കൂത്തുപറമ്പ്: യാത്രക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിക്ക് രക്ഷകരായി ബസ് ജീവനക്കാർ. മാനന്തവാടി -കണ്ണൂർ റൂട്ടിലോടുന്ന മൊതാൽ ബസിലെ യാത്രക്കാരിയായ ശൈലക്കാണ് ജീവനക്കാരുടെ സമയോചിത ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത്. മാനന്തവാടിയിൽ നിന്നും തലശ്ശേരിയിലേക്ക് പോകും വഴി നിടുംപൊയിലിലാണ് വയനാട് സ്വദേശിയായ ശൈലക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുകയായിരുന്ന ഇവർക്ക് ഡ്രൈവർ പ്രജോയ് അടിയന്തര ശുശ്രൂഷ നൽകി.
തുടർന്ന് സാധാരണ നിലയിലെത്തിയെങ്കിലും ചിറ്റാരിപ്പറമ്പിലെത്തിയപ്പോൾ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടു. ആരോഗ്യനില മോശമായതിനെ തുടർന്ന്, ബസ് മറ്റൊരു സ്റ്റോപ്പിലും നിർത്താതെ യാത്രക്കാരിയെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബസിലെ മുഴുവൻ യാത്രക്കാരും പൂർണമായി സഹകരിച്ചു. നിറയെ യാത്രക്കാരുമായി ആശുപത്രിയിലേക്കെത്തിയ ബസ് കണ്ടപ്പോൾ ആദ്യമൊന്ന് അമ്പരന്നെങ്കിലും കാര്യം മനസ്സിലാക്കിയ ജീവനക്കാർ യാത്രക്കാരിക്ക് അടിയന്തര ചികിത്സ നൽകി. ശേഷം ബസ് കണ്ണൂരിലേക്ക് യാത്ര തുടരുകയും ചെയ്തു.
വിവരമറിഞ്ഞ് ശൈലയുടെ തലശ്ശേരിയിലുള്ള ബന്ധുക്കളും ആശുപത്രിയിലെത്തി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ജീവിതത്തിെൻറ വളയം പിടിച്ചുള്ള ഓട്ടപ്പാച്ചിലിനിടയിലും നന്മ വറ്റിയിട്ടില്ലെന്ന് തെളിയിക്കുകയാണ് മൊതാൽ ബസിലെ ജീവനക്കാരായ റോബിനും പ്രജോയും റിയാസും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.