കണ്ണൂർ: തീരദേശ നിവാസികള്‍ക്ക് ആശ്വാസമായി പയ്യാമ്പലത്ത് പുലിമുട്ട് നിർമാണം പുരോഗമിക്കുന്നു. കല്ലിടൽ പ്രവൃത്തി തുടങ്ങി. ഞായറാഴ്ച മുതലാണ് വലിയ ലോറികളിൽ കല്ലിടൽ തുടങ്ങിയത്. 300 ലോഡ് കല്ല് വേണ്ടിവരുമെന്നാണ് നിഗമനം. ആറടി താഴ്ചയിൽ മണ്ണുമാന്തി ഉപയോഗിച്ച് കല്ല് പാകും.
ഒരുവര്‍ഷത്തിനുള്ളില്‍ നിർമാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കണമെന്നാണ് കരാറെങ്കിലും മാസങ്ങൾക്കുള്ളിൽ പുലിമുട്ട് ഒരുങ്ങുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ ഭാഗമായി നവംബറിൽ താല്‍ക്കാലിക റോഡ് നിര്‍മിച്ചിരുന്നു. പുലിമുട്ട് നിർമാണം പൂർത്തിയാകുന്നതോടെ പ്രദേശത്തെ വീടുകളിൽ വെള്ളം കയറുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകും.
പയ്യാമ്പലം ബീച്ചിന്റെ വടക്കുകിഴക്ക് ഭാഗത്ത് 280 മീ. നീളത്തിലാണ് പുലിമുട്ട് നിര്‍മിക്കുന്നത്. കണ്ണൂര്‍ കോര്‍പറേഷന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.95 കോടി രൂപ ചെലവിലാണ് നിർമാണം. ഇതോടെ തോട് വഴി സമീപപ്രദേശങ്ങളിലേക്ക് പൂഴി കയറുന്നത് ഒഴിവാക്കാനാവും.
കടല്‍ക്ഷോഭത്തിനിടെ വീടിനുള്ളില്‍ വെള്ളം കയറുന്നതിനാല്‍ ചാലാട്, പള്ളിയാംമൂല, പഞ്ഞിക്കിയില്‍, പയ്യാമ്പലം മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടുന്നത് പതിവായിരുന്നു. ബീച്ചിന്റെ പ്രവേശനകവാടം മുതല്‍ പുലിമുട്ട് നിര്‍മിക്കുന്ന ഭാഗം വരെ 300 മീ. നീളത്തിലാണ് നിലവിൽ റോഡ് ഒരുക്കിയത്. ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിനാണ് നിർമാണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.