കണ്ണൂർ: െഎ.ആർ.പി.സി വളൻറിയർമാരുടെ നേതൃത്വത്തിൽ മൃതദേഹം സംസ്കരിച്ചത് രജിസ്റ്റർ ചെയ്യാൻ പയ്യാമ്പലത്തെ ജീവനക്കാർ തയാറാകാതിരുന്നത് പയ്യാമ്പലത്ത് സംഘർഷത്തിന് ഇടയാക്കി. െഎ.ആർ.പി.സി, ഡി.വൈ.എഫ്.െഎ തുടങ്ങിയ സംഘടനകളിലെ വളൻറിയർമാർ മൃതദേഹം സംസ്കരിച്ചാൽ രജിസ്റ്റർ ചെയ്യരുതെന്ന് കോർപറേഷൻ മേയറും ഹെൽത്ത് അധികൃതരും വാക്കാൽ നിർദേശം നൽകിയെന്നുപറഞ്ഞാണ് ശ്മശാനം ചുമതലക്കാരൻ രഞ്ചൻ മൃതദേഹം സംസ്കരിച്ചത് രജിസ്റ്റർ ചെയ്യാതിരുന്നത്. ഇതേതുടർന്ന് ബന്ധുക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ഡോ. വി. ശിവദാസൻ എം.പി, മുൻ എം.എൽ.എ എം. പ്രകാശൻ മാസ്റ്റർ എന്നിവർ സ്ഥലത്തെത്തി.
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ കോർപറേഷെൻറ നേതൃത്വത്തിൽ സൗജന്യമായി കോർപറേഷൻ ജീവനക്കാർതന്നെ സംസ്കരിക്കുമെന്ന് കഴിഞ്ഞദിവസം മേയർ അഡ്വ. ടി.ഒ. മോഹനൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച മുതലാണ് ഇൗ തീരുമാനം നിലവിൽവന്നത്. കോവിഡ് മരണം തുടങ്ങിയതു മുതൽ ഡി.വൈ.എഫ്.െഎ, െഎ.ആർ.പി.സി വളൻറിയർമാർ കോവിഡ് ബാധിച്ച നിരവധി പേരുടെ മൃതദേഹം ഇവിടെ തടസ്സമില്ലാതെ സംസ്കരിച്ചിരുന്നു.
തിലാനൂരിൽനിന്നെത്തിച്ച മൃതദേഹം സംസ്കരിച്ചതിെൻറ രജിസ്ട്രേഷൻ നടത്താൻ അധികൃതർ തയാറാകാത്തതാണ് പ്രതിഷേധത്തിനും സംഘർഷത്തിനും ഇടയാക്കിയത്. രാവിലെ തന്നെ രോഗി മരിച്ചതും സംസ്കരിക്കേണ്ടത് സംബന്ധിച്ചും ഹെൽത്ത് ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചിരുന്നുവെന്ന് തിലാന്നൂർ ഡിവിഷൻ കൗൺസിലർ കെ.പി. രജനി പറഞ്ഞു. ഇതിെൻറ അടിസ്ഥാനത്തിൽ കൗൺസിലറുടെ കത്തുമായാണ് മൃതദേഹം ദഹിപ്പിക്കാൻ ബന്ധുക്കളും െഎ.ആർ.പി.സി വളൻറിയർമാരും എത്തിയത്. എന്നാൽ, കൗൺസിലറുടെ കത്ത് വാങ്ങാൻപോലും ജീവനക്കാർ കൂട്ടാക്കിയില്ലെന്നും കൗൺസിലർ പറഞ്ഞു.
അതിനിടെ എടച്ചൊവ്വയിൽനിന്ന് കോവിഡ് ബാധിച്ചുതന്നെ മരിച്ച മറ്റൊരു മൃതദേഹവും പയ്യാമ്പലത്ത് െഎ.ആർ.പി.സി വളൻറിയർമാർ എത്തിച്ചിരുന്നു. ഡിവിഷൻ കൗൺസിലറുടെ കത്തുമായി എത്തിയ ഇവർക്കും ഒരുമണിക്കൂറിലേറെ കാത്തിരിക്കേണ്ടിവന്നു മൃതദേഹം സംസ്കരിക്കാൻ. ഒടുവിൽ ജീവനക്കാരെ മറികടന്നാണ് മൃതദേഹം സംസ്കരിച്ചത്.
