പാപ്പിനിശ്ശേരി: പഞ്ചായത്തിൽ പുതിയ മത്സ്യമാർക്കറ്റ് നിർമിക്കാൻ അനുവദിച്ച 75 ലക്ഷം ഉപയോഗപ്പെടുത്താത്തതിനാൽ നഷ്ടമാകാൻ സാധ്യത. അഞ്ചുവർഷം മുമ്പ് മുൻ എം.എൽ.എ കെ.എം. ഷാജിയുടെ ഇടപെടലോടെ ഹഡ്കോ അനുവദിച്ചതാണ് ഈ തുക. അത് ഉപയോഗപ്പെടുത്താൻ ആവശ്യമായ നടപടി മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. നാരായണന്റെ നേതൃത്വത്തിൽ ഊർജിത നടപടി ആരംഭിച്ചതായിരുന്നു. ഹഡ്കോയുടെ എൻജിനീയറിങ് വിങ് സ്ഥലത്തെത്തി എസ്റ്റിമേറ്റ് തയാറാക്കുകയും നിർമാണത്തിന്റെ പ്രാരംഭ ഘട്ടമായി മണ്ണ് പരിശോധനയും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി നിലവിലുള്ള മാർക്കറ്റിന്റെ ഒരുഭാഗം പൊളിച്ചു മാറ്റുകയും ചെയ്തു. പ്രദേശത്തെ റോഡ് ഇന്ത്യൻ റെയിൽവേയുടെ അധീനതയിലുള്ളതുമാണ്. നിർമാണപ്രവൃത്തി തുടങ്ങണമെങ്കിൽ റെയിൽവേയുടെ അനുമതി ആവശ്യമാണ്.ആയത് ലഭിക്കാനായി മുൻ ഭരണസമിതി റെയിൽവേയുടെ അനുമതിക്കായി പാലക്കാട് റെയിൽവേ അധികൃതരെ സമീപിച്ചിരുന്നു. സ്ഥലം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന നിർദേശം ലഭിച്ചിരുന്നു. എന്നാൽ, റെയിൽവേയുടെ ഭാഗത്തുനിന്ന് പിന്നീട് ഒരു മറുപടിയും ലഭിച്ചിട്ടില്ല.
തുടർന്ന് മാർക്കറ്റ് പൂർണമായും കെ-റെയിൽ അധികൃതർ പദ്ധതിക്കായി അളന്നെടുത്ത് കുറ്റിയിട്ടു. ഇതോടെ മാർക്കറ്റ് നിർമിക്കാൻ പഞ്ചായത്ത് തുടക്കമിട്ട പദ്ധതികളെല്ലാം കടലാസിലൊതുങ്ങി. അനുവദിച്ച 75 ലക്ഷം ഉപയോഗപ്പെടുത്താതെ ഹഡ്കോയിൽ ഉണ്ടെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശ്വാസം. ഈ അവസരത്തിൽ എം.എൽ.എ കെ.വി. സുമേഷ് സർക്കാറുമായി ബന്ധപ്പെട്ടെങ്കിലും അനുകൂല തീരുമാനങ്ങളൊന്നും ഉണ്ടായില്ല.
തുടർന്ന് മുൻ റെയിൽവേ ഗേറ്റിനു സമീപം വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന മാർക്കറ്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമവും തുടങ്ങി. കൃഷി ഓഫിസിനു സമീപത്തേക്ക് പഞ്ചായത്ത് അധികൃതർ നടപടിയും തുടങ്ങി. എന്നാൽ, നിലവിലുള്ള സ്ഥലത്തുനിന്ന് മാർക്കറ്റ് മാറ്റിസ്ഥാപിക്കുന്നതിന് നാട്ടുകാരുടെയും മത്സ്യ വിൽപനക്കാരുടെയും എതിർപ്പിനാൽ തീരുമാനം ഉപേക്ഷിച്ചു. ഇനി ഹഡ്കോ അനുവദിച്ച 75 ലക്ഷം പാപ്പിനിശ്ശേരിക്ക് നഷ്ടമാകാതെ നിലനിർത്താൻ പഞ്ചായത്ത് ഭരണ സമിതിയാണ് പോംവഴി കണ്ടെത്തേണ്ടത്.
അനുയോജ്യമായ മറ്റൊരിടത്ത് മത്സ്യമാർക്കറ്റ് മാറ്റിസ്ഥാപിച്ചാൽ ഹഡ്കോ അനുവദിച്ച 75 ലക്ഷം പഞ്ചായത്തിന് നഷ്ടമാകില്ലെന്നാണ് പ്രദേശവാസികളും മത്സ്യമാർക്കറ്റിലെ തൊഴിലാളികളും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.