കണ്ണൂർ: യാത്രക്കാർക്ക് ഏറെ ആശ്വാസമായിരുന്ന കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ പുനരാരംഭിക്കുന്നത് വൈകുന്നു. കൗണ്ടർ നിർമാണ പ്രവൃത്തി പൂർത്തിയായിട്ട് രണ്ടാഴ്ച ആയെങ്കിലും വൈദ്യുതി കണക്ഷൻ ലഭിക്കാത്തതാണ് കൗണ്ടർ തുറക്കാൻ വൈകുന്നത്. വൈദ്യുതി കണക്ഷനായി റെയിൽവേക്ക് അപേക്ഷ നൽകിയിട്ടുണ്ട്. റെയിൽവേയുടെ പേരിൽ ഡി.ഡി ആയി പണവും അടച്ചു. എന്നാൽ, ഈ തുക പാലക്കാട് ഡിവിഷൻ ഓഫിസിൽ ലഭിച്ചില്ലെന്നാണ് റെയിൽവേ പറയുന്നത്. തുടർന്നാണ് വൈദ്യുതി കണക്ഷൻ നൽകാൻ വൈകുന്നത്.
പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ വൈകുന്നതിനാൽ യാത്രക്കാർ പ്രതിഷേധത്തിലാണ്. റെയിൽവേയിൽനിന്ന് താൽക്കാലിക വൈദ്യുതി കണക്ഷൻ ഏർപ്പാടാക്കി കൗണ്ടർ പ്രവർത്തനം തുടങ്ങാനുള്ള തയാറെടുപ്പിലാണ് അധികൃതർ. പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ആരംഭിക്കാൻ രണ്ട് മാസം മുമ്പാണ് റെയിൽവേ അനുമതി ലഭിച്ചത്. കണ്ണൂർ ട്രാഫിക് എസ്.ഐയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ട്രോമാകെയറിനാണ് നടത്തിപ്പ് ചുമതല.
ഏറെക്കാലമായി പൂട്ടിയിട്ട കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ആഗസ്റ്റ് രണ്ടിന് ആരംഭിക്കാനാണ് നേരത്തെ ജില്ല വികസന സമിതി യോഗത്തിൽ അധികൃതർ തീരുമാനിച്ചത്.
എന്നാൽ, വൈദ്യുതി ലഭിക്കാത്തതോടെ പ്രവർത്തനം തുടങ്ങുന്നത് നീണ്ടുപോകുകയാണ്. പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ഫെബ്രുവരി ആദ്യവാരം തുറക്കാൻ ഈ വർഷം ആദ്യം കലക്ടർ നിർദേശിച്ചിരുന്നു. അത് നീണ്ടുപോവുകയായിരുന്നു. ധാരണപത്രം റെയിൽവേ അംഗീകരിച്ച മുറക്കാണ് പ്രവർത്തനം ഇപ്പോൾ ആരംഭിക്കുന്നത്.
പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ പ്രവർത്തിക്കാത്തതിനാൽ തോന്നിയതുപോലെ ഓട്ടോ കൂലി വാങ്ങുന്ന പരാതിയിൽ യാത്രക്കാരും ഓട്ടോ ഡ്രൈവർമാരും തമ്മിൽ തർക്കം പതിവായിരുന്നു. കൗണ്ടർ വരുന്നതോടെ യാത്രാകൂലി സംബന്ധിച്ച് മാനദണ്ഡമുണ്ടാകും. രാത്രിയിലടക്കം സ്റ്റേഷനിൽ എത്തുന്ന സ്ത്രീകൾ അടക്കമുള്ള യാത്രക്കാർക്ക് കൗണ്ടർ ആശ്വാസമാകും.
ഓരോരോ കാരണങ്ങളാൽ റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ പുനരാരംഭിക്കുന്നത് വൈകുന്നതിൽ യാത്രക്കാർ പ്രതിഷേധത്തിലാണ്. റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ ഇതുസംബന്ധിച്ച പരാതി ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.