പഴയങ്ങാടി: രാപ്പകൽ ഭേദമില്ലാതെ മാട്ടൂൽ സൗത്ത് കടൽതീരത്ത് അനധികൃതമായി മണലെടുത്ത് വിൽപന തകൃതി. അധികൃതരുടെ കണ്ണുവെട്ടിച്ച് രാത്രികാലങ്ങളിൽ അതി രഹസ്യമായി മണലെടുത്ത് കടത്തിയിരുന്ന മേഖലയിൽ ഇപ്പോൾ രാപ്പകൽ ഭേദമന്യേ മണലെടുത്ത് ലോറിയിൽ കടത്തി വിൽപന നടത്തുകയാണ്. മണൽ കടത്തിനെതിരെ നിയമപാലകരിൽനിന്ന് കാര്യമായ നടപടികളൊന്നുമുണ്ടാവാറില്ലെന്ന് തീരദേശ വാസികൾ പറയുന്നു.
മാട്ടൂൽ ഗ്രാമീണ വായനശാലക്ക് പടിഞ്ഞാറെ തീരത്ത് നിന്നാണ് ഇപ്പോൾ വ്യാപകമായി മണലെടുത്ത് കടത്തുന്നത്. ലോറികൾ കയറ്റി മണലെടുക്കുന്നതിനായി തീരദേശത്ത് വിവിധ മേഖലകളിൽ കടൽഭിത്തി തകർത്തിരുന്നു. കടൽതീരത്ത് ലോറികൾ നിരന്തരം ഓടി സൃഷ്ടിക്കപ്പെടുന്ന ചാലുകൾ വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറുന്നതിന് കാരണമാകുന്നതായും കാലങ്ങളായി പരാതിയുണ്ട്.
മണലെടുപ്പിന് കണ്ടെത്തുന്ന, കടൽഭിത്തി തകർക്കാനാവാത്ത മേഖലകളിൽ പുലർകാലം മുതൽ ജോലിക്കാരെ ഏർപ്പാടാക്കി മണലെടുത്ത് കടൽഭിത്തിക്ക് പുറത്തെത്തിച്ച് കൂനകളാക്കി സൂക്ഷിക്കുകയാണ്. ഇവിടെ നിന്നാണ് ലോറികളിൽ മാട്ടൂൽ പഞ്ചായത്ത് പരിധിയിലെ മേഖലകളിലേക്കും വിദൂര സ്ഥലങ്ങളിലേക്കും ലോറികളിൽ മണൽ കയറ്റി നിർമാണ പ്രവർത്തന മേഖലകളിൽ എത്തിക്കുന്നത്.
ഒരു കി.മീ പരിധിക്കുള്ളിൽ ഒരു ലോഡ് മണലിന് 2500 രൂപക്ക് മുകളിലാണ് വിൽപന. ദൂരം കൂടുന്നതിനനുസരിച്ച് 3000 രൂപക്ക് മുകളിലാണ് വിൽപന നടത്തുന്നത്.
പരാതികൾ വ്യാപകമാകുമ്പോൾ ഒന്നോ രണ്ടോ വാഹനങ്ങൾ പിടികൂടി പൊലീസ് അവരുടെ സാന്നിധ്യം കാണിക്കാറുണ്ടെന്നതൊഴിച്ചാൽ പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നുമുണ്ടാവാറില്ല.
വാഹനങ്ങൾ പൊലിസ് കസ്റ്റഡിയിലെടുക്കാറുണ്ട്. എന്നാൽ, ജീവനക്കാർ 'ഓടി രക്ഷപ്പെടുന്ന' തല്ലാതെ ഇവരെ പിടികൂടാൻ കിട്ടാറില്ല.
രാത്രികാല പൊലീസ് പരിശോധായുള്ള ദിവസങ്ങൾ മണലെടുപ്പുകാർ നേരത്തെ അറിയുന്നതിനാൽ അന്ന് കടൽതീരത്ത് മണലെടുപ്പുണ്ടാവില്ല.
സൂനാമി ബാധിത പ്രദേശമാണ് മാട്ടൂൽ കടൽതീര മേഖല. വേലിയേറ്റ സമയങ്ങളിൽ തീരദേശത്ത് വീടുകളിലും പറമ്പുകളിലും ഉപ്പുവെള്ളം കയറുന്നത് ഇവിടെ പതിവാണ്.
വ്യാപകമായ മണലെടുപ്പ് വേലിയേറ്റ സമയങ്ങളിൽ ഉപ്പുവെള്ളം കയറുന്നതിനും കടൽക്ഷോഭത്തിനും കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
രാത്രികാലങ്ങളിൽ മണൽ കടത്ത് ലോറികൾ തലങ്ങും വിലങ്ങും ഓടുന്നത് തീരദേശ വാസികളുടെ ഉറക്കം കെടുത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.