അഴീക്കോട്: വിലക്കയറ്റം വില്ലനായതോടെ ഒരാഴ്ച മുമ്പ് അഴീക്കൽ നങ്കൂരമിട്ട ഉരു ലക്ഷദ്വീപിലേക്ക് ചരക്ക് ലഭിക്കാതെ തുറമുഖത്ത് കുടുങ്ങി. മംഗളൂരു, ബേപ്പൂർ തുറമുഖങ്ങളെ അപേക്ഷിച്ച് ഒരു അടി ചരക്കിന് 10രൂപ മുതൽ 20 രൂപ വരെ കൂടുതൽ വില വ്യാപാരികൾ ആവശ്യപ്പെട്ടതോടെയാണ് ഉരു സർവിസിന് തിരിച്ചടിയായത്. ഇത്രയും അമിതമായ തുക നൽകി സാധനങ്ങൾ കയറ്റിെക്കാണ്ടുപോയാൽ ഭീമമായ നഷ്ടം നേരിടേണ്ടിവരുമെന്ന് ഉരു അധികൃതർ പറയുന്നു.
നിർമാണ സാമഗ്രികളായ കല്ല്, ജില്ലി, കമ്പി, സിമന്റ്, ജില്ലിപൊടി തുടങ്ങിയവയാണ് പ്രധാനമായും ലക്ഷദ്വീപിലേക്ക് കൊണ്ടുപോവുന്നത്. മംഗളൂരുവിനെ അപേക്ഷിച്ച് ദൂരം കുറവായതിൽ ചരക്ക് നീക്കത്തിന് ചെലവ് കുറയുമെന്നും അതിന്റെ ഗുണം ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കും ലഭിക്കുമെന്നും പ്രതീക്ഷിച്ചാണ് അഴീക്കലിൽനിന്ന് ഉരു സർവിസ് തുടങ്ങിയത്.
മൂന്നു കിലോമീറ്റർ അകലെ റെയിൽവേ സ്റ്റേഷനും വളപട്ടണത്ത് സിമന്റ് കമ്പനി ഗോഡൗണും ഉള്ളത് ചരക്ക് നീക്കത്തിന്റെ സാധ്യത വർധിപ്പിക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ നിർമാണസാമഗ്രികൾ ലഭിക്കാതായതോടെ ഉരു സർവിസ് പരുങ്ങലിലായി. നിലവിൽ ബേപ്പൂർ, മംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ദ്വീപിലേക്ക് സാധനങ്ങൾ എത്തിക്കുന്നത്. തേങ്ങ, കൊപ്ര, ഉണക്ക മീൻ എന്നിവ തിരിച്ചും കൊണ്ടുവരും.
നിർമാണ സാമഗ്രികളുടെ വില സംബന്ധിച്ച് കെ.വി. സുമേഷ് എം.എൽ.എയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എം.എൽ.എയുടെ നിർദേശപ്രകാരം ചേംബർ ഓഫ് കോമേഴ്സിനെ സമീപിച്ചെങ്കിലും അവരിൽനിന്ന് അനുകൂല സമീപനം ഇതേ വരെയുണ്ടായിട്ടില്ലെന്നാണ് വിവരം.
ഇപ്പോൾ സിമന്റ് കമ്പനിയുമായി ഉരു അധികൃതർ നേരിട്ട് ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 100 ടൺ സിമന്റ് ലഭ്യമായിട്ടുണ്ട്. എന്നാൽ അതുമാത്രമായി കയറ്റിക്കൊണ്ടുപോകാനും സാധ്യമല്ല. 280 ടൺ ഭാരത്തിലുള്ള ചരക്കുകൊണ്ടുപോകുന്ന ഉരുവിൽ 250 ടൺ സാധനങ്ങളെങ്കിലും കിട്ടിയാൽ മാത്രമേ പുറപ്പെടുകയുള്ളൂ.
വർഷങ്ങൾക്കു മുമ്പ് അഴീക്കലിൽ നിന്നും ലക്ഷദ്വീപിലേക്ക് ഉരു ഉപയോഗിച്ച് ചരക്ക് നീക്കം നടത്തിയിരുന്നു. എം.എൽ.എയുടെ പ്രത്യേക താൽപര്യം പരിഗണിച്ചാണ് ഇവിടെ ഉരു വീണ്ടും എത്തിയത്. മറ്റ് തുറമുഖത്തുനിന്നും ലഭിക്കുന്നതുപോലെ സാധനങ്ങൾ ഇവിടെനിന്ന് കയറ്റിക്കിട്ടിയാൽ അഴീക്കോട് നിന്നും മുടങ്ങാതെ സർവിസ് നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉരു കമ്പനി ഉടമകൾ.
എം.എൽ.എയുടെ ഭാഗത്തുനിന്നും അനുകൂല സമീപനം ഉണ്ടായിട്ടും ചരക്കു ലഭിക്കുന്ന കാര്യത്തിൽ ഇവിടത്തെ കച്ചവടക്കാരുടെ ഭാഗത്തുനിന്നും വേണ്ടത്ര സഹകരണം കിട്ടുന്നില്ലെന്ന് ഇവർ പറയുന്നു. ജില്ലിക്കും എം സാൻഡിനുമാണ് അമിത വില ആവശ്യപ്പെടുന്നത്.
അഴീക്കോട് നിന്നും 12 മുതൽ 18വരെ മണിക്കൂർ യാത്ര ചെയ്താൽ ദ്വീപിലെത്താം. അഴീക്കോട് തുറമുഖത്ത് നങ്കൂരമിട്ട നാൾ മുതൽ തുറമുഖ വാടകയും ദിനം പ്രതി കൂടിവരുകയാണ്. ഒമ്പത് തൊഴിലാളികൾക്ക് ശമ്പളവും നൽകണം. ഇത്രയും തുക നഷ്ടപ്പെടുത്തി ദീർഘനാൾ ഇവിടെ തുടരാൻ സാധ്യമല്ലെന്ന നിലപാടിലുമാണ് ഉരു കമ്പനി അധികൃതർ.
കൽപേനി കവരത്തി, ആന്ത്രോത്ത്, കവരത്തി എന്നീ ദ്വീപിൽ നിന്നുമാണ് ചരക്കുകൾക്കായി കൂടുതൽ ഓർഡർ ലഭിക്കുന്നത്. ദ്വീപിൽനിന്നും തിരികെ കൊണ്ടുവരാൻ ആവശ്യത്തിന് മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ട്. ഉരു സർവിസ് തുടങ്ങുംമുമ്പ് ചരക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച് അഴീക്കൽ തുറമുഖ ഉദ്യോഗസ്ഥർ, കമ്പനി ഡയറക്ടർമാർ എന്നിവർ ജില്ലയിലെ കച്ചവടക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.