മുഴപ്പിലങ്ങാട്: ഒരാഴ്ചക്ക് ശേഷം പുനരാരംഭിച്ച ദേശീയപാത നിർമാണ പ്രവൃത്തി വീണ്ടും തടഞ്ഞു. കുളം ബസാറിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ തുടരുന്നതിനിടെ വീണ്ടും നിർമാണ പ്രവൃത്തി തുടങ്ങിയതോടെയാണ് തടഞ്ഞത്.
ഇതോടെ ആക്ഷൻ കമ്മിറ്റി ഭാരവാഹികളും പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന വിശ്വസമുദ്ര കൺസ്ട്രക്ഷൻ കമ്പനിയുടെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും പ്രവൃത്തി തടയുന്നതിൽ നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
കലക്ടറുടെ നിർദേശപ്രകാരം എടക്കാട് പൊലീസ് സ്ഥലത്തെത്തിയെങ്കിലും നാട്ടുകാർ പിൻമാറിയില്ല. പ്രശ്നം രൂക്ഷമായതോടെ ചൊവ്വാഴ്ച രാത്രി ഏഴിന് മുഖ്യ മന്ത്രിയുടെ ഓഫിസിൽനിന്ന് അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേഷ് ഭാസ്കർ അധികൃതരെ ബന്ധപ്പെട്ടതിനെ തുടർന്ന് വരുന്ന പത്ത് ദിവസത്തേക്ക് പ്രദേശത്തെ നിർമാണ പ്രവർത്തനം നിർത്തിവെച്ചതായി അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ്, ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ, നാട്ടുകാർ ഉൾപ്പെടെ നേതൃത്വത്തിലാണ് പ്രവൃത്തി തടഞ്ഞത്. എടക്കാട് പൊലീസും കമ്പനിയുടെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
കുളം ബസാറിലൂടെ 45 മീറ്റർ വീതിയിൽ ഉയരത്തിൽ കടന്നുപോകുന്ന ദേശീയ പാതയുടെ ഇരുവശത്തും താമസിക്കുന്നവരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന രൂപത്തിലാവുന്നതിന് പരിഹാരമായി അടിപ്പാത നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 24ന് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയും തീരുമാനിച്ചതായി സമിതി പ്രസിഡന്റ് ശിവദാസൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.