കണ്ണൂർ: പടന്നപ്പാലം-പാറക്കണ്ടി സ്കൂൾ റോഡിൽ വണ്ടിയോടിക്കണമെങ്കിൽ അൽപം സർക്കസ് അറിയണം. ചളിക്കുളമായി കിടക്കുന്ന റോഡിൽ വഴുതിവീഴുന്നവരും ചളിയിൽ പൂണ്ടുപോകുന്നവരും നിരവധി. പാസ്പോർട്ട് ഓഫിസിന് സമീപം മുതൽ ഒന്നര കിലോമീറ്ററോളം റോഡ് തകർന്നിരിക്കുകയാണ്. അഴുക്കുവെള്ളത്തിന്റെ പൈപ്പ് ഇടുന്നതിനായി ഒരുമാസംമുമ്പ് റോഡിന്റെ മധ്യഭാഗത്ത് കുഴിച്ചതാണ് ഈ അവസ്ഥക്ക് കാരണം.
കുഴി മണ്ണിട്ട് നികത്തിയെങ്കിലും ടാറിങ് നടത്തിയില്ല. സബിയുൽ റഷാദ് മസ്ജിദിനുസമീപം റോഡിലൂടെ വലിയ വാഹനങ്ങൾപോലും കടന്നുപോകാനാകാത്ത സ്ഥിതിയാണ്. പള്ളിയിലേക്കും മദ്റസയിലേക്കും വരുന്ന വിദ്യാർഥികൾ അടക്കമുള്ളവർ ബുദ്ധിമുട്ടിയാണ് വരുന്നത്. തിങ്കളാഴ്ച വൈകീട്ട് ആറിന് ഇതുവഴി മൂന്ന് സ്ത്രീകളുമായി വന്ന ഓട്ടോറിക്ഷയുടെ പിൻചക്രം കുഴിയിലായതോടെ വണ്ടി റോഡിൽ കുടുങ്ങി. യാത്രക്കാർക്ക് ഇറങ്ങാനാവാത്ത സ്ഥിതിയുമായി. പിന്നീട്, നാട്ടുകാർ ഓട്ടോ തള്ളിമാറ്റുകയായിരുന്നു.
ഇരുചക്രവാഹനങ്ങൾ തെന്നിവീണ് നിരവധിപേർക്കാണ് പരിക്കേറ്റത്. ചളിയിൽ കുടുങ്ങുന്ന വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് നാട്ടുകാർ തള്ളിമാറ്റുന്നത്. ടൗണിൽനിന്ന് പാസ്പോർട്ട് ഓഫിസിലേക്ക് എളുപ്പത്തിൽ എത്താനുള്ള മാർഗമായതിനാൽ നിരവധി വാഹനങ്ങളാണ് ഇതുവഴി വരുന്നത്. ചാലാട് ഭാഗത്തുനിന്ന് കണ്ണൂർ നഗരത്തിലേക്ക് വരുന്നവരും ഇതുവഴിയെത്തും. ഗേൾസ് ഹൈസ്കൂൾ, ടൗൺ എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ വിദ്യാർഥികളടക്കം ചളിയിൽകുളിച്ച് പോകേണ്ട അവസ്ഥയാണ്.
200ലേറെ കുടുംബങ്ങളാണ് ഈ ഭാഗത്തുള്ളത്. നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരമായില്ല. താളിക്കാവ് ഡിവിഷനിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതിലും കോർപറേഷൻ അവഗണനയിൽ പ്രതിഷേധിച്ചും കൗൺസിലർ ചിത്തിര ശശിധരൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.