കണ്ണൂർ: ജില്ലയിൽ ഏറ്റവും കുറഞ്ഞ രോഗസ്ഥിരീകരണ നിരക്കുള്ള തദ്ദേശസ്വയംഭരണ സ്ഥാപനമാണ് കണ്ണൂർ കോർപറേഷനെങ്കിലും നിയന്ത്രണങ്ങളിൽ പൂർണമായി ഇളവ് വരുത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നും പൂർണ ഇളവ് നൽകേണ്ടതില്ലെന്നും കോവിഡ് ജാഗ്രത സമിതി യോഗം വിലയിരുത്തി. ജനങ്ങൾക്ക് ഉപകാരപ്രദമായിരുന്ന ജൂബിലി ഹാളിലെ വാക്സിനേഷൻ പുനരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോർപറേഷൻ പരിധിയിൽ ടി.പി.ആർ കൂടാതിരിക്കാനുള്ള ജാഗ്രത ഉണ്ടാകേണ്ടതുണ്ടെന്നും വാക്സിനേഷൻ എല്ലാവർക്കും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അധ്യക്ഷത വഹിച്ച മേയർ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു. കോർപറേഷനിലെ ഓക്സിജൻ കോൺസൻട്രേറ്ററുകൾ പി.എച്ച്.സികൾ മുഖേന രോഗികൾക്ക് സൗജന്യമായി ലഭ്യമാക്കുന്നതിനായി കഴിഞ്ഞ ദിവസം ചേർന്ന മെഡിക്കൽ ഓഫിസർമാരുടെ യോഗം തീരുമാനിച്ചതായി മേയർ അറിയിച്ചു.
ഇവ ഹെൽത്ത് ഇൻസ്പെക്ടർമാർ മുഖേന നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സുതാര്യമായ രീതിയിൽ ഓക്സിജൻ യന്ത്രങ്ങൾ പൊതു ജനങ്ങൾക്ക് നൽകുമെന്നും മേയർ പറഞ്ഞു.
യോഗത്തിൽ എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ്, ഡെപ്യൂട്ടി മേയർ കെ. ശബിന, സ്ഥിരം സമിതി ചെയർമാന്മാരായ അഡ്വ. മാർട്ടിൻ ജോർജ്, അഡ്വ. പി. ഇന്ദിര, സിയാദ് തങ്ങൾ, ഷമീമ ടീച്ചർ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ എൻ. സുകന്യ, എം.പി. രാജേഷ്, കോർപറേഷൻ സെക്രട്ടറി ഡി. സാജു, സി.എഫ്.എൽ.ടി.സി നോഡൽ ഓഫിസർ ഡോ. ഒ.ടി. രാജേഷ്, ഡെപ്യൂട്ടി തഹസിൽദാർ സി.വി. അഖിലേഷ്, സി.എം. ഗോപിനാഥൻ, കെ. പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.
പോസിറ്റിവ് നിരക്ക് കുറച്ചു കൊണ്ടുവരുന്നതിന് എല്ലാ കടകളിലും പൊതുസ്ഥലങ്ങളിലും പൊലീസും ആരോഗ്യ വിഭാഗവും സംയുക്തമായി കർശന പരിശോധന നടത്തണം. കടകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടം ശ്രദ്ധയിൽപെട്ടതിനാൽ പൊലീസ് പട്രോളിങ്ങിനും അനൗൺസ്മെൻറിനും നടപടി സ്വീകരിക്കണം.
എല്ലാ വാർഡുകളിലും വാർഡ് തല ജാഗ്രത കമ്മിറ്റികൾ തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തിനകം ചേരും. കോർപറേഷൻ പരിധിയിലുള്ളവർക്ക് പി.എച്ച്.സികൾ വഴി വാക്സിനേഷനുകളുടെ എണ്ണം കൂട്ടണം. ആദ്യ ഡോസ് വാക്സിൻ എടുത്ത് 84 ദിവസം എന്ന കാലാവധി കഴിഞ്ഞവർക്ക് അടിയന്തരമായി രണ്ടാമത്തെ ഡോസ് വാക്സിൻ ലഭ്യമാക്കണം.
ലോക്ഡൗൺ അവസാനിെച്ചങ്കിലും കണ്ണൂർ കോർപറേഷനിൽ പ്രവർത്തിച്ചുവരുന്ന ഹെൽപ് ഡെസ്ക് സംവിധാനം തുടരും. പരിശോധനകൾ പരമാവധി വർധിപ്പിക്കുന്നതിന് ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.