മാരിയും അടച്ചിടലും തീർത്ത ആലസ്യത്തിനും ആശങ്കക്കും പിന്നാലെ കർഷകരെ തീതീറ്റിച്ച് ഞാറ്റുവേലക്കാലം. മഴയില്ലെന്നതിനു പുറമെ കത്തുന്ന വെയിൽ കൂടിയായതോടെ നെൽകൃഷി മിക്കയിടത്തും താളം തെറ്റുകയാണ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭൂരിഭാഗം വയലുകളിലും ഒന്നാം വിള നെൽകൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്. ഒരു വിളയെടുക്കുന്ന വയലുകൾ വറ്റിവരണ്ടു. ആയിരങ്ങൾ ചെലവഴിച്ച് ഇറക്കിയ കൃഷി ഉണങ്ങിനശിക്കുകയാണ്. പലയിടത്തും ഞാറ്റടി തയാറാക്കാനാവാതെ പാകമായ ഞാറു നശിക്കുകയാണ്.
തിരുവാതിര ഞാറ്റുവേലയിൽ തിരിമുറിഞ്ഞൊഴുകുമെന്നാണ് ചൊല്ല്. എന്നാൽ, തിരിമുറിയാൻ പോയിട്ട് വേരുനനയാൻ പോലും വെള്ളമില്ല. കൂടാതെ വെയിലും. ഈ രീതിയിൽ വെയിൽ പതിവില്ലെന്ന് പഴയകാല കർഷകർ പറയുന്നു. ഈ ഒരു മാസക്കാലം ഏതു വിളയിറക്കിയാലും മുളച്ചുവരും. ഈ സ്ഥിതിയാണ് മാറിയത്. കാലവർഷത്തെ ആശ്രയിച്ചുള്ള കാർഷിക കലണ്ടർ ഇനി ഓർമ മാത്രമാവുമെന്ന സൂചനയാണ് ഈ ഞാറ്റുവേലക്കാലം നൽകുന്നതെന്നും കർഷകർ പറയുന്നു.
കണ്ണൂർ, കാസർകോട് ജില്ലകളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ആയിരം ഹെക്ടറിലെങ്കിലും അധികം കൃഷിയിറക്കാമെന്നായിരുന്നു കൃഷി വകുപ്പിെൻറ കണക്ക്. ഈ കണക്കാണ് തകിടം മറിയുന്നത്. കഴിഞ്ഞ ആറു വർഷത്തിനിടയിൽ 2017ലാണ് രണ്ട് ജില്ലകളിലും കൂടുതൽ വയലുകളിൽ ഒന്നാംവിള കൃഷി ചെയ്തത്. 2017ൽ ഇരു ജില്ലകളിലുമായി 5120 ഹെക്ടറിലാണ് കൃഷിയിറക്കിയത്.
എന്നാൽ 2018, 2019 വർഷങ്ങളിൽ ഒന്നാം വിള കൃഷി ചെയ്ത സ്ഥലത്തിന്റെ വിസ്തീർണം കുറഞ്ഞു. കഴിഞ്ഞ വർഷമിത് 6000 ഹെക്ടറായി കൂടിയതായാണ് കണക്ക്. മുൻവർഷങ്ങളെ അപേക്ഷിച്ച് കരനെൽകൃഷി വൻതോതിൽ വർധിപ്പിക്കാനുള്ള നീക്കത്തിനാണ് കാലം തെറ്റിയുള്ള കാലാവസ്ഥ തിരിച്ചടിയായത്. കോവിഡ് പശ്ചാത്തലത്തിലുണ്ടായ ദാരിദ്ര്യഭീതിയും സമയവും കൃഷിയിറക്കാനുള്ള പ്രചോദനമായി. എന്നാൽ, കാലാവസ്ഥ ചതിച്ചു.
നിലം കൃഷിയോഗ്യമാക്കുന്നതിനും കർഷകരുടെ നഷ്ടം നികത്തുന്നതിനും തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ, തൊഴിലുറപ്പു തൊഴിലാളികളെ ഇറക്കി കൃഷി ചെയ്യണമെന്ന ആവശ്യം ഇക്കുറിയും അധികൃതർ അവഗണിച്ചതായി കർഷകർ പറയുന്നു. വൻ നഷ്ടത്തിലായ കൃഷി തിരിച്ചുകൊണ്ടുവരാൻ ഇത് സഹായിക്കുമെന്ന് അവർ പറയുന്നു. യന്ത്രമിറക്കാത്ത വയലുകളിൽ നിലമൊരുക്കാനും പറിച്ചുനടാനും ഇതിലൂടെ സാധിക്കും.
നെൽകൃഷിയോടുള്ള ആഭിമുഖ്യം കൂടുമ്പോഴും വടക്കൻ കേരളത്തിൽ നെൽവയലുകളുടെ വിസ്തൃതി ഗണ്യമായി കുറയുന്നു. 2013ൽ കണ്ണൂർ ജില്ലയിൽ മാത്രമായി 8186 ഹെക്ടറിൽ കൃഷിയിറക്കിയിരുന്നു. ഇതിൽ പകുതിയോളം വയലുകളും നാണ്യവിളകൾക്കും വീടുകൾക്കും വഴിമാറി. കാലാവസ്ഥ വ്യതിയാനം മൂലം നെൽകൃഷി നഷ്ടമായതോടെ ജനം നെല്ലിനോട് വിട പറയുകയായിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ രണ്ടാംവിള കൃഷിയിറക്കുന്നത് ഗണ്യമായി കുറയുകയും മൂന്നാം വിള നാമാവശേഷമാവുകയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപന കണക്കുകളിൽ തരിശുരഹിത ഗ്രാമമെന്ന് കണക്കുകൾ രേഖപ്പെടുത്തുമ്പോഴും തരിശുകളും വയൽ നികത്തലും കൂടിവന്നു. ഇതിൽ നിന്നുള്ള തിരിച്ചു പോക്കുകൂടിയാണ് കോവിഡുകാലം സമ്മാനിച്ചത്.
യന്ത്രങ്ങൾ കടന്നുചെല്ലാത്ത വയലുകളിൽ കാളകളെ ഉപയോഗിച്ച് നിലമുഴുകയാണ് പതിവ്. എന്നാൽ, ഇപ്പോൾ രണ്ട് ജില്ലകളിലും കാലിപൂട്ടൽ കുറഞ്ഞുവന്നു. വൻ ചെലവും കാളകളെ ലഭിക്കാത്തതുമാണ് കാരണം. പരമ്പരാഗത കൃഷിരീതിയിലേക്ക് പുതിയ തലമുറ കടന്നു വരാത്തതും ഈ കൃഷിരീതി ഇല്ലാതാവാൻ കാരണമായി. നിലവിൽ കാളകളെ ഉയോഗിച്ച് നിലമൊരുക്കിക്കൊടുക്കുന്നവർ കണ്ണൂർ ജില്ലയിൽ അഞ്ചിൽ താഴെ മാത്രമാണ്. കർണാടകയിലെ സുബ്രഹ്മണ്യം കാലിച്ചന്ത സംഘ്പരിവാർ തടഞ്ഞതോടെയാണ് വടക്കൻ കേരളത്തിൽ കാളകളെ ലഭിക്കാതായത്. കടന്നപ്പള്ളിയിലെ കർഷകനായ വി. വാസുദേവൻ നമ്പൂതിരി നഷ്ടം സഹിച്ചും വർഷങ്ങളായി പാരമ്പര്യത്തിന്റെ കണ്ണിയായി ഈ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.