സി.പി.എം നേതാക്കളുടെ ഇടപെടലിനെ തുടർന്ന് കൗൺസിലർമാരുടെ കത്തുകൾ വാങ്ങിവെക്കാൻ കോർപറേഷൻ അധികൃതർ ജീവനക്കാർക്ക് നിർദേശം നൽകി. കൗൺസിലർ അഡ്വ. ചിത്തിര ശശിധരൻ, െഎ.ആർ.പി.സി ചെയർമാൻ പി.എം. സാജിദ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു. പി.പി.ഇ കിറ്റ് ധരിച്ച് കോവിഡ് പ്രോേട്ടാൾ പാലിച്ച് എത് സംഘടനകളും സന്നദ്ധ വളൻറിയർമാരും മൃതദേഹം സംസ്കരിക്കാൻ വന്നാൽ അനുവദിക്കണമെന്നും അല്ലാത്തപക്ഷം പ്രസ്തുത മൃതദേഹവുമായി മരിച്ചവരുടെ ബന്ധുക്കൾ കോർപറേഷൻ ഒാഫിസിലേക്ക് പോയി കുത്തിയിരിപ്പ് നടത്തുമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.
കോർപറേഷൻ സ്ഥലം കൈയേറി മൃതദേഹം സംസ്കരിക്കുന്നത് ശരിയല്ലെന്ന് മേയർ അഡ്വ. ടി.ഒ. മോഹനനും പറഞ്ഞു. സേവനം എന്നനിലയിൽ നടത്തിയ സംസ്കാരങ്ങൾ സംബന്ധിച്ച് വ്യാപക പരാതി കിട്ടിയ സാഹചര്യത്തിലാണ് കോർപറേഷൻ തീരുമാനമെടുത്തതെന്നും ഇൗ തീരുമാനവുമായി കോർപറേഷൻ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിക്കുന്നതും രാഷ്ട്രീയ വിവാദമാകുന്നു. പയ്യാമ്പലം പൊതുശ്മശാനത്തില്‍ മൃതദേഹം കോർപറേഷൻ നേരിട്ട് സംസ്കരിക്കുമെന്ന നിലപാടിനോട് സി.പി.എം പ്രതികരിച്ചതോടെയാണ് പുതിയ വിവാദത്തിന് തുടക്കമായത്.
സിപി.എമ്മിെൻറ നേതൃത്വത്തിലുള്ള െഎ.ആർ.പി.സി എന്ന സന്നദ്ധ സംഘടനയാണ് നേരത്തെ സൗജന്യമായി പയ്യാമ്പലത്ത് കോവിഡ് രോഗികളുടെ മൃതദേഹം ദഹിപ്പിച്ചിരുന്നത്. ഇത്തരത്തിൽ ഒരു വർഷത്തിനിടെ 123 മൃതദേഹങ്ങൾ െഎ.ആർ.പി.സി സംസ്കരിച്ചിട്ടുണ്ട്. െഎ.ആർ.പി.സി വളൻറിയർമാരെ തടയാൻ ലക്ഷ്യമിട്ടാണ് കോർപറേഷെൻറ പുതിയ തീരുമാനമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചിരുന്നു. കോർപറേഷൻ നിലപാടിനെതിരെ കോർപറേഷനിലെ പ്രതിപക്ഷ കൗൺസിലർമാരും രംഗത്തെത്തിയിട്ടുണ്ട്.
കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കാന്‍ ഐ.ആര്.പി.സി, ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെ നിരവധി സന്നദ്ധ സംഘടനകളുടെ വളൻറിയര്‍മാര്‍ കോവിഡ് മാനദണ്ഡം പാലിച്ച് സൗജന്യമായി സേവനമനോഭാവത്തോടെ ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അവരെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കണം കോർപറേഷന് പുതുതായി ആരംഭിക്കുന്ന സംവിധാനമെന്നും എം.വി. ജയരാജൻ ആവശ്യപ്പെട്ടിരുന്നു. ജയരാജെൻറ പ്രസ്താവനക്കെതിരെ മേയർ തന്നെ പ്രതികരണവുമായി രംഗത്തുവന്നതോടെ പയ്യാമ്പലത്തെ സംസ്കാരവും രാഷ്ട്രീയ ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
അതിനിടെ പയ്യാമ്പലത്ത് സംസ്കാരം നടത്തുന്നതിൽനിന്ന് ഐ.ആർ.പി.സി വളൻറിയർമാരെ മാറ്റിനിർത്താനുള്ള നീക്കം അനുചിതവും അപലപനീയവുമാണെന്ന് സി.പി.എം കോർപറേഷൻ പാർലമെൻററി പാർട്ടി നേതാവ് എൻ. സുകന്യ മേയർക്ക് നൽകിയ കത്തിൽ അഭിപ്രായപ്പെട്ടു.
