പാനൂർ: പാനൂരിൽ തെരുവുനായ് ആക്രമണം രൂക്ഷമായി. സ്കൂൾ പഠനത്തെ പോലും ബാധിക്കുന്ന രീതിയിൽ തെരുവുനായ് ശല്യം രൂക്ഷമായതോടെ അടിയന്തര ഇടപെടലുമായി നഗരസഭ രംഗത്തെത്തി. നഗരം കേന്ദ്രീകരിച്ച് നായക്ക് ഭക്ഷണം കൊടുക്കുന്നത് നിയന്ത്രിക്കാൻ യോഗം തീരുമാനിച്ചു. ജനവാസം ഇല്ലാത്ത സ്ഥലങ്ങളിൽ വെച്ച് മാത്രം ഭക്ഷണം കൊടുക്കും. നഗരത്തിലെ മുഴുവൻ തെരുവ് നായ് ക്കൾക്കും വാക്സിനേഷൻ ആരംഭിക്കും.
ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ തെരുവു നായ് ക്കൾക്ക് വന്ധ്യ കരണം നടത്തും. നഗര പരിസരത്ത് നായ ശല്യം അധികരിച്ചതിനാലാണ് ഒന്ന്, രണ്ട്, മൂന്ന്, നാല്, 39, 40, വാർഡ് കൗൺസിലർമാരുടെയും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, നഗരസഭയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം നഗരസഭ ചെയർമാൻ വി. നാസറിന്റെ നേതൃത്വത്തിൽ നടന്നത്. വൈസ് ചെയർമാൻ പ്രീത അശോക്.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചാർജ് ചെയർമാൻ എൻ.എ. കരീം, കൗൺസിലർമാരായ കെ.കെ. സുധീർ കുമാർ, പി.കെ. പ്രവീൺ, പെരിക്കാലി ഉസ്മാൻ, ഹാജിറ ഖാദർ, സവിത്രി, ഹെൽത്ത് സൂപർവൈസർ ബാബു, ഹെൽത്ത് ഇൻസ്പെക്ടർ മൊയ്തു എന്നിവർ പങ്കെടുത്തു.
അതേസമയം കഴിഞ്ഞ ദിവസം പന്ന്യന്നൂർ പഞ്ചായത്ത് പരിധിയിലെ ചമ്പാട് വെസ്റ്റ് യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി മുഹമ്മദ് റഫാൻ റഹീസ് തെരുവുനായുടെ കടിയേറ്റു ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സ്കൂൾ വിട്ടു വീട്ടിലേക്കു പോകുന്ന വഴിയിൽ ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിനു സമീപത്താണ് നായ് ആക്രമിച്ചത്. വലതു കൈക്കും കാലിനും ആഴത്തിൽ കടിയേറ്റു. വലതു കൈയിലെ മാംസം കടിച്ചുപറിച്ച നിലയിലാണ്.
പാനൂർ അയ്യപ്പക്ഷേത്രത്തിന് സമീപത്തെ കുനിയിൽ നസീറിന്റെയും മുർഷിദയുടെയും ഒന്നര വയസ്സ് പ്രായമുള്ള മകൻ ഐസിൻ നസീറിനെ ദിവസങ്ങൾക്ക് മുമ്പാണ് തെരുവുനായ് ആക്രമിച്ചു പരിക്കേൽപ്പിച്ചത്. വീട്ടിൽ നിന്ന് മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് നായ് ആക്രമിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടി കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കണ്ണ്, മൂക്ക്, ചെവി എന്നിവക്കെല്ലാം പരിക്കേറ്റു. പല്ലുകളും നഷ്ടമായി. പാനൂർ നഗരത്തിൽ നൂറിലേറെ നായ്ക്കൾ രാവും പകലുമില്ലാതെ സ്വൈര വിഹാരം നടത്തുകയാണ്. സാമൂഹികാരോഗ്യ കേന്ദ്രത്തിനുളളിൽ രാത്രി ആളുകൾക്ക് പ്രവേശിക്കാൻ പറ്റാത്ത രീതിയിൽ നായ് ക്കൂട്ടങ്ങളുണ്ട്.
കുട്ടികളെ സ്കൂളിലേക്കയക്കാൻ രക്ഷിതാക്കൾ മടിക്കുന്നതായി അധ്യാപകരും പറയുന്നു. മാസങ്ങൾക്ക് മുമ്പേ നഗരസഭയും വെറ്ററിനറി അസോസിയേഷനും ചേർന്ന് ‘നമ്മുടെ നാട് നമ്മുടെ നായ്’ എന്ന പദ്ധതി തുടങ്ങിയിരുന്നു. ശാസ്ത്രീയമായി തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. തുടർച്ച ഇല്ലാത്തതിനാൽ പദ്ധതി പരാജയപ്പെട്ട നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.