കണ്ണൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ക്ഷീരകർഷകരും പാലുൽപാദനവും മലബാറിലാണെങ്കിലും ഈ മേഖലക്ക് എന്നും അവഗണനയാണ്. ക്ഷീരകർഷകർക്കും സംഘം ജീവനക്കാർക്കും പരിശീലനം നൽകുന്നതിനുള്ള അഞ്ചുകേന്ദ്രങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും മലബാർ ജില്ലകൾക്കാകെ കോഴിക്കോട് ബേപ്പൂരിൽ പ്രവർത്തിക്കുന്ന ഒരു പരിശീലന കേന്ദ്രം മാത്രമാണുള്ളത്. മലബാർ മേഖലയിലെ പ്രത്യേകിച്ച് കാസർകോട് ജില്ലയിലെ ക്ഷീരമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പിന്നാക്കാവസ്ഥക്ക് പരിഹാരമായി പ്രഭാകരൻ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കാസർകോട് കുമ്പളയിൽ കോടികൾ ചെലവഴിച്ചു ഒരുക്കിയ ക്ഷീര പരിശീലന കേന്ദ്രം ജീവനക്കാരെ നിയമിക്കാത്തതുകാരണം പൂർണാർഥത്തിൽ പ്രവർത്തനം തുടങ്ങാനായിട്ടില്ല.
കാസർകോട് കുമ്പളയിൽ നായ്ക്കാപ് എന്ന സ്ഥലത്ത് കാസർകോട് ജില്ല പഞ്ചായത്തിെൻറ സഹകരണത്തോടെ മൂന്നു നിലകളിലായി പരിശീലന കേന്ദ്രവും താമസിക്കാൻ വിശാലമായ 16 മുറികളും ഡോർമിറ്ററി സൗകര്യവുമുള്ള ഹോസ്റ്റൽ സമുച്ചയവും നിർമിച്ചത് ഒരുവർഷം മുമ്പാണ്. മൂന്നു നിലകളിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിൽ രണ്ട് കോൺഫറൻസ് ഹാൾ, ഒരുമിനി ഓഡിറ്റോറിയം, ഡിജിറ്റൽ ക്ലാസ് മുറി എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. ക്ഷീര പരിശീലന കേന്ദ്രത്തിൽ തസ്തികകൾ അനുവദിച്ചാൽ സംസ്ഥാന അതിർത്തിയിൽ മികച്ച ക്ഷീര പരിശീലന കേന്ദ്രം യാഥാർഥ്യമാകും.
സംസ്ഥാനത്തിന് പുറത്തുനിന്നുവരുന്ന പാലിെൻറയും പാലുൽപന്നങ്ങളുടെയും ഗുണനിലവാരം പരിശോധന നടത്താനും കണ്ണൂർ, കാസർകോട് ജില്ലകളിലുള്ള ക്ഷീര സംഘങ്ങൾ, ക്ഷീര കർഷകർ, മാർക്കറ്റിൽ ലഭ്യമാകുന്ന വിവിധ തരം പാൽ പാക്കറ്റുകളുടെ പരിശോധന, വിപണിയിൽ ലഭ്യമാകുന്ന കാലിത്തീറ്റകളുടെ ഗുണനിലവാര പരിശോധന, പാൽ പരിശോധന ഉപകരണങ്ങളുടെ കാലിബറേഷൻ എന്നിവ നടത്തുന്നതിനായാണ് ഉമ്മൻ ചാണ്ടി സർക്കാർ റീജനൽ ലാബ് 2014ൽ കാസർകോട് ജില്ലക്ക് അനുവദിച്ചത്. നിർമാണം 2016 മാർച്ചിൽ പൂർത്തിയാക്കി കെട്ടിട ഉദ്ഘാടനം നിർവഹിച്ചു.
എന്നാൽ, 2018 ഡിസംബറിൽ പാൽ പരിശോധനയുമായി ബന്ധപ്പെട്ട് ഒരു തസ്തിക അനുവദിക്കുകയും രണ്ട് ലാബ് അനലിസ്റ്റുകളെ ദിവസവേതനത്തിൽ നിയമിക്കുകയും മാത്രമാണ് ചെയ്തത്. 2019 ജനുവരി മുതൽ പേരിന് മാത്രമാണ് സാമ്പിളുകൾ ടെസ്റ്റ് ചെയ്തുവരുന്നത്. 2018ൽ റീജനൽ ലാബിനെ റീജനൽ ലാബ് കം ട്രെയിനിങ് സെൻററാക്കി ഉയർത്തിയെങ്കിലും തസ്തികകൾ മാത്രം അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.