കല്യാശ്ശേരി: ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി നിലവിലെ റോഡ് കുഴിച്ച് മണ്ണ് നീക്കിയപ്പോൾ പ്രദേശത്തുള്ളവർക്ക് പുറത്തിറങ്ങാൻ വഴിയില്ലാത്ത അവസ്ഥ. കല്യാശ്ശേരി ഹാജിമൊട്ടയിലെ റോഡാണ് കുഴിച്ചു മാറ്റിയത്. നിലവിലെ ദേശീയപാത മൂന്നു മീറ്റര്‍ മുതല്‍ ഏഴു മീറ്റര്‍വരെ താഴ്ത്തിയാണ് പുതിയ റോഡ് നിർമാണം. ഇതോടെ സമീപത്തെ താമസക്കാർ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലായി.
കഴിഞ്ഞദിവസം രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് പുറത്തിറങ്ങാൻ വഴിയില്ലാതായ അവസ്ഥ മനസ്സിലാക്കുന്നത്. ഇരുപതോളം വീട്ടുകാരുടെ പൊതുവഴിയാണ് ഒറ്റ രാത്രികൊണ്ട് അടഞ്ഞത്. ചില വീട്ടുകാരുടെ മുൻവശത്ത് ഏഴു മീറ്ററോളം താഴ്ചയുണ്ട്. ഹാജി മൊട്ടയിലെ കുന്ന് പൂർണമായും കിളച്ചു കോരിയാണ് ദേശീയപാത നവീകരിക്കുന്നത്.
മണ്ണു മാറ്റി സർവിസ് റോഡ് നിർമാണമാണ് നടക്കുന്നത്. ഹാജിമൊട്ടയിൽ പുറത്തിറങ്ങാൻ വഴിമുട്ടിയ പ്രദേശത്തുകാർ കടുത്ത പരാതിയിലാണ്.
പ്രവൃത്തിക്കെതിരെ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ രംഗത്തെത്തി.
ബി.ജെ.പി, കോൺഗ്രസ്, മുസ്ലിംലീഗ് പ്രവർത്തകർ സ്ഥലം സന്ദർശിച്ചു. പ്രശ്നം ജില്ല കലക്ടറെയും ദേശീയപാത അതോറിറ്റി അധികൃതരെയും ബോധിപ്പിച്ച് പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സമരസംഗമം ചേരാന്‍ തീരുമാനിച്ചു. സമരകർമസമിതി ഭാരവാഹികളായി ടി.വി. കുട്ടികൃഷ്ണൻ (ചെയ), കൂനത്തറ മോഹനൻ (കൺ), ടി. ചന്ദ്രൻ (സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.