്ടാവുകയും തുടർന്ന് എലഫന്റിയാസിസ് എന്ന ഘട്ടത്തിലെത്തുകയും ചെയ്യുന്നു.
കൂടാതെ സ്തനവീക്കം, വൃഷ്ണവീക്കം (ഹൈഡ്രോസീൽ) എന്നിവക്കും കാരണമാകുന്നു. കുളിര്, വിറയൽ, ശക്തമായ പനി, നീരുള്ളിടത്ത് ചുവന്ന തടിപ്പ് , വേദന, മനംപിരട്ടൽ, ഛർദി തുടങ്ങിയവ കാണപ്പെടുന്നു. വീക്കം ബാധിച്ച ഭാഗത്തെ ചർമത്തിലുണ്ടാകുന്ന ചെറിയ പോറലുകൾ, മുറിവുകൾ, വളംകടി, പൂപ്പൽ മുതലായവയിലൂടെ ശരീരത്തിനകത്ത് കടക്കുന്ന ബാക്ടീരിയകൾ വഴി മന്തുപനി ഉണ്ടാകുന്നു.
രാത്രികാലങ്ങളിൽ ശേഖരിക്കുന്ന രക്ത സാമ്പിളുകൾ മൈക്രോസ്കോപ് പരിശോധന വഴി മൈക്രോഫൈലേറിയയുടെ സാന്നിധ്യം കണ്ടെത്താം. നീർവീക്കം വന്നു കഴിഞ്ഞാൽ രക്തപരിശോധനയിലൂടെയുള്ള രോഗനിർണയം ബുദ്ധിമുട്ടാണ്.
വീക്കം വന്നുകഴിഞ്ഞാൽ പ്രത്യേക ചികിത്സയില്ല, പ്രധാന പ്രതിവിധി രോഗതുരത കുറക്കാൻ വീക്കം വന്ന ഭാഗങ്ങളുടെ ശരിയായ പരിചരണമാണ്. രോഗലക്ഷണങ്ങൾ പുറമെ പ്രകടമാക്കാത്ത മന്തുരോഗത്തിന്റെ പ്രാരംഭഘട്ടത്തിൽ മാത്രമേ രോഗവാഹകരിൽനിന്ന് കൊതുകുകൾ വഴി മറ്റൊരാളിലേക്ക് രോഗം പകരുകയുള്ളൂ. നീർവീക്കം വന്നവരിൽനിന്ന് രോഗം പകരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.