കണ്ണൂർ: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ ബാധിച്ച് മലപ്പുറം സ്വദേശിയായ 14കാരൻ മരിച്ച സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത നിർദേശം. നിപ മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാന ആശുപത്രികളില്‍ ഐസൊലേഷൻ വാർഡ് സജ്ജീകരിക്കുന്നത് അടക്കമുള്ള മുന്നൊരുക്കം നടത്താന്‍ ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗം നിര്‍ദേശം നല്കി.
നിലവിൽ ജില്ലയിൽ നിപ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സമീപ ജില്ലകളിൽ രോഗബാധയും സമ്പർക്കവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പ്രതിരോധ മുന്നൊരുക്കത്തിന് ഒരുങ്ങുന്നത്.
നിപ രോഗിയുടെ സമ്പർക്കത്തില്‍ കണ്ണൂർ സ്വദേശികൾ ഉൾപ്പെട്ടതായി വിവരം ലഭിച്ചിട്ടില്ല. ജില്ലയിൽനിന്നുള്ളവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയെയും വിവിധ സ്വകാര്യ ആശുപത്രികളെയും ചികിത്സക്കായി ആശ്രയിക്കാറുണ്ട്. നിപ രോഗിയുമായോ അവരുടെ സമ്പര്‍ക്കത്തില്‍ വന്ന വ്യക്തികളുമായോ കണ്ണൂർ ജില്ലയിലെ ആരെങ്കിലും സമ്പര്‍ക്കമുണ്ടായിട്ടുണ്ടോ എന്ന കാര്യവും ആരോഗ്യവകുപ്പ് പരിശോധിക്കും.
യോഗത്തിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. പീയുഷ് എം. നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ.കെ.ടി. രേഖ, ഡോ. കെ.സി. സച്ചിന്, ഡോ. അനീറ്റ കെ. ജോസി, എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പഴവര്‍ഗങ്ങള്‍ ഭക്ഷിച്ചു ജീവിക്കുന്ന റ്റെറോപസ് വിഭാഗത്തില്‍പെട്ട വവ്വാലുകളാണ് നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകര്‍. വീണുകിടക്കുന്നതും പക്ഷികൾ കടിച്ചുവെന്ന് സംശയിക്കുന്നതുമായ പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. പഴങ്ങൾ കഴുകി വൃത്തിയാക്കി മാത്രം കഴിക്കുക. ആശുപത്രികള്‍ സന്ദര്‍ശിക്കുന്നവരും ആള്‍ക്കൂട്ടങ്ങളിലേക്ക് പോകുന്നവരും മാസ്ക് ധരിക്കുന്നതാണ് അഭികാമ്യം. രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, ജീവിതശൈലീ രോഗങ്ങളുള്ളവർ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കണം. നിപ രോഗബാധയും രോഗികളുമായി സമ്പർക്കമുണ്ടായതായും സംശയിക്കുന്നുണ്ടെങ്കിൽ ആരോഗ്യവകുപ്പ് പ്രവർത്തകരുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.