രാവിലെ 11ന് പയ്യന്നൂർ (പൊലീസ് മൈതാനം) ഉച്ചക്ക് മൂന്നിന് കല്യാശ്ശേരി (പാളയം മൈതാനം മാടായിപ്പാറ) വൈകീട്ട് 4.30ന് തളിപ്പറമ്പ് (ഉണ്ടപ്പറമ്പ് മൈതാനം) വൈകീട്ട് ആറിന് ഇരിക്കൂർ (ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിന് സമീപം)
കണ്ണൂർ: ഭരണനേട്ടങ്ങളും വികസന സാധ്യതകളും പൊതുജനങ്ങളിലെത്തിക്കാനും ജനങ്ങളുമായി സംവദിക്കാനും സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസ്സിന് തിങ്കളാഴ്ച ജില്ലയിൽ തുടക്കം.
പയ്യന്നൂർ മണ്ഡലത്തിലാണ് ആദ്യ സദസ്സ്. കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ മണ്ഡലങ്ങളിലെ നവകേരള സദസ്സുകളും ആദ്യദിനം നടക്കും. രാവിലെ ഒമ്പതിന് പ്രഭാതയോഗത്തിന് ശേഷം പയ്യന്നൂർ പൊലീസ് മൈതാനത്തിൽ പ്രത്യേകമൊരുക്കിയ വേദിയിലാണ് ആദ്യ സദസ്സ്. മുഖ്യമന്ത്രിയും മന്ത്രിമാരും മുഴുവൻ മണ്ഡലങ്ങളിലും നവകേരള സദസ്സിന്റെ ഭാഗമായി പര്യടനം നടത്തും.
ഉച്ചക്ക് മൂന്നിന് കല്ല്യാശ്ശേരി മണ്ഡലം നവകേരള സദസ്സ് മാടായിപ്പാറ പാളയം മൈതാനത്തും വൈകീട്ട് 4.30 തളിപ്പറമ്പ് മണ്ഡലം പരിപാടി ഉണ്ടപറമ്പ് മൈതാനത്തും നടക്കും. വൈകീട്ട് ആറിന് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിന് സമീപമുള്ള മൈതാനത്ത് ഇരിക്കൂർ മണ്ഡലംതല നവകേരള സദസ്സോടെ ആദ്യദിന പരിപാടികൾ പൂർത്തിയാകും.
സ്വാതന്ത്ര്യസമര സേനാനികൾ, വെറ്ററൻസ്, വിവിധ മേഖലകളിലെ പ്രമുഖർ, തെരഞ്ഞെടുക്കപ്പെട്ട മഹിള, യുവജന, കോളജ് യൂനിയൻ ഭാരവാഹികൾ, പട്ടികജാതി വർഗ വിഭാഗങ്ങളിലെ പ്രതിഭകൾ, കലാകാരൻമാർ, സെലിബ്രിറ്റികൾ, അവാർഡ് ജേതാക്കൾ, തെയ്യം കലാകാരൻമാർ, സാമുദായിക സംഘടന നേതാക്കൾ, മുതിർന്ന പൗരൻമാരുടെ പ്രതിനിധികൾ, വിവിധ സംഘടന പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ മണ്ഡലം സദസ്സിലെ പ്രത്യേക ക്ഷണിതാക്കളാകും.
തിങ്കളാഴ്ച പയ്യന്നൂരിലും ചൊവ്വാഴ്ച കണ്ണൂർ ബർണശ്ശേരിയിലും വിവിധ മണ്ഡലങ്ങളിലെ പ്രത്യേക ക്ഷണിതാക്കളുമായി കൂടിക്കാഴ്ച നടക്കും. ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് ഓരോ വേദിയിലും പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.
നവകേരള സദസ്സ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പ് മുതൽ പരാതികൾ സ്വീകരിച്ചു തുടങ്ങും. സ്ത്രീകൾക്കും മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടറുകൾ ഒരുക്കും.
കൗണ്ടറുകളിൽ പരാതി നൽകി കൈപ്പറ്റ് രസീത് വാങ്ങേണ്ടതാണ്. പരാതിയുടെ തൽസ്ഥിതി www.navakeralasadas.kerala.gov.inൽ നിന്ന് അറിയാം.
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ബർണശ്ശേരി നായനാർ അക്കാദമിയിൽ പ്രഭാതയോഗത്തിന് ശേഷം 11ന് അഴീക്കോട് മണ്ഡലം സദസ്സ് ചിറക്കൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. ഉച്ചക്ക് മൂന്നിന് കണ്ണൂർ മണ്ഡലം സദസ്സ് കലക്ടറേറ്റ് മൈതാനത്തും വൈകീട്ട് 4.30ന് ധർമടം മണ്ഡലം സദസ്സ് പിണറായി കൺവെൻഷൻ സെന്ററിന് സമീപവും നടക്കും.
