കണ്ണൂർ: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിൽ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയായ നെറ്റ്വര്‍ക്ക് കവറേജ് പ്രശ്നത്തിന് സത്വര പരിഹാരം കാണുമെന്ന് കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട കുട്ടികളുടെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കലക്ടര്‍ സംഘടിപ്പിച്ച അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മൊബൈല്‍, ഇൻറര്‍നെറ്റ് സേവന ദാതാക്കളുടെയും സഹകരണത്തോടെ പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ ഏഴിന് ടെലികോം പ്രതിനിധികളുടെ പ്രത്യേക യോഗം ചേരും.
അദാലത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ആളുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അദാലത്തില്‍ ഫോണ്‍വഴിയും ഫേസ്ബുക്ക് സന്ദേശങ്ങളായുമാണ് കലക്ടറെ അറിയിച്ചത്. ഫോണ്‍ കോളുകള്‍ക്ക് കലക്ടര്‍ നേരിട്ട് മറുപടി നല്കി. നെറ്റ്്വര്‍ക്ക് കവറേജ് ലഭ്യമല്ല എന്നതായിരുന്നു അദാലത്തില്‍ പങ്കെടുത്ത കൂടുതല്‍ പേരും ചൂണ്ടിക്കാട്ടിയ പ്രധാന പ്രശ്നം. ഇരിക്കൂര്‍, പേരാവൂര്‍, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിലെ ഉള്‍പ്രദേശങ്ങളിലും മലയോര മേഖലകളിലുമാണ് കൂടുതലായും നെറ്റ്വര്‍ക്ക് ലഭിക്കാത്ത പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടത്.
മറ്റിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഡാറ്റ കണക്ഷന് ഇല്ലാത്ത പ്രശ്നം ഉന്നയിക്കപ്പെട്ടു. ലൈവ് ക്ലാസുകള്‍ കാണുന്നതിനും അധ്യാപകര്‍ അയച്ചു കൊടുക്കുന്ന വിഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഇത് കാരണം വലിയ ബുദ്ധിമുട്ടാണെന്ന് കുട്ടികളും രക്ഷിതാക്കളും അറിയിച്ചു. റീചാര്‍ജുകള്‍ ചെലവേറിയതാണെന്നും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ വലിയ പ്രയാസം സൃഷ്ടിക്കുന്നുവെന്നതായും അദാലത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. സ്മാര്‍ട്ട് ഫോണ്‍, ടി.വി തുടങ്ങിയ പഠനോപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം മുടങ്ങുന്ന പ്രശ്നവും രക്ഷിതാക്കള്‍ കലക്ടറുടെ ശ്രദ്ധയിൽപെടുത്തി.
നെറ്റ് വര്‍ക്ക് കവറേജ് ഇല്ലാത്ത ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളുടെയും പട്ടിക തയാറാക്കി മൊബൈല്‍, ഇൻറര്‍നെറ്റ് സേവന ദാതാക്കളുമായി സഹകരിച്ച് ഉടന്‍ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് കലക്ടര്‍ അദാലത്തില്‍ ഉറപ്പുനല്‍കി. ഇതിനായി നിരീക്ഷണ കമ്മിറ്റിക്ക് രൂപം നല്‍കും. ആവശ്യമായ സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കും. ഇക്കാര്യത്തില്‍ ജനങ്ങളുടെ ഭാഗത്തു നിന്ന് സഹകരണമുണ്ടാവണം. നെറ്റ്വര്‍ക്ക് പ്രശ്നം പരിഹരിക്കുന്നതില്‍ അടിയന്തര ഇടപെടല്‍ നടത്താമെന്ന് അദാലത്തില്‍ പങ്കെടുത്ത മൊബൈല്‍ സേവനദാതാക്കളുടെ പ്രതിനിധികള്‍ കലക്ടര്‍ക്ക് ഉറപ്പുനല്‍കി.
കേബ്ള്‍ ടി.വി വഴിയുള്ള ബ്രോഡ്ബാൻഡ് കണക്ഷന് ലഭ്യമാക്കുന്നതിനുള്ള നടപടി കൈക്കൊള്ളുമെന്ന് കലക്ടര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ചുരുങ്ങിയ ചെലവില്‍ കൂടുതല്‍ ഡാറ്റ ലഭിക്കുന്ന രീതിയിലുള്ള സ്റ്റുഡന്‍സ് പാക്ക് റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അദാലത്തില്‍ ബി.എസ്.എൻ.എല്‍ പ്രതിനിധി അറിയിച്ചു.
തീരെ നെറ്റ് വര്‍ക്ക് ലഭ്യത ഇല്ലാത്ത ഇടങ്ങളില്‍ താല്‍ക്കാലികമായി പൊതുപഠനകേന്ദ്രങ്ങള്‍ ഒരുക്കിയതായി ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. മനോജ്കുമാര്‍ അറിയിച്ചു. ജില്ലയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യം ലഭ്യമാകാത്തവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരുന്നതായും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്കൂള്‍ തല സമിതി മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പട്ടികജാതി-പട്ടിക വര്‍ഗ കോളനികളിലെയും മറ്റു ദുര്‍ബല വിഭാഗങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ല കലക്ടര്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.