പഴയങ്ങാടി: ജൂത വംശത്തിന്റെ തിരുശേഷിപ്പുകൾ തേടി അമേരിക്കൻ കുടിയേറ്റക്കാരായ ഫ്രാങ്കും ഭാര്യ ലിൻഡയും കൂട്ടുകാരി മെലനിയും മാടായിപ്പാറയിലെത്തി. കോഴിക്കോട്ടെ കമ്യൂണിറ്റി ടൂറിസം പ്രോജക്ടിന്റെ സഹായത്തോടെയാണ് സാമൂഹ്യ പ്രവർത്തകരായ മൂവരും മാടായിപ്പാറ സന്ദർശനത്തിനെത്തിയത്. ലിൻഡ ചിത്രകാരിയാണ്. മെലിന അമേരിക്കയിലെ ഇന്ത്യാന യൂനിവേഴ്സിറ്റിയിൽ ലൈബ്രറിയുടെ ചുമതല വഹിക്കുന്നു. ആദ്യമായാണ് ഇവർ ഇന്ത്യയിലെത്തുന്നത്.
രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കയിലെത്തിയതാണ് ഇവരുടെ കുടുംബം. കുടുംബാംഗങ്ങളിൽ പലരും ഹിറ്റ്ലറുടെ കോൺസൺ ട്രേഷൻ ക്യാമ്പുകളിൽ കൊല ചെയ്യപ്പെടുകയുണ്ടായി. എ.ഡി. നാലാം നൂറ്റാണ്ടോടെയാണ് യമനിൽ നിന്നും ജൂതർ മാടായിയിലെത്തിയത് എന്നാണ് ചരിത്ര നിരീക്ഷണം. പോർചുഗീസുകാരുടെ വരവോടെ ഇവരുടെ വാണിജ്യ സാധ്യതകൾ അസ്തമിച്ചു. ജൂതരുടെ ജീവിതത്തിന്റെ അവശേഷിപ്പുകൾ മാടായിയിൽ നിന്നും കണ്ടെടുക്കുകയുണ്ടായി.
ജൂതൻമാരുടെ ചരിത്രശേഷിപ്പുകളായി മാടായിപ്പാറക്ക് ജൂതക്കുളവും ജൂതക്കിണറുമുണ്ട്. മാടായിപ്പാറയിൽ സഞ്ചാരികളെ ആകർഷിക്കുന്നവയാണ് ജൂത തിരുശേഷിപ്പുകൾ. പ്രാർഥന ഗാനങ്ങൾ ആലപിച്ചാണ് മൂവരും തങ്ങളടെ പൂർവികരുടെ സ്മരണ പുതുക്കിയത്. ചിത്രകാരനും ശിൽപിയുമായ കെ.കെ.ആർ. വെങ്ങര, ഗോവിന്ദൻ മണ്ടൂർ, ഷാജി മാടായി, ശ്രീജിത് വെള്ളൂർ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. കെ.കെ.ആർ. വെങ്ങര വരച്ച മാടായിപ്പാറയുടെ ചിത്രം സഞ്ചാരികൾക്ക് ഉപഹാരമായി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.