പഴയങ്ങാടി: മാടായിപ്പാറക്ക് നീലവർണമേകി കാക്കപ്പൂവിന്റെ വൻസാന്നിധ്യം. പതിവിൽനിന്നു വ്യത്യസ്തമായി ഇക്കുറി നീലപ്പൂവുകൾ വിരിഞ്ഞുവിടർന്നത് ഒരു മാസത്തോളം നേരത്തെ. ഇരപിടിയൻ സസ്യം കൂടിയാണ് നീലപ്പൂവുകൾ. മറ്റൊരു ഇരപിടിയൻ പ്രാണിഭോജി സസ്യമായ ഡ്രോസിറ ഇൻഡിക്ക വ്യാപകമായി കാണപ്പെടുന്ന ചെങ്കൽക്കുന്നാണ് മാടായിപ്പാറ. ഋതുഭേദങ്ങൾക്കനുസരിച്ച് വർണം പുതക്കുന്ന പ്രകൃതിരമണീയമായ മാടായിപ്പാറയിൽ നീലപ്പൂവുകളുടെ ഏഴിനങ്ങൾ ഉണ്ടെന്നാണ് പഠനം.
മൺസൂൺ കാലത്തോടെ ഹരിത നിറമണിയുന്ന മാടായിപ്പാറ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ഡൈമേറിയ പുല്ലുകളുടെ സ്വർണവർണം പുതച്ചു നിൽക്കുന്നു. അപൂർവയിനം സസ്യങ്ങളുടെ ജൈവ വൈവിധ്യ കേന്ദ്രമാണ് മാടായിപ്പാറ. 1200ഓളം ഇനം സസ്യസാന്നിധ്യമുള്ള ജില്ലയിൽ 675 ഇനം മാടായിപ്പാറയിലുണ്ട്. ഇതിൽ 164 എണ്ണം ഇവിടെ മാത്രമുള്ളതും ഒമ്പതിനങ്ങൾ പശ്ചിമഘട്ടത്തിലുള്ളവയുമാണ്. റൊട്ടാറിയ മലബാറിക്ക, നിംഫോസിസ് കൃഷ്ണ കേസര, ലെപിഡാഗത്തിലം കേരളൻസിസ്, ഏറിയോ കുലാൺ മാടായി പാറൻസിസ്, ലിൻഡർണിയ മാടായി പാറൻസിസ്, കോഎലാചിൻ മാടായിൻസിസ്, പാറസോപുബിയ ഹോഫ്മന്നി, ജസ്റ്റീഷ്യ ഏക കുസുമ തുടങ്ങി 11 ഇനം സസ്യങ്ങൾ മാടായിപ്പാറയാണ് സസ്യലോകത്തിനു സമ്മാനിച്ചത്.
സംസ്ഥാനത്ത് കണ്ടെത്തിയ 326 ഇനം ചിത്രശലഭങ്ങളിൽ 156 ഇനം ശലഭങ്ങളും മാടായിപ്പാറയിലുണ്ട്. 180 ഇനം തുമ്പികളുടെ സാന്നിധ്യമുള്ള സംസ്ഥാനത്ത് 60 ഇനം തുമ്പികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. തവള, ഉരഗ വിഭാഗങ്ങളിലും വിവിധ ഇനങ്ങളും അപൂർവ ഇനങ്ങളും മാടായിപ്പാറയിലുണ്ടെന്നാണ് പഠനം. 258 ഇനം പക്ഷികളുടെ സാന്നിധ്യമുള്ള മാടായിപ്പാറയിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നടക്കം 110 ഇനം പക്ഷികൾ പറന്നെത്തുന്നു. വേനലിലും വറ്റാത്ത വടുകുന്ദ തടാകവും ചരിത്രത്തിന്റെ തിരുശേഷിപ്പുകളായ ജൂതക്കുളവും ടിപ്പുവിന്റെ പടയോട്ടവുമായി ബന്ധപ്പെട്ട ശേഷിപ്പുകളുംകൊണ്ട് ശ്രദ്ധേയമാണ് മാടായിപ്പാറ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.