പയ്യന്നൂർ: പയ്യന്നൂരിൽ കൈക്കൂലി കേസിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിലായതിനുപിന്നാലെ കടുത്ത നടപടികളുമായി വിജിലൻസ്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവിങ് സ്കൂളിലും വിജിലൻസ് റെയ്ഡ് നടത്തി. പിലാത്തറ ചുമടുതാങ്ങിയിൽ പ്രവർത്തിക്കുന്ന ഡ്രൈവിങ് സ്കൂളിലാണ് ബുധനാഴ്ച വൈകീട്ട് കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിെൻറ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ 22ഒാളം രേഖകൾ പിടിച്ചെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പയ്യന്നൂർ ആർ.ടി ഓഫിസിലെത്തിയ വിജിലൻസ് സംഘം എ.എം.വി.ഐ കരിവെള്ളൂർ തെരുവിലെ പി.വി. പ്രസാദിനെ (43) കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടികൂടിയത്.
വാഹനത്തിെൻറ സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷകരോട് പണം ആവശ്യപ്പെടുന്നുവെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ ഇയാൾ രണ്ട് മാസമായി വിജിലൻസിെൻറ നിരീക്ഷണത്തിലായിരുന്നു. രണ്ട് വണ്ടികളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് സമീപിച്ച ഇടപാടുകാരനോട് ഓരോ വാഹനത്തിനും 3000രൂപ വീതം നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടുവത്രെ. രണ്ടുതവണ തുകയുമായി വാഹന ഉടമ എത്തിയെങ്കിലും അതുപോരെന്നുപറഞ്ഞ് ഒഴിവാക്കി. ഇതേത്തുടർന്നാണ് സംഭവം വിജിലൻസിെൻറ ശ്രദ്ധയിൽപെടുത്തിയത്. വിജിലൻസ് ഫിനോഫ്തലിൻ പുരട്ടിയ 6000 രൂപയുമായി വാഹന ഉടമയെ പ്രസാദിെൻറ അടുത്തേക്ക് അയച്ചു.
പണം വാങ്ങിയ പ്രസാദ് ഉടൻ ഓഫിസിെൻറ താഴെ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റ് നടത്തിപ്പുകാരന് കൈമാറുകയായിരുന്നുവത്രെ. മുണ്ടുടുത്ത് ആർ.ടി ഓഫിസ് പരിസരത്ത് നിലയുറപ്പിച്ച വിജിലൻസ് ഡിവൈ.എസ്.പി ഉൾപ്പെട്ട സംഘം ഉടനെത്തി പ്രസാദിനെ പിടികൂടി. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ചുമടുതാങ്ങിയിലെ ഡ്രൈവിങ് സ്കൂളിലും റെയ്ഡ് നടത്തിയത്. കൈക്കൂലി കേസിൽ അസി. വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിലായതോടെ പയ്യന്നൂർ ആർ.ടി ഓഫിസുമായി ബന്ധപ്പെട്ടുള്ള നിരവധി ക്രമക്കേടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ചുമടുതാങ്ങിയിലെ ഡ്രൈവിങ് സ്കൂൾ ഉടമ വെഹിക്കിൾ ഇൻസ്പെക്ടറുമായി ചേർന്ന് ആർ.ടി ഓഫിസിൽ അവിഹിതമായി ഇടപെട്ട് കാര്യങ്ങൾ നേടിയതായി തെളിഞ്ഞിട്ടുണ്ട്. എ.എം.വി.ഐയെ പിടികൂടിയതിനുപിന്നാലെ കരിവെള്ളൂരിലെ വീട് റെയ്ഡ് ചെയ്ത് 69,000 രൂപയും സ്ഥലം വാങ്ങിയതിെൻറ രേഖയും ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു. പരാതിക്കാരൻ നൽകിയ 6000 രൂപ കൂടാതെ 4500 രൂപയും സൂപ്പർ മാർക്കറ്റ് നടത്തിപ്പുകാരനിൽനിന്നാണ് വിജിലൻസ് കണ്ടെടുത്തത്. ഫിനോഫ്തലിൻ കൈയിൽ പുരളാതിരിക്കാനാണത്രെ തുക മറ്റൊരു സ്ഥാപനത്തിൽ നൽകുന്നത്. അന്വേഷണം പൂർത്തിയാവുമ്പോഴേക്കും കൂടുതൽ പേർ പ്രതിപ്പട്ടികയിൽ എത്തുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.