കണ്ണൂർ: നവകേരള സദസ്സിന്റെ സംഘാടനത്തില്‍ ഒരു മനസ്സോടെ അണിചേരാനും ഉത്തരവാദിത്തം നിര്‍വഹിക്കാനും ഉദ്യോഗസ്ഥര്‍ തയാറാവണമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവകേരള സദസ്സിന്റെ സംഘാടന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നവകേരള സദസ്സ്. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ പരിപാടിയുടെ സംഘാടനത്തില്‍നിന്ന് മാറിനില്‍ക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള യാത്രയുടെ തുടക്കമാണിത്. എല്ലാവരും ആ യാത്രയുടെ ഭാഗമാവണമെന്നും മന്ത്രി പറഞ്ഞു.
നവംബര്‍ 20 മുതല്‍ 22 വരെയാണ് ജില്ലയിലെ നിയമസഭ മണ്ഡലങ്ങളില്‍ പരിപാടി നടത്തുക. ഓരോ മണ്ഡലങ്ങളിലേയും പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. പരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നതായി സംഘാടക സമിതി ചെയര്മാന്മാര് അറിയിച്ചു. എല്ലാ മണ്ഡലങ്ങളിലും സബ് കമ്മിറ്റികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി.
പരിപാടിയുടെ നിയന്ത്രണം, ക്രമസമാധാനനില, ട്രാഫിക് നിയന്ത്രണം എന്നിവയുടെ കാര്യത്തില്‍ പൊലീസ് സുസജ്ജമാണെന്ന് സിറ്റി കമീഷണര്‍ അജിത് കുമാര്‍ യോഗത്തെ അറിയിച്ചു. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍നിന്ന് പൈലറ്റ് ലൈസന്‍സ് നേടിയ സങ്കീര്‍ത്തന ദിനേശിന് മന്ത്രി കെ. രാധാകൃഷ്ണന് ഉപഹാരം നല്കി.
ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന്, എം.എല്‍.എമാരായ കെ.കെ. ശൈലജ, കെ.വി. സുമേഷ്, കെ.പി. മോഹനന്, രാമചന്ദ്രന് കടന്നപ്പള്ളി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, ഇരിക്കൂര്‍ മണ്ഡലം സംഘാടക സമിതി ചെയര്മാന് ഫാ. ജോസഫ് കവനാടിയില്‍, തളിപ്പറമ്പ് ആര്.ഡി.ഒ ഇ.പി. മേഴ്സി, എ.ഡി.എം കെ.കെ. ദിവാകരന് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.