കണ്ണൂർ: ഗുണ്ടകൾക്കും ക്രിമിനലുകൾക്കുമെതിരെ ‘ഓപറേഷൻ ആഗ്’ എന്ന പേരിൽ സംസ്ഥാനവ്യാപക നടപടിയിൽ ജില്ലയിൽ കുടുങ്ങിയത് 260 പേർ. ശനിയാഴ്ച രാത്രി 11 ഓടെ തുടങ്ങിയ പരിശോധനയിൽ സിറ്റി പോലീസ്, റൂറൽ പരിധികളിലായി 130 പേർ വീതമാണ് അറസ്റ്റിലായത്. കണ്ണൂർസിറ്റി പരിധിയിൽ 225 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിശദമായി പരിശോധിച്ചതിൽ 130 പേർ അറസ്റ്റിലായി. തുടർച്ചയായ ക്രിമിനൽ കേസിലും ലഹരിക്കടത്തിലും ഉൾപ്പെട്ടവരാണ് അറസ്റ്റിലയാതെന്ന് സിറ്റി പൊലീസ് കമീഷനർ അജിത് കുമാർ പറഞ്ഞു. അറസ്റ്റിലായവരിൽ കാപ്പ നിയമത്തിലെ നിബന്ധനകൾ ലംഘിച്ച അഞ്ചുപേരും പിടികിട്ടാപ്പുള്ളികളായ ആറുപേരുമുണ്ട്. ഹോട്ടലുകൾ, ലോഡ്ജുകൾ, ബാറുകൾ, ഡിജെ പാർട്ടികൾ എന്നിങ്ങനെ 25 ഇടങ്ങളിലായിരുന്നു സിറ്റി പൊലീസിന്റെ പരിശോധന.
അഞ്ഞൂറോളം വാഹനങ്ങളും പരിശോധിച്ചു. അറസ്റ്റിലായവരുടെയും കസ്റ്റഡിയിലെടുത്തവരുടെയും കേസ് ഡയറി വിശദമായി പരിശോധിച്ചശേഷം തുടർനടപടികളെടുക്കും. ഇവരെ പൂർണമായും പൊലീസ് നിരീക്ഷിക്കും.
കണ്ണൂർ റൂറൽ ജില്ലയിൽ കൂടുതൽ പ്രശ്നക്കാരായ 130 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് മേധാവി എം. ഹേമലത അറിയിച്ചു. തളിപ്പറമ്പ് സബ് ഡിവിഷനിൽ 42 പേരും ഇരിട്ടിയിൽ 33 പേരും പേരാവൂരിൽ 28 പേരും പയ്യന്നൂരിൽ 27 പേരുമാണ് തടങ്കലിലായത്. ഇതിനു പുറമെ പിടി കിട്ടാപ്പുള്ളികളായ ഏഴ് പേരും പിടിയിലായി. കൂടുതൽ കേസുകളുള്ള 130 പേരെയാണ് കരുതലിൽ എടുത്തത്.
സിറ്റി, റൂറൽ ജില്ലകളിൽ ശനി രാത്രി പത്തിന് തുടങ്ങിയ ഓപ്പറേഷൻ ഞായർ പുലർച്ചെ 4.30നാണ് അവസാനിച്ചത്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നവരെ നിയമത്തിന് മുന്നിലെത്തിക്കുന്നതിനും ഗുണ്ടകൾക്കെതിരായ നിയമനടപടി ശക്തമാക്കുന്നതിന്റെയും ഭാഗമായാണ് പൊലീസിന്റെ ഓപറേഷൻ ആഗ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.