കണ്ണൂർ: ജില്ലയിൽ ഡിജിറ്റൽ സർവേക്കായി ഒന്നാംഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 14 വില്ലേജുകളിൽ ഒമ്പത് വില്ലേജുകളുടെ ഡിജിറ്റൽ സർവേ പൂർത്തിയായി. 14 വില്ലേജുകളിൽ അഴീക്കോട് സൗത്ത്, വളപട്ടണം, കണിച്ചാർ, തലശ്ശേരി, കോട്ടയം, പുഴാതി, പള്ളിക്കുന്ന്, കണ്ണൂർ-2, കരിക്കോട്ടക്കരി എന്നീ ഒമ്പത് വില്ലേജുകളുടെ ഡിജിറ്റൽ സർവേയാണ് പൂർത്തിയായത്. ശേഷിക്കുന്നതും താൽക്കാലികമായി നിർത്തിവെച്ചതുമായ വിളമന, ആറളം, ചാവശ്ശേരി, എളയാവൂർ, കണ്ണൂർ-1 എന്നീ അഞ്ച് വില്ലേജുകളുടെ ഡിജിറ്റൽ സർവേ പുനരാരംഭിച്ചിട്ടുണ്ട്. ജില്ലയിൽ 15000 ഹെക്ടറിൽ ആധുനിക സർവേ ഉപകരണങ്ങൾ ഉപയോഗിച്ച് ഡിജിറ്റൽ സർവേ പൂർത്തിയാക്കി.
കോർസ് (കണ്ടിന്യസ്ലി ഓപറേറ്റിങ് റഫറൻസ് സ്റ്റേഷൻസ്) സ്ഥാപിച്ചു ഡ്രോൺ, റിയൽ ടൈം കിനിമാറ്റിക് (ആർ.ടി.കെ), റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ (ആർ.ടി.എസ്) തുടങ്ങിയ അത്യാധുനിക സർവേ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഡിജിറ്റൽ സർവേ നടന്നു വരുന്നത്.കണ്ണൂർ സർവേ ഡെപ്യൂട്ടി ഡയറക്ടർ ഡി. മോഹൻദേവ്, സർവേ അസി. ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ് എന്നവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ ഡിജിറ്റൽ സർവേ നടന്നുവരുന്നത്. പയ്യന്നൂർ റീസർവേ സൂപ്രണ്ട് പി. സുനിൽ കുമാർ, തളിപ്പറമ്പ് റീസർവേ സൂപ്രണ്ട് കെ. രാജൻ, ശ്രീകണ്ഠാപുരം റീസർവേ സൂപ്രണ്ട് പി.കെ പ്രകാശൻ എന്നിവരാണ് വില്ലേജുകളുടെ ചുമതല നിർവഹിച്ചു വരുന്നത്.
ബന്ധപ്പെട്ട വില്ലേജുകളിലെ കൈവശക്കാർക്ക് അതത് വില്ലേജുകളിലെ ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫിസുകളിൽ ഹാജരായി റെേക്കാഡുകൾ പരിശോധിക്കാം. അപാകത ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകി ന്യൂനത പരിഹരിക്കാം. ഡിജിറ്റൽ സർവേ പ്രവർത്തനം സമയബന്ധിതമായും കുറ്റമറ്റരീതിയിലും പൂർത്തീകരിക്കുന്നതിന് മുഴുവൻ കൈവശക്കാരുടെയും സഹകരണം ആവശ്യമാണ്. ഭൂവുടമകൾ അവരുടെ കൈവശാതിർത്തിയിലെ കാടുകൾ വെട്ടിത്തെളിയിച്ചു നൽകിയും ആവശ്യപ്പെടുന്ന രേഖകൾ നൽകിയും ഡിജിറ്റൽ സർവേ റെേക്കാഡുകൾ കുറ്റമറ്റ രീതിയിൽ തയാറാക്കുന്നതിന് സർവേ ജീവനക്കാരോട് സഹകരിക്കണമെന്ന് ഡിജിറ്റൽ സർവേ അസി. ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.