മാട്ടൂൽ പഞ്ചായത്ത് ഓഫീസ് ജനൽ ചില്ല് തകർത്ത നിലയിൽ

മാട്ടൂൽ പഞ്ചായത്ത് ഓഫിസിൽ ജീവനക്കാർക്ക് മർദനം; ജനൽചില്ല് അടിച്ചുതകർത്തു

പഴയങ്ങാടി: മാട്ടൂൽ പഞ്ചായത്ത് ഓഫിസിൽ വനിതയടക്കമുള്ള മൂന്ന് ജീവനക്കാരെ മർദിക്കുകയും ഓഫിസിന്റെ ജനൽചില്ല് അടിച്ചു തകർക്കുകയും ചെയ്തു. ഓഫിസിൽ കയറിയ യുവാവിന്റെ മർദനത്തിൽ പരിക്കേറ്റ സീനിയർ ക്ലർക്ക് പി.ആർ. ശ്രീജിത്ത്, അക്കൗണ്ടന്റ് പി. സത്യൻ, ഹെഡ് ക്ലർക്ക് വി. ശ്രീവിദ്യ എന്നിവർ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മാട്ടൂൽ നോർത്ത് കാവിലെ പറമ്പിലെ കെ.കെ. മുഫീദിനെതിരെ ജീവനക്കാർ പഴയങ്ങാടി പൊലീസിൽ പരാതി നൽകി.

ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. മാട്ടൂൽ നോർത്ത് എ.സി കോളനി -വണ്ണാത്തി റോഡ് നിർമാണവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തി പരാതി ഉന്നയിച്ചിരുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലം റോഡിൽ ഉൾപ്പെട്ടുവെന്നായിരുന്നു പരാതി. തുടർന്ന് പഞ്ചായത്ത് അധികൃതരും സ്ഥലമുടമയും സംസാരിച്ച് ധാരണയാവുകയും സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് റോഡ് നിർമാണത്തിനായിട്ട മണ്ണ് പഞ്ചായത്ത് നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫിസിൽ കയറിയ യുവാവ് വൈസ് പ്രസിഡന്റിനോട് സംസാരിച്ചുകൊണ്ടിരിക്കെ ക്ഷുഭിതനാവുകയും ചോദ്യം ചെയ്ത ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു. തുടർന്ന് പുറത്തിറങ്ങിയ ഇയാൾ ഓഫിസിന്റെ ജനൽ ചില്ല് അടിച്ചുതകർക്കുകയും ചെയ്തു.

പഞ്ചായത്ത്‌ ഓഫിസിൽ അതിക്രമിച്ചുകടക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ഓഫിസ് ജനൽ ചില്ല് തകർക്കുകയും ചെയ്ത സംഭവത്തിൽ മാട്ടൂൽ പഞ്ചായത്ത്‌ ഭരണസമിതി അടിയന്തര യോഗം പ്രതിഷേധിച്ചു. കുറ്റവാളിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ, വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂൽ, സി. അശോകൻ, ഷംജി മാട്ടൂൽ, കെ.കെ. അനസ്, ടി. ജയൻ, പി.പി. ശ്രീജ, ശ്രീവിദ്യ, പി. സത്യൻ തുടങ്ങിയവർ സംസാരിച്ചു.

കുറ്റവാളിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്‍ലിം യൂത്ത് ലീഗ് മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നബീൽ അബൂബക്കർ, ഷബീർ മടക്കര, ഹാരിസ് മാട്ടൂൽ, സകരിയ, ജസീം തെക്കുമ്പാട്, നവാസ് മാട്ടൂൽ, അഫ്സൽ, നദീർ, സഫീർ നോർത്ത്, നദീർ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Employees harassed at Matool panchayat office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.