പാപ്പിനിശ്ശേരി: വാഹനയാത്രക്കാർക്ക് അപകടക്കെണിയും ഭീഷണിയുമായി പാപ്പിനിശ്ശേരി മേൽപാലം. നിരവധി കുഴികളാണ് പാലത്തിലുള്ളത്. പുതിയ പാലം നിർമിച്ച് 2018ൽ തുറന്നു കൊടുത്തപ്പോൾ തുടങ്ങിയ പ്രശ്നങ്ങൾ ആറുവർഷമാകുമ്പോൾ കൂടുതൽ സങ്കീർണമാവുകയാണ്. 2013ലാണ് പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി റോഡിന് തറക്കല്ലിട്ട് പ്രവൃത്തി തുടങ്ങിയത്.
21 കി.മീ ദൈർഘ്യമുള്ള റോഡിന് 120 കോടിയായിരുന്നു ചെലവ്. ഇതിൽ 40 കോടിയും 550 മീറ്റർ ദൈർഘ്യമുള്ള പാപ്പിനിശ്ശേരി മേൽപാലത്തിനായിരുന്നു. റോഡിലെ താവം മേൽപാലത്തിന്റെ സ്ഥിതിയും സമാനമാണ്. കരാറുകാരെ കരിം പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി പറഞ്ഞിരുന്നു. എന്നാൽ, ഒന്നും ഉണ്ടായില്ല.
പാലം തുറന്നുകൊടുത്ത് നാലുമാസത്തിനുള്ളിൽ കുഴികൾ രൂപപ്പെട്ടു. വാഹനങ്ങൾ പോകുമ്പോൾ വലിയ കുലുക്കവും അനുഭവപ്പെട്ടിരുന്നു. ഒരുവർഷം കഴിയുമ്പോഴേക്കും കുഴികളുടെ എണ്ണം കൂടി. എക്സ്പാൻഷൻ ജോയന്റുകളിൽ വിള്ളലും അനുഭവപ്പെട്ടു.
മൂന്നുവർഷം കഴിയുമ്പോഴേക്കും പാലത്തിന്റെ അടിഭാഗത്തുനിന്ന് കോൺക്രീറ്റ് പ്ലാസ്റ്ററിങ് അടർന്നുവീണു. തുടർന്ന് വലിയ പ്രതിഷേധവും പരാതികളും ഉയർന്നതോടെ വിദഗ്ധർ പലവട്ടം പാലം സന്ദർശിച്ചിരുന്നു. രണ്ടുവർഷം മുമ്പ് ഒരുമാസത്തോളം പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തിയെങ്കിലും അപാകത അതേപടി നിലനിൽക്കുകയാണ്.
പാലം നിർമാണത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ട് വെളിച്ചം കണ്ടില്ല. പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുത്തെങ്കിലും അപാകതകൾ നിറഞ്ഞ രണ്ടു മേൽപാലവും ഇതേവരെ ഏറ്റെടുക്കാൻ തയാറായില്ല.
പാലത്തിൽ എന്നും കുഴിയടക്കൽ യജ്ഞമാണ് നടക്കുന്നത്. വർഷത്തിൽ 10 മുതൽ 15 തവണയെങ്കിലും കുഴിയടക്കുന്നത് പതിവാണ്. കുഴിയടക്കൽ പലപ്പോഴും പ്രഹസനമാണ്. കുഴികളിൽ ടാർ ഒഴിച്ച് പ്രതിഷേധം തണുപ്പിക്കാൻ ശ്രമിക്കുമ്പോൾ ടാർ ഉരുകി ഒലിച്ച് ഏതാനും ദിവസത്തിനുള്ളിൽ കുഴികൾ പഴയപടിയാകും. ഇരുചക്ര വാഹനങ്ങൾ കുഴിയിൽവീണ് പരിക്കേൽക്കുന്നവരുടെ എണ്ണം അനുദിനം വർധിച്ചുവരുന്നു. തെരുവുവിളക്ക് ഇല്ലാത്ത പാലത്തിലെ കുഴികളിൽവീണ് നിരവധി പേർക്കാണ് ഇതുവരെ പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.