ആ സ്വപ്നം സഫലം; പാച്ചേനിയുടെ കുടുംബത്തിന് സ്നേഹവീട്

കണ്ണൂർ: സ്വന്തമായി വീട് പോലും ഒരുക്കാതെ പാർട്ടിക്കായി ജീവിതം സമർപ്പിച്ച് പാതിവഴിയിൽ പൊലിഞ്ഞ സതീശൻ പാച്ചേനിക്ക് ഒടുവിൽ സ്നേഹവീട്. പരിയാരത്തിനടുത്ത് അമ്മാനപ്പാറയിൽ പാച്ചേനി തന്നെ വിലക്കുവാങ്ങിയ സ്ഥലത്താണ് 3,000ത്തോളം സ്ക്വയർഫീറ്റിൽ വീട് ഒരുക്കിയത്.

സതീശൻ പാച്ചേനിയെന്ന ജനകീയ നേതാവിനെ സ്നേഹിക്കുന്നവരുടെ അധ്വാന ഫലമാണ് വീട്. കോൺഗ്രസ് പ്രവർത്തകരും നേതാക്കളും കെ.എസ്.എസ്.പി.എ ഉൾപ്പെടെ സർവിസ് സംഘടനകളും പ്രവാസികളും എല്ലാം പാച്ചേനിക്കൊരു വീടെന്ന കാര്യത്തിൽ ഒരുമിച്ചുനിന്നു. 85 ലക്ഷം രൂപയിലധികം ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്.

മുൻ ഡി.സി.സി പ്രസിഡൻറും കണ്ണൂരിലെ കോൺഗ്രസിന്റെ ജനകീയ മുഖവുമായിരുന്ന സതീശൻ പാച്ചേനി തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് 2022 ഒക്ടോബർ 27നാണ് മരിച്ചത്. നാല് പതിറ്റാണ്ടായി പൊതു രംഗത്ത് പ്രവര്‍ത്തിച്ച പാച്ചേനിക്ക് സ്വന്തമായി ഒരു വീട് പോലും ഉണ്ടായിരുന്നില്ല. വീടിനായി കരുതിയ പണം കണ്ണൂർ ഡി.ഡി.സി ഓഫിസ് നിർമാണത്തിന് ചെലവാക്കി. ഇത് പിന്നീട് പാർട്ടി തിരികെ നൽകിയെങ്കിലും ഇങ്ങനെ പാർട്ടിയെ നെഞ്ചോട് ചേർത്തയാൾക്കാണ് പാർട്ടി തന്നെ മുൻകൈയെടുത്ത് വീട് ഒരുക്കിയത്.

വാടക വീട്ടിലായിരുന്നു ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം പാച്ചേനി കഴിഞ്ഞിരുന്നത്. ആകസ്മികമായി സതീശൻ പാച്ചേനി എല്ലാവരെയും വിട്ടു പിരിഞ്ഞപ്പോൾ പയ്യാമ്പലത്ത് അദ്ദേഹത്തിന്റെ ഭൗതിക ദേഹം സംസ്കരിച്ച ശേഷം ചേർന്ന സർവകക്ഷി അനുശോചന യോഗത്തിൽ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ ആണ് പാർട്ടി വീട് നിർമിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചത്. നിർമാണം തുടങ്ങി ഒരു വർഷം പൂർത്തിയാകും മുമ്പ് വീട് പൂർത്തീകരിച്ചു.

ഇന്ന് രാവിലെ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി സ്നേഹ വീടിന്റെ താക്കോൽ കൈമാറി. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.

Tags:    
News Summary - New house for Sateesh Pacheni's family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.