പയ്യന്നൂർ: എട്ടാം ക്ലാസിൽ 10 ഡിവിഷനുകളുണ്ട് കരിവെള്ളൂർ എ.വി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ. 325 കുട്ടികളും. ഈ പത്ത് ഡിവിഷനുകളിലെയും ക്ലാസ് പി.ടി.എ യോഗങ്ങൾ കഴിഞ്ഞു. സംശയിക്കേണ്ട, രക്ഷിതാക്കളും വിദ്യാർഥികളും അധ്യാപകരും പങ്കെടുത്ത യോഗം നടന്നത് ഓൺലൈനായി തന്നെ. ഒപ്പം കലാപ്രവർത്തനവും. അതേ, ഈ സർക്കാർ വിദ്യാലയം വേറെ 'െലവലി'ലാണ്.
കോവിഡ് കാലം തകർത്തെറിഞ്ഞത് പഠനത്തെ മാത്രമല്ല, വിദ്യാർഥികളുടെ സർഗാത്മകത തേച്ചുമിനുക്കുന്ന കലോത്സവങ്ങൾ കൂടിയാണ്. ഓൺലൈൻ പഠനം അധ്യയനാരംഭത്തിൽതന്നെ തുടങ്ങിയിരുന്നു കരിവെള്ളൂർ സ്കൂളിൽ. കലയെയും സാഹിത്യത്തെയും കുറിച്ചുള്ള ചിന്തയാണ് മുഴുവൻ നവാഗതരെയും അണിനിരത്തി ഓൺലൈൻ കലോത്സവത്തിലെത്തിച്ചത്. മത്സരമില്ലാതെ എല്ലാ വിദ്യാർഥികളും അവർക്ക് അഭിരുചിയുള്ള കലയുമായി ഓൺലൈനിൽ എത്താനായിരുന്നു സർഗോത്സവം 2020 എന്ന് പേരിട്ട പരിപാടിയിൽ നിർദേശിച്ചത്.
എട്ടാം തരത്തിൽ പ്രവേശനം ലഭിച്ച 325 വിദ്യാർഥികളിൽ 60 ശതമാനം പേരും വിവിധ സർഗസഞ്ചാരവുമായി മേളയിലെത്തി. നാലുനാൾ നീണ്ട മേള നടന്നത് വൈകീട്ട് ഏഴുമുതൽ രാത്രി 9.30 വരെ. ഇതിലൂടെ നവാഗതരായ തങ്ങളുടെ കുട്ടികളെ കാണാനും അവരുടെ സർഗവാസനകൾ ആസ്വദിക്കാനും അധ്യാപകർക്കും രക്ഷിതാക്കൾക്കും സാധിച്ചു.
എല്ലാവരെയും ഒരു ദിവസം ഒരുമിച്ച് ഓൺലൈൻ വേദിയിലെത്തിക്കാനും തീരുമാനമുണ്ട്. ആട്ടവും പാട്ടും കവിതാലാപനവും ചിത്രരചനയുമായി സമൃദ്ധമായിരുന്നു സർഗോത്സവമെന്ന് അധ്യാപകർ പറഞ്ഞു. വിദ്യാലയത്തിലെത്താനാവാതെ വിഷമിച്ചിരിക്കുന്ന വിദ്യാർഥികളുടെ മാനസികോല്ലാസം വർധിപ്പിക്കാനും വിനോദത്തിനും പ്രവർത്തനം സഹായിച്ചതായി പ്രധാനാധ്യാപകൻ ഭരതൻ മാസ്റ്റർ 'മാധ്യമ'ത്തോട് പറഞ്ഞു.
എട്ട് 'ജി'യിലെ കുട്ടികൾക്ക് എല്ലാവരെയും പരിചയപ്പെടാൻ മറ്റൊരു വേദി കൂടി ക്ലാസ് ടീച്ചറും മലയാളം അധ്യാപികയുമായ പി. രാധാമണി ടീച്ചർ ഒരുക്കി. 35 കുട്ടികളുടെയും അധ്യാപകരുടെയും പടങ്ങൾ കോർത്തിണക്കി നിർമിച്ച വിഡിയോ ആൽബമാണ് ഈ അവസരമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.