തലശ്ശേരി: പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച തലശ്ശേരി കടൽതീരത്ത് വിനോദത്തിനെത്തുന്നവർക്ക് പ്രാഥമിക സൗകര്യത്തിന് ഇടമില്ല. കോടികൾ ചെലവിട്ടാണ് കടൽതീരം നവീകരിച്ചതെങ്കിലും ശൗചാലയം മാത്രം നോക്കുകുത്തിയായി. കടൽപാലം മുതൽ പോർട്ട് ഓഫിസ് വരെയുള്ള നടപ്പാതയിൽ സായാഹ്നങ്ങളിൽ ഉല്ലാസത്തിനെത്തുന്നവർ നിരവധിയാണ്. സിനിമ ചിത്രീകരണത്തിനും ഫോട്ടോ ഷൂട്ടിനും കടൽതീരവും പരിസരങ്ങളും വേദിയായതോടെയാണ് ഇവിടം നഗരത്തിലെ പ്രധാന വിനോദകേന്ദ്രമായത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ദിവസവും നൂറുകണക്കിനാളുകൾ വിനോദത്തിനായി ഇവിടെയെത്തുന്നുണ്ടെങ്കിലും അവർക്ക് പ്രാഥമികാവശ്യം നിറവേറ്റാൻ ഒരു സൗകര്യവുമില്ല.
കടൽപാലത്തിന് സമീപം സ്ത്രീകൾക്കും പുരുഷന്മാർക്കുമായി വെവ്വേറെ ശൗചാലയം നിർമിച്ചിട്ടുണ്ടെങ്കിലും അടഞ്ഞുകിടക്കുകയാണ്. ഇത് എപ്പോൾ തുറന്നുകൊടുക്കുമെന്ന് പറയാൻ ഉത്തരവാദപ്പെട്ടവർക്കാവുന്നില്ല. തലശ്ശേരി ജില്ല കോടതിക്കടുത്ത് വിനോദത്തിനായി രണ്ട് പാർക്കുകൾ ഉണ്ടെങ്കിലും ആളുകൾ കൂടുതൽ എത്തുന്നത് കടൽതീരത്താണ്. ഞായറാഴ്ചയാണ് ഇവിടെ വലിയ തിരക്കനുഭവപ്പെടുന്നത്. ശൗചാലയം പ്രവർത്തിക്കാത്തതിനാൽ സ്ത്രീകളാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്.
എങ്ങും മാലിന്യമയം
കടൽതീരത്തും കസ്റ്റംസ് റോഡിലെ പിക്ചർ സ്ട്രീറ്റിലും മാലിന്യമയം. വിനോദസഞ്ചാരികളെ ആകർഷിക്കുന്നവിധം ഇവിടെ അടുത്തകാലത്തായി മാറ്റങ്ങൾ വന്നെങ്കിലും മാലിന്യം തള്ളുന്നതിന് ഇനിയും അറുതിയായില്ല. കടൽതീരത്തും പിക്ചർ സ്ട്രീറ്റിലും ദിവസവും മാലിന്യം കുമിഞ്ഞുകൂടുന്ന കാഴ്ചയാണ്.
രാത്രിയുടെ മറവിലാണ് ഇവിടെ മാലിന്യം തള്ളുന്നത്. സിനിമ ചിത്രീകരണം നടന്ന സ്ഥലം ഇപ്പോൾ അലങ്കോലമാണ്. നടപ്പാതയിലും റോഡരികിലും മാലിന്യം അലക്ഷ്യമായി കിടക്കുകയാണ്. പിയർ റോഡിലും കടൽതീരത്തും സി.സി.ടി.വി കാമറകൾ ഉണ്ടെങ്കിലും ഇവിടെ മാലിന്യം തള്ളുന്നത് അധികൃതർ വേണ്ടവിധം ശ്രദ്ധിക്കുന്നില്ല. വൃത്തിയും വെടിപ്പും ഇവിടെ പേരിലൊതുങ്ങുന്നു.
വൈദ്യുതിവിളക്കുകളും ചരിഞ്ഞുതൂങ്ങി
കടൽതീരത്ത് വിനോദത്തിനെത്തുന്നവർക്ക് ദീപപ്രഭ ചൊരിയാൻ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച വൈദ്യുതി വിളക്കുകൾക്കും നിലനിൽപില്ല.
അടുത്തടുത്തായി സ്ഥാപിച്ച വിളക്കുകളിൽ ചിലതൊക്കെ ഒടിഞ്ഞുതൂങ്ങിയ നിലയിലാണ്. ചിലതിൽ വിളക്ക് കാണാനുമില്ല. ഗുണമേന്മയില്ലാത്തതാണ് ഇവിടെ സ്ഥാപിച്ച വിളക്കുകളെന്ന് പദ്ധതിയുടെ തുടക്കത്തിലേ പരാതി ഉയർന്നിരുന്നു.
കത്താത്ത വിളക്കുകളിൽ അറ്റകുറ്റപ്പണികൾ നടത്താൻ ആരും മുന്നോട്ടുവരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.