കണ്ണൂർ: കളരിപ്പയറ്റ് സംരക്ഷിക്കാനായി മുന്നോട്ടുവന്ന കളരിപ്പയറ്റിലെ ഗുരുവാണ് പത്മശ്രീ നേടിയ എസ്.ആർ.ഡി. പ്രസാദ് ഗുരുക്കൾ. മലയാളത്തിലും ഇംഗ്ലീഷിലും പ്രഭാഷകൻ എന്നനിലയിലും കളരിപ്പയറ്റിൽ പ്രശസ്തനായ എഴുത്തുകാരൻ എന്നനിലയിലും അദ്ദേഹം മറ്റു ഗുരുക്കന്മാരിൽനിന്ന് വേറിട്ടുനിന്നു.
കളരിപ്പയറ്റിന്റെ അറിയപ്പെടുന്ന വക്താവായിരുന്ന പിതാവ് ചിറക്കൽ ടി. ശ്രീധരൻ നായരിൽനിന്നാണ് ചെറുപ്പത്തിൽതന്നെ കളരിപ്പയറ്റ് പഠിച്ചുതുടങ്ങിയത്. 1999ൽ കളരിയുടെ മുഴുവൻസമയ ചുമതലയും ഏറ്റെടുത്തു. കളരിപ്പയറ്റിനെക്കുറിച്ചുള്ള ശിൽപശാലകളും സെമിനാറുകളും നടത്തുന്ന പ്രസാദ് ഗുരുക്കൾ കളരിപ്പയറ്റിൽ ഡിപ്ലോമ കോഴ്സ് ആരംഭിച്ച കണ്ണൂർ സർവകലാശാലയിലെ വിസിറ്റിങ് ഫാക്കൽറ്റി കൂടിയാണ്.
കേന്ദ്ര സംഗീതനാടക അക്കാദമിയുടെ കീഴിൽ ന്യൂ ഡൽഹിയിൽ 2015ൽ നടന്ന ആദ്യ അന്താരാഷ്ട്ര യോഗാ ദിനത്തിൽ നടത്തിയ പ്രഭാഷണങ്ങളുടെ ഒരു പരമ്പരയാണ് പ്രധാന പരിപാടികളിലൊന്ന്.
കളരിപ്പയറ്റിൽ സമഗ്രസംഭാവനകൾ നൽകിയ ഇദ്ദേഹത്തിന് 2021ലെ ഫെലോഷിപ് ലഭിച്ചു. ശ്രീഭാരത് കളരിയുടെ ഗുരുക്കളും ആറ് പുസ്തകങ്ങളുടെ രചയിതാവുമാണ്. മെയ്പയറ്റ്, കളരിയിലെ കല, കളരിപ്പയറ്റ് വിജ്ഞാനകോശം, മറപിടിച്ച് കുന്തപ്പയറ്റ്, ഭരതകാണ്ഡം എന്നീ പുസ്തകങ്ങൾ രചിച്ചു.
ഫോക്ലോർ അക്കാദമിയുടെ ഗുരുപൂജ അവാർഡും കളരിപ്പയറ്റ് വിഞ്ജാനകോശം പുസ്തകത്തിന് ഫോക്ലോർ അക്കാദമിയുടെ ഗ്രന്ഥരചനാ അവാർഡും ലഭിച്ചിട്ടുണ്ട്. 2015ൽ കേന്ദ്രസർക്കാറിന്റെ ആയോധനകലക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഭാര്യ: സൗമിനി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.