കണ്ണൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മറ്റും പൊതുമരാമത്ത് പ്രവൃത്തി പൂർത്തീകരിച്ചിട്ടും ഫണ്ട് നൽകാത്തതിൽ പ്രതിഷേധിച്ച് ഗവ. കരാറുകാർ സമരത്തിലേക്ക്. ഒരു മാസമായി ട്രഷറിയിൽ കടുത്ത നിയന്ത്രണമാണെന്നും ഓണത്തിനുപോലും പണം അനുവദിച്ച് നൽകിയില്ലെന്നും കരാറുകാർ പറയുന്നു. അസംസ്കൃത വസ്തുക്കൾക്കടക്കം വില വർധിച്ച സാഹചര്യത്തിൽ കൃത്യസമയത്ത് പ്രവൃത്തി പൂർത്തിയാക്കാൻ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്താണ് പലരും പ്രവർത്തിക്കുന്നത്.
പൊതുമരാമത്ത് പ്രവൃത്തി ഏറ്റെടുത്ത് യഥാസമയം പൂർത്തിയാക്കിയില്ലെങ്കിൽ വലിയ നിരക്കിലുള്ള പിഴയീടാക്കൽ അടക്കമുള്ള നടപടികൾ നേരിടേണ്ടി വരുന്നുണ്ട്. അതിനാൽ കരാർ കാലാവധിക്കുള്ളിൽ തന്നെയാണ് പ്രവൃത്തി പൂർത്തിയാക്കുന്നത്. ബിൽ സമർപ്പിച്ചിട്ടും യഥാസമയം ഫണ്ട് അനുവദിക്കാത്തത് വലിയ നഷ്ടമുണ്ടാക്കുന്നതായി കരാറുകാർ പറയുന്നു. കടം വാങ്ങിയും ലോണെടുത്തും പണി പൂർത്തിയാക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കൃത്യസമയത്ത് ഫണ്ട് ലഭിക്കാത്തതിനാൽ ജപ്തി ഭീഷണിയിലാണ് പലരും. പുതിയ കരാറുകളിൽ ഏർപ്പെടാനും സാധിക്കാത്ത സ്ഥിതിയാണ്.
പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയാറാക്കുന്നത് 2018ലെ ഡി.എസ്.ആർ (ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ്സ്) നിരക്ക് പ്രകാരമാണ്. നിരക്ക് പുതുക്കി നിശ്ചയിക്കാത്തതും തിരിച്ചടിയാണ്. നിർമാണ സാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റം കാരണം നിർമാണ മേഖലയും കരാറുകാരും പ്രതിസന്ധിയിലാണ്.
കേന്ദ്രസർക്കാർ വകുപ്പുകളിലെ പ്രവൃത്തികൾക്ക് 2022ലെ നിരക്കാണ് നൽകുന്നത്. എന്നാൽ, സംസ്ഥാന സർക്കാറിന്റെ വകുപ്പുകളിൽ 2018ലെ നിരക്കിലാണ് എസ്റ്റിമേറ്റ് തയാറാക്കുന്നതും ടെൻഡർ ഏറ്റെടുക്കുന്നതും. നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ വില ദിവസേന വർധിക്കുന്നതിനൊപ്പം ട്രഷറി നിയന്ത്രണം കൂടി ഏർപ്പെടുത്തിയാൽ ഈ മേഖലയിൽ പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയാണെന്നാണ് കരാറുകാരുടെ പരാതി.
പരാതികൾക്കൊടുവിൽ പഞ്ചായത്തുകളിലെ അഞ്ച് ലക്ഷം വരെയുള്ള ഫണ്ട് ഒരാഴ്ചയായി കൊടുക്കാൻ തുടങ്ങിയിട്ടുണ്ട്. അഞ്ച് ലക്ഷത്തിന് മുകളിലെ ബില്ലുകൾ മാറി നൽകേണ്ടെന്നാണ് നിർദേശം.
ആഗസ്റ്റ് 31 വരെ ട്രഷറിയിൽ കൊടുത്ത ബില്ലുകളിൽ അഞ്ച് ലക്ഷത്തിൽ താഴെയുള്ളവയാണ് ഇപ്പോൾ അനുവദിക്കുന്നത്. ജില്ല, ബ്ലോക്ക് പഞ്ചായത്തുകളിലെയും ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പ്, ഹാർബർ എൻജിനീയറിങ് തുടങ്ങിയ വിഭാഗങ്ങളിലെയും പത്തും മുപ്പതും ലക്ഷത്തിന്റെ ഫണ്ടുകൾ കെട്ടിക്കിടക്കുകയാണ്. ജില്ലയിൽ ഏകദേശം ആയിരത്തിലധികം ഗവ. കരാറുകാരുണ്ട്. ട്രഷറി നിയന്ത്രണം തുടർന്നാൽ പട്ടിണിയാകുമെന്ന് ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.