തളിപ്പറമ്പ്: മുന്നൊരുക്കമില്ലാത്ത റോഡ് പണി അപകടക്കെണിയാവുന്നു. ദേശീയപാത ആറുവരിയാക്കുന്നതിനുള്ള പ്രവൃത്തികൾ നടക്കുന്ന തളിപ്പറമ്പ് ചിറവക്ക് - പുളിമ്പറമ്പ് റോഡിലാണ് ചളിനിറഞ്ഞ് അപകടങ്ങൾക്കിടയാക്കുന്നത്. അശാസ്ത്രീയമായി ലോറികളിൽ മണ്ണ് കടത്തുന്നതാണ് റോഡ് ചളിക്കുളമാവാൻ ഇടയാവുന്നത്. വെള്ളിയാഴ്ച നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്.
ചിറവക്ക് ലൂർദ് ആശുപത്രിക്ക് മുന്നിൽനിന്ന് പുളിമ്പറമ്പ് ഭാഗത്തേക്ക് പോകുന്ന പട്ടുവം റോഡിലാണ് ദേശീയപാതയുടെ പ്രവൃത്തികൾ നടക്കുന്നത്. പട്ടുവം റോഡിന് കുറുകെ പുളിമ്പറമ്പിന് സമീപത്തു കൂടിയാണ് ദേശീയപാത കടന്നുപോകുന്നത്. ഇതിനായി അടുത്തു തന്നെ ആഴത്തിൽ കുഴിയെടുക്കുന്നതിനോടനുബന്ധിച്ച് വൻതോതിൽ മണ്ണ് മാറ്റുന്നുണ്ട്. ഈ മണ്ണ് ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്ക് ലോറികളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ നിരവധി ലോറികളാണ് മണ്ണുമായി ഇതുവഴി പോകുന്നത്. ലോറികൾക്ക് മുകളിൽ ടാർപോളിൻ കൊണ്ട് മൂടണമെന്ന് നിയമമുണ്ടെങ്കിലും പാലിക്കാറില്ല. ഇതുമൂലം ലോറികളിൽ നിന്ന് റോഡിലുടനീളം വീഴുന്ന മണ്ണാണ് മഴ വെള്ളത്തിൽ ചെളിയായി മാറുന്നത്. ടാർ കാണാത്ത വിധം ചളി, റോഡ് മുഴുവൻ വ്യാപിച്ചതോടെയാണ് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപെടാൻ കാരണമാകുന്നത്.
നൂറുകണക്കിന് ലോറികൾ ഇത്തരത്തിൽ കടന്നുപോകുന്നതിനാൽ റോഡ് മുഴുവൻ ചെളി നിറഞ്ഞിരിക്കുകയാണ്.
ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കുമാണ് ചളികാരണം കൂടുതൽ ദുരിതം. വെള്ളിയാഴ്ച രാവിലെ 10 ബൈക്കുകളും ജില്ലി കയറ്റി വരികയായിരുന്ന പിക്കപ്പ് വാനും അപകടത്തിൽപ്പെട്ടു. റോഡിൽ നിന്ന് തെന്നിയ വാഹനം സമീപത്തെ വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്. ഓട്ടോറിക്ഷകളും തെന്നി മാറിയെങ്കിലും അപകടത്തിൽപെടാതെ രക്ഷപ്പെടുകയായിരുന്നു.
പട്ടുവം പഞ്ചായത്തിലെയും നഗരസഭയിലെ പുളിമ്പറമ്പ്, കരിപ്പുൽ പ്രദേശങ്ങളിലുള്ളവരേയുമാണ് റോഡ് നിർമാണം ഏറെ ദുരിതത്തിലാക്കുന്നത്.
തളിപ്പറമ്പ് പട്ടണവുമായി ബന്ധപ്പെടാനുള്ള മാർഗ്ഗമാണ് ചളിക്കുളമായത്. തളിപ്പറമ്പിലെത്താനുള്ള മറ്റൊരു വഴിയായ മാന്ധംകുണ്ട് - പാളയാട് റോഡിലും മഴ പെയ്യുന്നതോടെ ചളിക്കുളമാകും.
ഈ റോഡ് വഴി കഴിഞ്ഞ വേനൽകാലത്ത് കീഴാറ്റൂർ വയലിലേക്ക് നിരവധി ലോറികളിലായി മണ്ണെത്തിച്ചതിനാൽ റോഡ് പൂർണ്ണമായും തകർന്നിരിക്കുകയാണ്.
ഈ റോഡ് മഴക്കാലം തുടങ്ങുന്നതിന് മുമ്പ് ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കാമെന്ന ദേശീയ പാത കരാറുകാരുടെ വാക്കും നടപ്പിലായില്ല. അതുമൂലം മാന്ധംകുണ്ട് ഭാഗത്തും അപകട ഭീഷണിയുണ്ട്. ഈ റോഡിലും നിരവധി ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
ബസുകൾ ഉൾപ്പെടെ ദിനംപ്രതി നുറുകണക്കിന് വാഹനങ്ങൾ പോകുന്ന റോഡിൽ അപകടമൊഴിവാക്കാൻ കരാറുകാർ അടിയന്തര സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. ഇല്ലെങ്കിൽ പ്രവൃത്തി തടയുന്നതുൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളുമായി രംഗത്തുവരാൻ ഒരുങ്ങുകയാണ് പുളിമ്പറമ്പ് നിവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.