പാപ്പിനിശേരി: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കീച്ചേരിയിലും പാപ്പിനിശ്ശേരിയിലും അടിപ്പാത നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നു. വയക്കര വയലിലൂടെ വരുന്ന സർവിസ് റോഡ് വഴി അഞ്ചാംപീടിക, കോലത്തുവയൽ, ഇരിണാവ്, അരോളി പ്രദേശത്തുകാർക്കും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ബസുകളും മറ്റു വാഹനങ്ങളും കടന്നുപോകാൻ പാകത്തിലുമാണ് അടിപ്പാതയൊരുങ്ങുന്നത്. കീച്ചേരിയിൽ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ കടുത്ത യാത്രാദുരിതവും വാഹനക്കുരുക്കും പൊടിശല്യവും നേരിടുന്നതായി യാത്രക്കാരും വ്യാപാരികളും പരാതിപ്പെടുന്നു.
കീച്ചേരിയിൽ നിന്നും വേളാപുരം വരെ ഇരുഭാഗത്തുമൊരുക്കിയ സർവിസ് റോഡ് വഴിയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്. സർവിസ് റോഡ് വഴി വേളാപുരത്തെത്തുന്ന വാഹനങ്ങൾ കടന്നുപോകാൻ വേളാപുരത്ത് അടിപ്പാത നിർമിക്കാൻ പ്രാരംഭ നടപടികൾ ആരംഭിച്ചുവെങ്കിലും ഇപ്പോൾ ആ തീരുമാനം മാറ്റിയ സ്ഥിതിയാണ് പ്രദേശത്ത് കണ്ടുവരുന്നത്.
ഇതിന് പകരമായി നിലവിലുള്ള ദേശീയപാതയിൽ നിന്നും പാപ്പിനിശ്ശേരി-തുരുത്തി ബൈപാസിലേക്ക് കടക്കുന്ന കവലയിൽ പുതിയ അടിപ്പാതയും ട്രാഫിക്ക് സർക്കിളും നിർമിക്കാനാണ് സൗകര്യങ്ങളൊരുക്കുന്നത്.
ഇതിന് മുന്നോടിയായി സ്ഥലത്ത് പൈലിങ് പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പാത വികസനത്തിന്റെ ഭാഗമായി കണ്ണൂർ ബൈപാസിലെ വിശദമായ പദ്ധതി രേഖപ്രകാരം വേളാപുരത്ത് ചെറുവാഹനങ്ങൾ കടന്നുപോകാനുള്ള അടിപ്പാത നിർമിക്കാനായിരുന്നു തുടക്കത്തില്‍ നിശ്ചയിച്ചിരുന്നത്. അതിനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു.
എന്നാൽ, പ്രവൃത്തി പുരോഗമിക്കുമ്പോഴാണ് ആദ്യം കണ്ടെത്തിയ സ്ഥലത്ത് നിന്നും 250 മീറ്ററോളം മാറി വലിയ അടിപ്പാതയും ട്രാഫിക് സർക്കിളും നിർമിക്കുന്നതാണ് ഉചിതമെന്ന് അധികൃതർക്ക് ബോധ്യം വന്നത്. അതിനുള്ള ഒരുക്കവും തുടങ്ങി.
തളിപ്പറമ്പ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് സർവിസ് റോഡ് വഴി പുതുതായി പണിയുന്ന അടിപ്പാതയിലൂടെ പാപ്പിനിശ്ശേരി പഞ്ചായത്ത്- വളപട്ടണം വഴി കണ്ണൂരിലേക്ക് പോകാനാവും. കണ്ണൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ അരോളി, മാങ്കടവ്, പറശ്ശിനിക്കടവ് ഭാഗത്തേക്ക് ട്രാഫിക്ക് സർക്കിൾ വഴി വേണം കടന്നുപോകാൻ. എന്നാൽ, ആ സംവിധാനം നടപ്പാകണമെങ്കിൽ നിലവിലുള്ള വേളാപുരം കവലക്കും പുതിയ അടിപ്പാതക്കും ഇടയിലുള്ള സർവിസ് റോഡിലൂടെ ഇരു ഭാഗത്തേക്കും വാഹനങ്ങൾക്ക് കടക്കാനുള്ള സംവിധാനമൊരുക്കേണ്ടി വരും. അല്ലാത്തപക്ഷം ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ച് കീച്ചേരി അടിപ്പാതവഴി സർവിസ് റോഡിൽ കയറി നിലവിലുള്ള അരോളി റോഡിലേക്ക് കയറേണ്ടിവരും. ഇക്കാര്യത്തിൽ ഇനിയും വ്യക്തതയില്ല.
ചരക്ക് വാഹനങ്ങളും ദീർഘ ദൂര യാത്രക്കാരും തുരുത്തി ബൈപാസിലൂടെ തുരുത്തിയിൽ പണിയുന്ന പുതിയ വളപട്ടണം പാലം വഴി മുഴപ്പിലങ്ങാട് എത്താനാകും. ബസുകളടക്കമുള്ള വാഹനങ്ങളും കണ്ണൂർ ടൗണിലേക്ക് പോകുന്നവർക്കും പുതിയ ട്രാഫിക്ക് സർക്കിൾ വഴി കടന്നുപോകാനാവും. ഇതോടെ പാപ്പിനിശ്ശേരി, പഴയ വളപട്ടണം പാലം, പുതിയതെരു ഭാഗങ്ങളിൽ നിലവിൽ നേരിടുന്ന ഗുരുതരമായ ഗതാഗതക്കുരുക്കിനും ശമനമുണ്ടാകുമെണ് കരുതുന്നു. അതോടൊപ്പം പഴയങ്ങാടി ഭാഗത്തുനിന്നുംവരുന്ന ചരക്കുവാഹനങ്ങളടക്കം പഴയദേശീയപാത വഴി വന്ന് തുരുത്തി ബൈപ്പാസ് കവല വഴി പുതിയ ദേശീയപാതയിലേക്ക് കടക്കാനുള്ള സംവിധാനം ഇതുവരെ ആരംഭിച്ചിട്ടില്ല. അത് ഏർപ്പെടുത്തിയാൽ മാത്രമേ പഴയങ്ങാടി വഴിവരുന്ന ദീർഘദൂര വാഹനങ്ങൾ ദേശീയപാതയിലേക്ക് കടക്കാൻ സാധ്യമാകൂ.
വ്യക്തമായ ഡി.പി.ആർ ഇനിയും പരസ്യമാക്കാത്തതിനാൽ പല നിർമാണ പ്രവൃത്തികളെക്കുറിച്ചും പൊതുജനങ്ങൾക്ക് വലിയ ആശങ്കയുണ്ട്. ദേശീയപാത അധികൃതരിൽ നിന്നും കരാറുകാരിൽ നിന്നും സംശയ നിവാരണത്തിന് പോലും സാധിക്കാത്ത അവസ്ഥ നിർമാണത്തിനിടയിലും ജനങ്ങളെ കുഴക്കുന്ന വലിയ പ്രശ്നമാണ്. അടിപ്പാതക്കായി ഏറെ മുറവിളി കൂട്ടുകയും മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾക്ക് കല്യാശ്ശേരി പഞ്ചായത്ത് നിവേദനം നൽകുകയും ചെയ്തിട്ടും ഇതുവരെ അനുകൂല സാധ്യത തെളിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.