കണ്ണൂർ: ചൂട് കനത്തതോടെ പെരുന്നാൾ -വിഷു വിപണി സജീവമാകുന്നത് രാത്രിയിൽ. കഴിഞ്ഞ കാലങ്ങളിൽ പെരുന്നാളിന് ദിവസങ്ങൾക്കു മുന്നെ നഗരങ്ങൾ പകലിൽതന്നെ തിരക്കിലമരുമായിരുന്നുവെങ്കിൽ ഇത്തവണ ആ സ്ഥിതി രാത്രിയിലാണ് കാണാനാവുന്നത്. ചുട്ടുപൊള്ളുന്ന ചൂടും നോമ്പുമുള്ളതിനാൽ പലരും കുടുംബസമേതം പകൽ ഷോപ്പിങ്ങിനെത്തുന്നില്ല. പകരം നോമ്പ് തുറന്ന ശേഷമാണ് നഗരങ്ങളിലേക്കിറങ്ങുന്നത്.
വസ്ത്ര വിപണിയിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. പുതുപുത്തൻ ഫാഷനുകളുടെ ശേഖരം തേടി കുടുംബസമേതം നഗരങ്ങളിലേക്ക് എത്തുന്ന കാഴ്ചയാണ്. പെരുന്നാൾ വിപണിയിലേക്കായി നിരവധി പുതിയ ഡിസൈനുകളുടെ ശേഖരങ്ങളും വിപണിയിലെത്തിയിട്ടുണ്ട്. രാത്രി സമയങ്ങളിൽ തിരക്ക് കൂടിയതോടെ അർധരാത്രി രണ്ടുമണി വരെ നഗരങ്ങളിൽ വിപണനം നടക്കുന്നുണ്ട്. വസ്ത്ര വിപണിക്കു പുറമെ ഫാൻസി, ഫുട് വെയർ, ഗൃഹോപകരണ ഷോറൂമുകളിലും തിരക്കുണ്ട്.
പുത്തൻ ട്രെൻഡിനൊപ്പമുള്ള വസ്ത്രങ്ങളിറക്കി കച്ചവടത്തിൽ മുന്നേറുകയാണ് വസ്ത്ര വ്യാപാരികൾ. പതിവുപോലെ മുൻവർഷത്തെ അപേക്ഷിച്ച് മാറിവരുന്ന ഫാഷൻ സങ്കൽപ്പത്തിനനുസരിച്ചാണ് വസ്ത്രവിപണിയിൽ പുത്തൻ വസ്ത്രങ്ങളൊരുക്കിയിരിക്കുന്നത്. ഈസ്റ്ററിനെ തുടർന്ന് എത്തുന്ന ചെറിയ പെരുന്നാളും വിഷുവും വിപണിയിൽ പുത്തൻ ഉണർവായെന്ന് വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.