ഒരുലക്ഷം തൊഴിൽദാന പദ്ധതി: പണമടച്ചിട്ടും ആനുകൂല്യമില്ലാതെ കർഷകർ

പേരാവൂർ: 1994ൽ സർക്കാർ ആവിഷ്കരിച്ച കാർഷിക മേഖലയിൽ ഒരു ലക്ഷം തൊഴിൽദാന പദ്ധതി പ്രകാരം 28 വർഷം മുമ്പ് ഗുണഭോക്തൃ വിഹിതം അടച്ച് അനുകൂല്യത്തിനായി കാത്തിരിക്കുന്ന കർഷകർ നിരാശയിൽ. 28 വർഷം മുമ്പ് ഗുണഭോക്‌തൃ വിഹിതം അടച്ചവരാണ് അർഹതപ്പെട്ട ആനുകൂല്യത്തിനായി നാലു വർഷമായി കൃഷിഭവനുകളിൽ അപേക്ഷ നൽകി കാത്തിരിക്കുന്നത്. പദ്ധതി പ്രകാരം കർഷകർക്ക് പ്രഖ്യാപിച്ച ആനൂകുല്യങ്ങൾ എല്ലാം ഇല്ലാതായതിനൊപ്പം 60 വയസ്സ് പൂർത്തിയായവർക്ക് പദ്ധതി പ്രകാരം ലഭിക്കേണ്ട പെൻഷൻ പോലും ലഭിക്കാത്ത അവസ്ഥയിലാണ് ഇപ്പോൾ. മരിച്ച കർഷകരുടെ ആശ്രിതർക്കുള്ള ആനുകൂല്യം പോലും നാലു വർഷമായി പരിഗണിച്ചിട്ടില്ല.

യുവതി, യുവാക്കളായ കർഷകർക്ക് കാർഷിക മേഖലയിൽ ഒരു ലക്ഷം തൊഴിൽദാന പദ്ധതിയായിരുന്നു അന്നത്തെ സർക്കാർ നടപ്പിലാക്കിയത്. പദ്ധതിയിൽ ചേരുന്ന കർഷകൻ ഒറ്റത്തവണ 1110 രൂപ അടച്ചാൽ 60 വയസ്സ് പൂർത്തിയാകുമ്പോൾ പ്രതിമാസം 1000രൂപ പെൻഷനും, 30,000രൂപ മുതൽ 60,000രൂപ വരെ സബ്‌സിഡിയും, മരണാനന്തരം കുടുംബത്തിനും അവകാശിക്കും ഒാരോ ലക്ഷം രൂപ വീതവും ലഭിക്കുന്നതായിരുന്നു പദ്ധതി. നാലുവർഷമായി പെൻഷനും സബ്‌സിഡിക്കും കൃഷിഭവനുകളിൽ അപേക്ഷ നൽകിയ കർഷകരാണ് ആനുകൂല്യത്തിനായി കാത്തിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ 8000ത്തിൽ അധികംപേർ പദ്ധതിയിൽ അംഗങ്ങളായിരുന്നു. സംസ്ഥാനത്ത് 87,000പേർ ഗുണഭോക്തൃ വിഹിതം അടച്ചിട്ടുണ്ട്.

ആറുപത് വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് മരണമടയുന്ന കർഷകന് ഒരുലക്ഷം രൂപയും ലഭിക്കേണ്ടതാണ്. ഇങ്ങനെ മരിക്കുന്ന കർഷകരുടെ അവകാശികളിൽ നിന്നുള്ള അപേക്ഷകൾപോലും പരിഗണിക്കുന്നില്ല. കർഷകർ ആനുകൂല്യത്തിന് അവരുടെ മേഖലയിലെ കൃഷിഭവൻ മുഖാന്തരമാണ് അപേക്ഷിക്കുന്നത്. അപേക്ഷകൾ മാസങ്ങളോളം കൃഷി ഭവനുകളിലും പിന്നീട് പ്രിൻസിപ്പൽ കൃഷി ഓഫിസുകളിലും കെട്ടികിടക്കുകയാണെന്നാണ് കർഷകർ പറയുന്നത്.

കർഷകരിൽ നിന്നും മുൻകൂറായി സ്വീകരിച്ച പണം 100 കോടിയിലധികം രൂപ പ്രസ്തുത പദ്ധതിയുടെ അക്കൗണ്ടിൽ ഉണ്ടെന്നാണ് വിവരാവകാശ രേഖ മുഖേന കിട്ടിയ മറുപടി. ഇതിൽ നിന്നുള്ള പണം ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കാണിച്ച് കർഷകർ കൃഷി മന്ത്രിക്ക് നേരിട്ടും നിവേദനം നൽകിയിരുന്നു.

തൊഴിൽദാന പദ്ധതിയിൽ അംഗങ്ങളായ കർഷകരെ കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും ബാങ്കിന്റെയും കൃഷിയുമായി ബന്ധപ്പെട്ട സമിതികളിൽ അംഗങ്ങളാക്കിയിരുന്നു. തുടക്കത്തിൽ ഉണ്ടായിരുന്ന പ്രതിനിധ്യം ഇപ്പോൾ ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് സബ്‌സിഡി ലഭ്യമാകുന്ന പദ്ധതികളിലും തൊഴിൽദാന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് മുൻഗണന നൽകുന്നില്ല.

ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് ചില പദ്ധതികളിൽ തൊഴിൽദാന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് മുൻഗണനലഭിച്ചിരുന്നു. പിന്നീട് ഒരു പദ്ധതിയും ഉണ്ടായിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. ആനുകൂല്യം ലഭിക്കുന്നതിനുമായി സമരത്തിനിറങ്ങാനാണ് തീരുമാനമെന്ന് ഒരു ലക്ഷം യുവ കർഷക സമിതി ജില്ല പ്രസിഡന്റ് മാത്യു കൊച്ചുതറയിൽ പറഞ്ഞു.

28 വർഷം മുമ്പ് പ്രഖ്യാപിച്ച 1000രൂപ പെൻഷൻ 5000 രൂപയാക്കി ഉയർത്തണമെന്നും, കർഷകർക്ക് നഷ്ടപ്പെട്ട പ്രതിനിധ്യം കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സമിതികളിലും പുനസ്ഥാപിക്കണമെന്നും , സബ്‌സിഡി 30,000രൂപയിൽ നിന്നും ഒരു ലക്ഷം രൂപയായും മരണാനന്തര സഹായം രണ്ട് ലക്ഷമായും ഉയർത്തണമെന്നും മാത്യു കൊച്ചുതറയിൽ പറഞ്ഞു.

Tags:    
News Summary - One Lakh Employment Scheme: Farmers without benefits despite payment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.