വളപട്ടണം: മഴക്കാലമായതോടെ ആഫ്രിക്കൻ ഒച്ചിനെ പേടിച്ച് കഴിയേണ്ട അവസ്ഥയിലാണ് വളപട്ടണം പഞ്ചായത്തിലെ പള്ളിക്കുന്നുമ്പ്രത്തുകാർ. മൂന്നു വര്‍ഷത്തോളമായി മഴക്കാലമായാല്‍ വളപട്ടണം പുഴയോരത്ത് ഒച്ചുകളുടെ ശല്യം ഉണ്ടാകാറുണ്ട്. ഈ വർഷം ഒച്ചുശല്യം രൂക്ഷമാണെന്നാണ് ഈ ഭാഗത്തുള്ളവർ പറയുന്നത്. പ്രളയങ്ങൾക്ക് ശേഷമാണ് ഒച്ചുശല്യം കൂടിയത്. കിണറിലും ഇറങ്ങുന്ന ഒച്ചുകൾ കുടിവെള്ളത്തിനും ഭീഷണിയാണ്. പച്ചക്കറി, തെങ്ങ് കൃഷികളെയും ഇവ ബാധിക്കുന്നുണ്ട്.
ഇലകൾ തിന്നുനശിപ്പിക്കുന്ന ഒച്ചുകൾ കൃഷിക്കാർക്കും ഭീഷണിയാണ്. പഞ്ചായത്ത് ഗ്രാമസഭകളിലും ഈ വിവരം ഉന്നയിച്ചെങ്കിലും പരിഹരിക്കപ്പെട്ടില്ലെന്ന് പരാതിയുണ്ട്. എല്ലാ കൃഷികളും തിന്നുനശിപ്പിക്കുന്ന ഒച്ച് തെങ്ങുകളെയും കവുങ്ങിനെയും ആക്രമിക്കാൻ തുടങ്ങിയിട്ടും കൃഷിവകുപ്പും കാര്യമായ നടപടി സ്വീകരിച്ചില്ല. വീട്ടില്‍ ഭക്ഷണപദാർഥങ്ങളിലും കയറിപ്പറ്റുന്നതിനാല്‍ നാട്ടുകാര്‍ ഏറെ വിഷമത്തിലാണ്. വൈകീട്ട് വീട്ടുമുറ്റത്തും മതിലുകളിലും ഇഴഞ്ഞുനടക്കുന്ന ഒച്ചുകൾ രാത്രിയാകുന്നതോടെ വീട്ടിനകത്തേക്ക് പ്രവേശിക്കുകയാണ്.
മുതിർന്നവർക്കടക്കം പുറത്തിറങ്ങാനാവാത്ത സാഹചര്യമാണ്. ഇരുചക്ര വാഹനങ്ങളുടെയും ഓട്ടോയുടെയും സീറ്റിലും കാറിെൻറയും മറ്റും ഗ്ലാസിലും ഇവ വിഹരിക്കുന്നതുകാരണം ചില്ലറയൊന്നുമല്ല നാട്ടുകാരുടെ ബുദ്ധിമുട്ട്.
പള്ളിക്കുന്നുമ്പ്രം സബ് സ്റ്റേഷൻ ഭാഗത്തെ വീടുകളിലാണ് ഒച്ചുശല്യം രൂക്ഷം. രാവിലെയായാൽ ഒച്ചിനെ പിടികൂടി ബക്കറ്റിലിട്ട് ഉപ്പിട്ട് നശിപ്പിക്കലാണ് ഈ ഭാഗത്തുള്ളവരുടെ ജോലി. നേരത്തെ ചെമ്പിലോട് പഞ്ചായത്തിലും ഈ പ്രശ്നമുണ്ടായിരുന്നു. കൃഷി വകുപ്പുമായി ബന്ധപ്പെട്ട് ഒച്ച് ശല്യം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.