വൈകീട്ട് ആറിന് കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് തലശ്ശേരി മണ്ഡലം നവകേരള സദസ്സ്.
ബുധനാഴ്ച രാവിലെ 11ന് കൂത്തുപറമ്പ് മണ്ഡലം സദസ്സ് പാനൂർ നുച്ചിക്കാട് മൈതാനത്തും ഉച്ചക്ക് മൂന്നിന് മട്ടന്നൂർ മണ്ഡലം സദസ്സ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഒന്നാം കവാടത്തിന് മുൻവശത്തും വൈകീട്ട് 4.30 പേരാവൂർ മണ്ഡലം സദസ്സ് ഇരിട്ടി പയഞ്ചേരിമുക്കിന് സമീപത്തെ മൈതാനത്തും നടക്കും.
കണ്ണൂർ: നവകേരള സദസ്സ് പ്രചാരണത്തിനായി കണ്ണൂരിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിൽ മന്ത്രിമാരെ ഒഴിവാക്കിയതായി പരാതി. നഗരത്തിൽ ഡിവൈഡറുകളിൽ സ്ഥാപിച്ച ബോർഡുകളിലെ മന്ത്രിമാരുടെ ചിത്രങ്ങളിൽ അഹമ്മദ് ദേവർകോവിൽ, എ.കെ. ശശീന്ദ്രൻ, ആന്റണി രാജു എന്നിവർ ഇടംപിടിച്ചില്ല.
ബാക്കി 17 മന്ത്രിമാരുടെയും ചിത്രം ഉൾപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ഐ.എൻ.എൽ ഭാരവാഹികൾ നവകേരള സദസ്സ് കണ്ണൂർ മണ്ഡലം സംഘാടക സമിതി ചെയർമാനും എം.എൽ.എയുമായ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് പരാതി നൽകി. ഇതോടെ മൂന്ന് മന്ത്രിമാരുടെ ചിത്രങ്ങൾ ഫ്ലക്സ് ബോർഡുകളിൽ ഒട്ടിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു.
കണ്ണൂർ: നവകേരള സദസ്സ് വിജയിപ്പിക്കാൻ സർക്കാർ ജീവനക്കാർക്ക് കണ്ണൂർ ജില്ല കലക്ടർ നൽകിയ ഉത്തരവിൽ വിചിത്രമായ നിർദേശം. നവകേരള സദസ്സിൽ മുഴുവൻ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്നും എന്നാൽ, ഓഫിസ് നടപടികൾ മുടങ്ങരുതെന്നുമാണ് എല്ലാ വകുപ്പ് മേധാവികൾക്കുമായി കലക്ടർ ഇറക്കിയ ഉത്തരവിലുള്ളത്.
ജില്ലയിലെ 11 മണ്ഡലങ്ങളിലായി നടക്കുന്ന നവകേരള സദസ്സിൽ താങ്കളുടെ വകുപ്പിന്റെ മന്ത്രിയും പങ്കെടുക്കുന്നുണ്ടെന്നും, അതിനാൽ താങ്കളുടെ കീഴിലുള്ള മുഴുവൻ ജീവനക്കാർക്കും അവർ നിലവിൽ ജോലി ചെയ്തുവരുന്ന ഓഫിസ് ഉൾപ്പെടുന്ന മണ്ഡലത്തിലെ നവകേരള സദസ്സിൽ പങ്കെടുക്കാൻ നിർദേശം നൽകണമെന്നുമാണ് ഉത്തരവ്.
എന്നാൽ, ഓഫിസ് പ്രവർത്തനം പൂർണമായും നിലക്കാതെ ശ്രദ്ധിക്കണമെന്നും ഉത്തരവിലുണ്ട്. എന്നാൽ, ഇതെങ്ങനെ സാധ്യമാവുമെന്നാണ് ജീവനക്കാരുടെ ചോദ്യം. പരാതി പരിഹാര കൗണ്ടറുകളിൽ ഡ്യൂട്ടിയുള്ള ജീവനക്കാർ മാത്രം പങ്കെടുക്കാൻ നിർദേശം നൽകിയാൽ പോരെയെന്നും ഇവർ ചോദിക്കുന്നു. നവകേരള സദസ്സിന്റെ ഭാഗമായി ഞായറാഴ്ച പ്രവൃത്തിദിനമായി പ്രഖ്യാപിച്ചതും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.