കണ്ണൂര്‍: നഗരത്തിൽ സുരക്ഷിത ഓട്ടോറിക്ഷ യാത്ര ഉറപ്പാക്കാൻ കണ്ണൂർ ടൗൺ പൊലീസ് നടപടി തുടങ്ങി. രാത്രിയോടുന്ന ഓട്ടോഡ്രൈവർമാർ ടൗൺ സ്റ്റേഷനിലെത്തി റിപ്പോർട്ട് ചെയ്യണം. പേര്, വണ്ടി നമ്പർ, ഫോൺ നമ്പർ എന്നിവയാണ് രേഖപ്പെടുത്തേണ്ടത്.
ചില ഓട്ടോകൾ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ പ്രവർത്തനങ്ങളും അനധികൃത വണ്ടികളും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാത്രി 10 മുതൽ പുലർച്ച ആറുവരെ നഗരപരിധിയിൽ ഓടുന്ന വാഹനങ്ങളാണ് റിപ്പോർട്ട് ചെയ്യേണ്ടത്.
കണ്ണൂർ കോർപറേഷൻ (കെ.സി) നമ്പറുള്ള ഓട്ടോഡ്രൈവർമാർക്ക് പാസ് ഏർപ്പെടുത്താൻ ഓട്ടോറിക്ഷ സംഘടനകള്‍, തൊഴിലാളികള്‍, ടൗണ്‍ പൊലീസ്, ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞമാസം ചേർന്ന യോഗം തീരുമാനിച്ചിരുന്നു. പാസ് ലഭിക്കുന്നതിനായി വാഹനത്തിന്റെ മുഴുവൻ രേഖകളുടെയും ലൈസൻസിന്റെയും പകർപ്പുകൾ, ഫോട്ടോ എന്നിവ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ നിർദേശം നൽകിയിരുന്നു.
ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന്-കഞ്ചാവ് വിൽപനയും അനാശാസ്യ പ്രവർത്തനങ്ങളും വർധിക്കുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സുരക്ഷിതമല്ലാത്ത യാത്ര സംബന്ധിച്ച് പരാതിയുമുണ്ടായിരുന്നു.
പാസ് സംവിധാനം വരുന്നതോടെ അനധികൃതമായി സർവിസ് നടത്തുന്ന ഒരു വിഭാഗം ഓട്ടോഡ്രൈവർമാർ നടത്തുന്ന പ്രവൃത്തികൾക്ക് മറ്റുള്ളവരും പഴികേൾക്കേണ്ട സാഹചര്യം ഇല്ലാതാവും.
പകല്‍ സര്‍വിസ് നടത്തുന്നവര്‍ക്കും പാസ് ഏർപ്പെടുത്തുന്ന കാര്യവും അധികൃതരുടെ യോഗത്തില്‍ ചര്‍ച്ചയായിരുന്നു. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഓടുന്ന ഓട്ടോകൾക്കും പാസ് ബാധകമാണ്. കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ നിരന്തരമായ ആവശ്യപ്പെടലുകൾക്കുശേഷം പുനഃസ്ഥാപിച്ചത് യാത്രക്കാർക്ക് ആശ്വാസമായിട്ടുണ്ട്.
നേരത്തേ യാത്രക്കാരും ഡ്രൈവർമാരും തമ്മിൽ യാത്രക്കൂലിയുടെ പേരിൽ തർക്കമുണ്ടാകുന്നത് പതിവായിരുന്നു. കൗണ്ടർ വന്നതോടെ ഇതൊഴിവായി. ഓട്ടംപോകുന്ന വണ്ടിയുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനാൽ വനിത യാത്രക്കാർക്കടക്കം ആശ്വാസമാണ്.
അനധികൃത യാത്ര തടയാൻ നിയന്ത്രണങ്ങൾക്കു പകരം പൊലീസിന്റെ കര്‍ശന പരിശോധനയാണ് ഏർപ്പെടുത്തേണ്ടതെന്നാണ് ഓട്ടോ തൊഴിലാളികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.