പയ്യന്നൂർ: കണ്ണൂർ ആയുർവേദ കോളജിന്റെ പ്രധാന കവാടത്തിനകത്തുള്ള റോഡിലെ ഓട്ടോസ്റ്റാൻഡിനു അനുമതി നിഷേധിച്ചത് ഡ്രൈവർമാർ പെൺകുട്ടികളോട് മോശമായി പെരുമാറിയതിനാലെന്ന് പ്രിൻസിപ്പൽ. ഓട്ടോസ്റ്റാൻഡ് നിർത്തലാക്കിയെന്ന മാധ്യമങ്ങളിലെ വാർത്ത സംബന്ധിച്ച വിശദീകരണക്കുറിപ്പിലാണ് പ്രിൻസിപ്പൽ ഡ്രൈവർമാർക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
കോളജിന്റെയോ സർക്കാറിന്റെയോ അനുമതിയില്ലാതെ അനധികൃതമായി കോളജ് കാമ്പസിൽ പ്രവർത്തിച്ച ഓട്ടോസ്റ്റാൻഡിൽ നിന്ന് വിദ്യാർഥിനികൾക്കെതിരെ മോശം പെരുമാറ്റമുണ്ടായെന്ന് കോളജ് വിദ്യാർഥി യൂനിയനിൽനിന്ന് ലഭിച്ച പരാതി പ്രകാരമാണ് ഓട്ടോസ്റ്റാൻഡ് പ്രവർത്തിച്ചുവരുന്ന കോളജ് കവാടത്തിനരികിൽ കോളജ് അധികൃതർ രണ്ട് നോപാർക്കിങ് ബോർഡുകൾ സ്ഥാപിച്ചത്.
കോളജ് അധികൃതർ ഒരുതരത്തിലും ഗതാഗത തടസ്സം ഉണ്ടാക്കി ബോർഡ് സ്ഥാപിച്ചിട്ടില്ല. നിരന്തരം ഒഴിയാൻ ആവശ്യപ്പെട്ടതിൽ വിരോധമുള്ളവർ പ്രസ്തുത ബോർഡുകൾ റോഡിന്റെ മധ്യത്തിലേക്ക് മാറ്റി സ്ഥാപിച്ച് അതിനകത്തു മരത്തടികൾ ഇട്ട് ബോധപൂർവം ഗതാഗത തടസ്സം സൃഷ്ടിച്ച ശേഷം മാധ്യമങ്ങളെ അറിയിച്ച് കോളജ് അധികൃതർ ഗതാഗത തടസ്സം സൃഷ്ടിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
കോളജിന്റെയും ആശുപത്രിയുടെയും പ്രധാന കവാടത്തിനകത്തെ റോഡിൽ ഓട്ടോസ്റ്റാൻഡിന്റെ പ്രവർത്തനം വിലക്കി പ്രിൻസിപ്പൽ മൂന്നുതവണ നോട്ടീസ് നൽകുകയും നിർദേശം പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഓട്ടോ തൊഴിലാളികൾ രേഖാമൂലം നോട്ടീസ് കൈപ്പറ്റാതെ ഓട്ടോസ്റ്റാൻഡിന്റെ പ്രവർത്തനം തുടർന്നുപോവുകയാണുണ്ടായത്. അനധികൃതമായി പ്രവർത്തിച്ചുവരുന്ന ഓട്ടോ സ്റ്റാൻഡ് മൂലം ഗതാഗത തടസ്സം ഉണ്ടാവുകയും പെൺകുട്ടികളോട് മോശം പെരുമാറ്റം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് ബോർഡ് സ്ഥാപിച്ചത്.
ഓട്ടോസ്റ്റാൻഡിന്റെ പ്രവർത്തനം രാത്രി ഒമ്പതുവരെ നീളുകയും കോളജിലെ പെൺകുട്ടികളുടെ നേരെ മോശം നോട്ടവും പെരുമാറ്റവും ഉണ്ടാവുകയും പ്രസ്തുത സ്ഥലത്തുനിന്ന് മദ്യക്കുപ്പികൾ കണ്ടെത്തുകയും ചെയ്തതായി കോളജ് യൂനിയൻ പരാതി നൽകിയതായും പ്രിൻസിപ്പൽ അറിയിച്ചു.
90 ശതമാനം പെൺകുട്ടികൾ പഠിക്കുന്ന കോളജിൽ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ലഹരിവിമുക്തമായ കാമ്പസ് നിലനിർത്തുന്നതിനും കോളജ് ബാധ്യസ്ഥമാണ്. കോളജ് സ്ഥാപിച്ച ബോർഡ് രാത്രിയുടെ മറവിൽ നശിപ്പിച്ചതായും ഇതിലൂടെ 5000 രൂപ നഷ്ടമുണ്ടായതായും അധികൃതർ പറഞ്ഞു. ഇതുസംബന്ധിച്ച് പരിയാരം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയതായും പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.