കണ്ണൂർ: ദേശീയപാതയിൽ സോയിൽ കോംപാക്ട് യന്ത്രം ഉപയോഗിച്ച് മണ്ണിട്ട് ഉറപ്പിക്കുന്ന പ്രവൃത്തി സമീപത്തെ വീടുകൾക്ക് ഭീഷണിയാകുന്നതായി പരാതി. ഇതിന്റെ ശക്തിയിൽ പല വീടുകളിലും നാശം ഉണ്ടാകുന്നതായാണ് സമീപവാസികൾ പരാതിപ്പെടുന്നത്. കിഴുത്തള്ളി ബൈപാസിനും മുട്ടോളംപാറ റോഡിനും ഇടയിൽ നിരവധി വീടുകളിൽ പ്രശ്നമുണ്ട്. നിയമം പാലിക്കാതെയാണ് നിർമാണ കമ്പനി സോയിൽ കോംപാക്ട് യന്ത്രം ഉപയോഗിച്ച് മണ്ണിട്ട് ഉറപ്പിക്കുന്നതെന്നാണ് ആക്ഷേപം. യന്ത്രത്തിന്റെ ശക്തിയിൽ വീടുകളുടെ ചുമരിൽ വിള്ളൽ ഉണ്ടാകുന്നു.
ഓടുകൾക്കും ജനലുകൾക്കും വാതിലുകൾക്കും കേടുപാട് സംഭവിക്കുന്നതായും നാട്ടുകാർ പറയുന്നു. ദേശീയപാതക്ക് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന വീടുകൾക്കാണ് പ്രധാനമായും നാശമുണ്ടാകുന്നത്. പരാതിപ്പെട്ടാൽ നിർമാണ കമ്പനിയുടെ പ്രതിനിധികൾ മാത്രമാണ് സ്ഥലം സന്ദർശിക്കുന്നത്. മറ്റ് ഉദ്യോഗസ്ഥർ പരാതി അന്വേഷിക്കാനെത്തുന്നില്ല. ഇതേത്തുടർന്ന് സോയിൽ കോംപാക്ട് യന്ത്രം ഉപയോഗിച്ച് മണ്ണിട്ട് ഉറപ്പിക്കുന്നത് നിർത്തിവെപ്പിക്കുന്നതിന് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ചില വീട്ടുകാർ. ജില്ല കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്.
വീടുകൾക്കും ദേശീയപാതക്കും ഇടയിൽ ചെങ്കല്ല് ആഴത്തിൽ മുറിച്ചു മാറ്റി ബന്ധം വിച്ഛേദിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇങ്ങനെ ചെയ്താൽ വീടുകളിലുണ്ടാകുന്ന പ്രകമ്പനം ഇല്ലാതാകും. അപ്പോൾ വീടുകൾക്ക് നാശം ഉണ്ടാകാതെ സുരക്ഷിതമാകുകയും ചെയ്യുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.