കോവിഡ് ആരംഭിച്ചതിനുശേഷം കഴിഞ്ഞ 15 മാസവും കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതിൽ കോർപറേഷന് ഒന്നും ചെയ്തിരുന്നില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. പയ്യാമ്പലത്ത് മൃതദേഹം സംസ്കരിക്കാന്‍, കോവിഡ് ബാധിച്ചവരാണെങ്കിലും അല്ലെങ്കിലും ഫീസൊന്നും വാങ്ങാതെ സൗജന്യമായ സേവനമാണ് കോർപറേഷന് ഉദ്ദേശിക്കുന്നതെങ്കില്‍ അതിനെ ആരും എതിര്‍ക്കുകയില്ല. ഇപ്പോള്‍ അങ്ങനെയല്ല ചെയ്യുന്നത്.
കോർപറേഷന് വെളിയിലുള്ള കോവിഡേതര മരണമാണെങ്കില്‍ നിശ്ചിത ഫീസ് വാങ്ങിക്കുന്നുണ്ട്. അത് ഒഴിവാക്കുകയാണ് വേണ്ടത്. കോർപറേഷന് വെളിയില്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് മൃതദേഹം സംസ്കരിക്കാന്‍ എത്തിക്കുന്നത് ആ പ്രദേശത്തുള്ള ബന്ധുക്കളടക്കമുള്ള സന്നദ്ധ വളൻറിയര്‍മാരും സന്നദ്ധ സേവകരുമാണ്. ഇവർ പ്രതിഫലം പറ്റുന്നവരല്ല. മേയര്‍ പ്രഖ്യാപിച്ച പുതിയ തീരുമാനം അത്തരക്കാരെ വിലക്കാനാവരുതെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം സംസ്കരിക്കാന്‍ പരിശീലനം നേടിയ 80 വളൻറിയര്മാരുള്ള സംഘടനകളെ ഒഴിവാക്കി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയുമെന്ന് മേയര്‍ കരുതരുത്. ഇവരെയെല്ലാം സഹകരിപ്പിക്കുകയാണ് മേയര്‍ ചെയ്യേണ്ടത്. അല്ലാതെ രാഷ്ട്രീയ കളി നടത്തുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പയ്യാമ്പലത്ത് മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കോർപറേഷനെടുത്ത തീരുമാനം സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാൻ എം.വി. ജയരാജനെ പോലെയുള്ളവർ ശ്രമിക്കുകയാണെന്ന് മേയർ അഡ്വ.ടി.ഒ. മോഹനൻ കുറ്റപ്പെടുത്തി.
ഒരു മഹാവ്യാധിയുടെ മുന്നിൽ ഭീതിയോടെ നിൽക്കുമ്പോൾ, പലർക്കും ഉറ്റവരെ നഷ്ടപ്പെടുമ്പോൾ അവരുടെ അന്ത്യകർമങ്ങൾപോലും ബാധ്യതയായി മാറുന്നതിൽനിന്ന് ആശ്വാസമേകുക എന്നതാണ് കോർപറേഷൻ ലക്ഷ്യം. കോവിഡ് ബാധിതനായ ഒരാൾ മരിക്കുേമ്പാൾ അവരുടെ മൃതദേഹം വീട്ടിൽ നിന്നോ ആശുപത്രിയിൽ നിന്നോ കോർപറേഷൻ സജ്ജമാക്കിയ ആംബുലൻസിൽ പയ്യാമ്പലത്ത് എത്തിച്ച് തീർത്തും സൗജന്യമായി സംസ്കരിക്കുക എന്നതാണ് കോർപറേഷൻ ഉദ്ദേശിക്കുന്നത്.
ആംബുലൻസിെൻറ വാടകയെക്കുറിച്ചോ പി.പി.ഇ കിറ്റിെൻറ ചെലവിനെക്കുറിച്ചോ ബോഡി ബാഗിെൻറ ചെലവിനെക്കുറിച്ചോ മരിച്ചവരുടെ ബന്ധുക്കൾ വേവലാതിപ്പെടേണ്ടതില്ല. വളൻറിയർമാരെ ഒഴിവാക്കുന്നതിനെക്കുറിച്ച് കോർപറേഷൻ തീരുമാനിക്കുകയോ പറയുകയോ ചെയ്തിട്ടില്ലെന്നും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടയിൽ കോർപറേഷൻ ഭരണത്തെ എങ്ങനെയെങ്കിലും മോശമായി ചിത്രീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ എം.വി. ജയരാജൻ ഉന്നയിക്കുകയാണെന്നും മേയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.