പയ്യന്നൂർ: കണ്ണൂർ ജില്ലയിലെ സി.പി.എം ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന ചെറുതാഴം പാർട്ടി ഗ്രാമത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിനൊരു യു.ഡി.എഫ് തിരുത്ത്. പൊതു തെരഞ്ഞെടുപ്പിലെന്ന പോലെ ചൂടുംചൂരും നിലനിർത്തി 16ാം വാർഡിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിയാണ് യു.ഡി.എഫ് കാൽ നൂറ്റാണ്ടിന്റെ ചരിത്രം മാറ്റിയെഴുതിയത്.
ഹൈകോടതി നിർദേശപ്രകാരം കനത്ത പൊലീസ് സുരക്ഷയിലാണ് പഞ്ചായത്തിലെ 16ാം വാർഡായ കക്കോണിയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. സി.പി.എം സ്ഥാനാർഥിയായി സി. കരുണാകരനും യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥിയായ യു. രാമചന്ദ്രനുമായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്. 80 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാമചന്ദ്രൻ ജയിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു വോട്ടിന് നഷ്ടപ്പെട്ട വാർഡാണ് അതേ സ്ഥാനാർഥിയെ രംഗത്തിറക്കി യു.ഡി.എഫ് അട്ടിമറിയിലൂടെ വരുതിയിലാക്കിയത്.ഇതിന് മുമ്പ് 1995ലെ തെരഞ്ഞെടുപ്പിലാണ് പഞ്ചായത്തിൽ രണ്ടു വാർഡുകളിൽ യു.ഡി.എഫ് സ്ഥാനാർഥികൾ ജയിച്ചത്.
ഇപ്പോഴത്തെ 15, 16, 17 വാർഡുകൾ ഉൾപ്പെടുന്ന 9, 10 വാർഡുകളിൽ അന്ന് യഥാക്രമം കോൺഗ്രസിലെ വെള്ളാച്ചേരി കൃഷ്ണൻ, സി.വി. നാരായണൻ എന്നിവരാണ് ജയിച്ച് പഞ്ചായത്ത് ഭരണസമിതിയിലെത്തിയത്. പി.വി. അപ്പക്കുട്ടി പ്രസിഡന്റായ പഞ്ചായത്തിൽ അന്ന് എട്ട് സീറ്റുകൾ സി.പി.എമ്മിനും രണ്ടെണ്ണം കോൺഗ്രസിനുമുണ്ടായി. എന്നാൽ അതിന് മുമ്പും ശേഷവും പ്രതിപക്ഷ സാന്നിധ്യം പഞ്ചായത്തിനുണ്ടായില്ല. ആ ചരിത്രമാണ് രാമചന്ദ്രൻ തിരുത്തിയത്.
അതേസമയം, സി.പി.എമ്മിലെ ചില ജാതി പ്രശ്നങ്ങളാണ് യു.ഡി.എഫിന് വഴിയൊരുക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രദേശത്ത് മാസങ്ങളായി നിലനിൽക്കുന്നുണ്ട്. ഇതാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
സി.പി.എമ്മിന് ലഭിക്കേണ്ട 150 ഓളം വോട്ടുകൾ എതിർ ഭാഗത്തേക്ക് മാറിയതാണ് ചരിത്രത്തെ മാറ്റിയതെന്ന് വിലയിരുത്തപ്പെടുന്നു. മാറ്റം താൽകാലികമാണെന്നും പ്രശ്നം ഗൗരവത്തോടെ പാർടി ചർച്ച ചെയ്യുമെന്നും മുതിർന്ന സി.പി.എം നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
പുത്തൂർ, കോക്കാട് തുടങ്ങിയ പരമ്പരാഗത കോൺഗ്രസ് കേന്ദ്രങ്ങൾ ഇക്കുറി ആവേശത്തോടെ രംഗത്തെത്തിയതും യു.ഡി.എഫിന് തുണയായി. അതേസമയം, ബി.ജെ.പി വോട്ടുകൾ യു.ഡി.എഫ് നൽകിയതാണ് വിജയകാരണമെന്നാണ് സി.പി.എം. ഔദ്യോഗികമായി നൽകുന്ന ന്യായീകരണം.
എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് ലഭിച്ചത് 49 വോട്ടുകളാണ്. ഇക്കുറി യു.ഡി.എഫ് ഭൂരിപക്ഷം 80 ആണ്. അതുകൊണ്ട് വോട്ടുമിറക്കൽ ആരോപണത്തിൽ കഴമ്പില്ലെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.