പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ വാഹനാപകടങ്ങളുടെ പരമ്പര. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ അപകടത്തിൽപെട്ട് മൂന്നുപേർക്ക് പരിക്കേറ്റതാണ് ഒടുവിൽ യാത്രക്കാർക്ക് പരിക്കേറ്റ സംഭവം. ഭക്തർ സഞ്ചരിച്ച വാൻ ടയർ പൊട്ടി നിയന്ത്രണംവിട്ട് രാമപുരം പാലത്തിന്റെ കൈവരിയിൽ ഇടിച്ചായിരുന്നു അപകടം.
കർണാടകയിലെ ധാവണക്കര സ്വദേശികളായ സമ്പത്ത് (29), രവിചന്ദ്ര (30), ദന്തപ്പ (35) എന്നിവരാണ് പരിക്കേറ്റ് പരിയാരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ശനിയാഴ്ച രാവിലെ പത്ത് മണിയോടെ എരിപുരത്ത് മാടായി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുവെച്ച് ഇന്നോവ കാറാണ് ഭാഗ്യംകൊണ്ട് ആളപായങ്ങളില്ലാതെ അപകടത്തിൽപെട്ടത്. ഇതേസ്ഥലത്തുവെച്ച് രണ്ടുദിവസം മുമ്പാണ് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ഇതേപാതയിൽ ഒരു കിലോമീറ്റർ അകലെ പഴയങ്ങാടിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് വ്യാഴാഴ്ചയും അപകടമുണ്ടായി. താവം മേൽപാലത്തിലും കാറും ലോറിയും കൂട്ടിയിടിച്ച് സമാനമായ മറ്റൊരപകടവും അതേദിവസം തന്നെയായിരുന്നു. പഴയങ്ങാടി ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് പിറ്റേദിവസം അപകടത്തിൽപെട്ടത് കാറായിരുന്നു.
അടുത്തില സ്വദേശി ബാലകൃഷ്ണന് (65) കെ.എസ്.ടി.പി പാതയിൽ അടുത്തിലയിൽ വെച്ചാണ് ബൈക്കിടിച്ച് പരിക്കേറ്റത്. 13 ദിവസങ്ങളിലായി കെ.എസ്.ടി.പി പാതയിൽ ആറ് കി.മീറ്റർ ദൈർഘ്യത്തിൽ നടന്നത് എട്ട് വാഹനാപകടങ്ങളാണ്. വീതികുറഞ്ഞതും കയറ്റിറക്കംകൊണ്ട് സങ്കീർണമായതുമായ പാത നവീകരിച്ചാണ് അത്യാധുനികരീതിയിലുള്ള പാത നിർമിച്ചത്.
അപകടം ഒഴിവാക്കിയുള്ള ഗതാഗതം കൂടി ലക്ഷ്യമിട്ടായിരുന്നു നിർമാണം പൂർത്തീകരിച്ചതെങ്കിലും മറ്റൊരു പാതയിലും സമാനതകളില്ലാത്തയത്ര വാഹനാപകടങ്ങളാണ് ഇവിടെ നടന്നത്. 2017 നവംബറിൽ ഇതേപാതയിൽ മണ്ടൂരിലുണ്ടായ സ്വകാര്യ ബസപകടത്തിൽ മാതാവും മകനുമുൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയ വൃദ്ധന്മാരടക്കമുള്ള നിരവധി കാൽനടയാത്രക്കാർക്ക് ടാങ്കർ ലോറികളടക്കമുള്ള ഭീമൻ വാഹനങ്ങൾ വിതച്ച അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
ഭീമൻ വാഹനങ്ങളുടെ അമിത വേഗതയാണ് അപകടങ്ങളിലെ പ്രധാന വില്ലൻ. പോക്കറ്റ് റോഡുകളിൽനിന്ന് നിയന്ത്രണങ്ങളില്ലാതെ വാഹനങ്ങൾ കടന്നുകയറുന്നതും അപകടത്തിന് നിമിത്തമാകുന്നു. പാതയോരത്ത് മണിക്കൂറുകളോളം വാഹനങ്ങൾ നിരയായി പാർക്കിങ്ങിന് ഉപയോഗപ്പെടുത്തുന്നതും അപകടങ്ങൾ വിതക്കുന്നു. രാത്രികാലങ്ങളിൽ അപകടങ്ങളിൽപെടുന്നത് മിക്കതും അന്തർ സംസ്ഥാനങ്ങളിൽനിന്നുള്ള ചരക്കു ലോറികളാണ്.
ഉറക്കമൊഴിച്ചുള്ള ദീർഘദൂര ഡ്രൈവിങ്ങും മദ്യപാനവുമാണ് അപകടങ്ങളുടെ മുഖ്യകാരണങ്ങളാകുന്നത്. അമിത വേഗത്തിലോടുന്ന വാഹനങ്ങളെ പിടികൂടുന്നതിനായി നിരവധി കാമറകൾ ഈ മേഖലകളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടം കുറക്കുന്നതിന് ഉപയുക്തമായിട്ടില്ല. 135 കോടിയിലേറെ രൂപ ചെലവഴിച്ച് നിർമിച്ച പാതയിൽ വിളക്കില്ലാത്തതും ഉള്ളവിളക്കുകൾ കത്താത്തതും അപകടത്തിന് ആക്കംകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.