തളിപ്പറമ്പ്: ലോക സൈക്കിള്‍ ദിനത്തില്‍ സൈക്കിള്‍ യാത്ര ഹരമാക്കി ഹോംഗാര്‍ഡ് വി.വി. പവിത്രന്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡായ പവിത്രനാണ് 20 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് ജോലിക്കെത്തി മാതൃകയാവുന്നത്.
കോവിഡ് മഹാമാരിയുടെ ഭീതിയില്‍ പൊതുസമ്പര്‍ക്കം ഒഴിവാക്കാനായി കഴിഞ്ഞ ഒരുവര്‍ഷമായി സൈക്കിളില്‍ സഞ്ചരിച്ചാണ് ഇദ്ദേഹം ജോലിക്കെത്തുന്നത്. കൊട്ടില ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിന് സമീപത്തെ വീട്ടില്‍നിന്നാണ് എന്നും രാവിലെ സൈക്കിള്‍ യാത്ര തുടങ്ങുന്നത്. 60കാരനായ പവിത്രന് സൈക്കിള്‍ ചവിട്ടി ജോലിക്കെത്തുന്നതിനാല്‍ പൂര്‍ണ ആരോഗ്യവാനാണ്.
കോവിഡിന് മുമ്പ് എന്നും ബസിലായിരുന്നു നഗരത്തില്‍ എത്തിയിരുന്നത്. കോവിഡ് വ്യാപനം തുടങ്ങിയത് മുതല്‍ സ്വന്തമായുള്ള സൈക്കിളെടുത്ത് ജോലിക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. 11 വര്‍ഷമായി ഹോം ഗാര്‍ഡായി സേവനമനുഷ്ഠിക്കുകയാണ് ഇദ്ദേഹം. ഇതില്‍ എട്ട് വര്‍ഷവും ജോലി ചെയ്തത് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ്.
പയ്യന്നൂര്‍, കണ്ണപുരം, കണ്ണൂര്‍ പൊലീസ് സ്റ്റേഷനുകളിലും ഈ മുന്‍ കരസേന ഉദ്യോഗസ്ഥന് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോക സൈക്കിള്‍ ദിനത്തിലും മുടങ്ങാതെ സഞ്ചരിച്ച് ജോലിക്കെത്തിയതില്‍ അഭിമാനമുണ്ടെന്ന് പവിത്രന് പറഞ്ഞു. പുതുതലമുറ സൈക്കിള്‍ യാത്ര ജീവിതത്തിെൻറ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.